വെറുതെ ഇരുന്നപ്പോൾ അല്പം ചെറുപയർ പരിപ്പ് പ്രഥമൻ കഴിക്കാൻ ഉള്ളിലൊരാശ തോന്നി സീതയ്ക്ക് ‘ആഗ്രഹങ്ങളാണല്ലോ സകല ദുഃഖത്തിൻ്റെയും മൂലഹേതു. ഒരല്പം പായസം വിശേഷദിവസങ്ങളിലേ കഴിക്കാവൂ എന്നൊന്നും ഇല്ലല്ലോ. ഇനി ചിലപ്പോ വിശേഷ ദിവസം വരുമ്പോഴേക്കും താൻ ഇല്ലാതായാലോ ഓർത്തപ്പോ തന്നെ പ്രഥമ നുണ്ടാക്കാനുള്ള പുറപ്പാട് തുടങ്ങി.


വിഷുവിന് വാങ്ങി കുപ്പിയിൽ സൂക്ഷിച്ച ചെറുപയർ പരിപ്പെടുത്ത് വറുത്തു വേവിക്കാൻ വച്ചു. കൂടെ ഒരു പിടി ഉണങ്ങല്ലരിയും , അനുധാവനങ്ങളെല്ലാം പ്രഥമൻ്റെ രുചിയോർത്ത് കൊതി കൊണ്ട് വേഗം തന്നെ എല്ലാം തയ്യാറാക്കി ഏറ്റവും വിഷമം പിടിച്ച തേങ്ങാപ്പാൽ പിഴിയൽ മിനിറ്റുകൾക്കുള്ളിൽ കഴിച്ചു . ഉരുളിയിലിരുന്ന് കുറുകിയ പ്രഥമൻ്റെ മണം മൂക്കിലടിച്ചപ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നുന്നു പറയാം.


പക്ഷേ ചെറുപ്പത്തിലേ അമ്മ ശീലിപ്പിച്ച ആ ദുഃശ്ശീലം കാരണം ഭർത്താവുദ്യോഗസ്ഥനെ കാത്തിരുന്നു. അദ്ദേഹത്തിന് കൊടുത്തു കഴിഞ്ഞ് കഴിക്കാം. എന്തു കൊടുത്താലും ആ മുഖം വിടരാറില്ല . എങ്കിലും ശീലിച്ചതേ പാലിക്കൂ എന്നൊരു നിലപാട്.. മാറ്റണം മാറ്റണം എന്ന് നിരവധി തവണ മനസ്സിൽ ഓർത്തെങ്കിലും നടന്നില്ല.
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അദ്ദേഹം എത്തി. പായസക്കൊതി മൂത്ത് വന്ന് കയറിയതും ഒരു ഗ്ലാസിൽ പ്രഥമനും പകർന്ന് ഒരു സ്പൂണും എടുത്ത് ഭർത്താവിൻ്റെ അരികിലേക്ക് ചെന്നു.


എന്താ ഇത്.?
അത് …… ഇത്തിരി പായസാണ്.
ആരുണ്ടാക്കിയതാ.?
താനാണെന്ന മട്ടിൽ ആഗ്യം കാട്ടി.
ഉം…. എന്താപ്പോ ഒരു വിശേഷം ?
ഹേയ് വിശേഷം ഒന്നൂല ‘ഒരു പൂതി തോന്നി.
ഫാ….. ചൂലേ ….അവളുടെ ഒരു വ്യാക്കൂൺ ….. എന്നു വച്ചാ എട്ടാം മാസം ഗർഭം അല്ലേ? കയ്യെടുത്ത് കവിൾ നോക്കി ഒറ്റ അടി ‘ പായസ ഗ്ലാസ് നിലത്തു വീണു ചിതറി.
അടി കിട്ടിയ വേദനയ്ക്കിടയിലും എന്തിനാണ് അടിച്ചതെന്നറിയാതെ ആ മുഖത്തേക്കു നോക്കി. അണപ്പല്ല് ഇളകി വായിൽ ചോര ചുവച്ചു.
നോക്കുന്നോടീ …… അപ്രത്തെ നിൻ്റെ മറ്റവന് ലോട്ടറി അടിച്ചതിന് പ്രഥമൻ വച്ച് ആഘോഷിച്ചതല്ലേടി…
ആർക്ക് ലോട്ടറി അടിച്ചു. എന്താ ഉണ്ടായത്…..?
ഓ… ഒന്നും അറിയില്ല ഒരു പുണ്യാളത്തി വന്നേക്കുന്ന് …… രണ്ടും കൂടി സഹോദര നാടകം നടത്തി ഇവിടെ അഴിഞ്ഞാടുന്നത് ആരും അറിയുന്നില്ലെന്നാണ് വിചാരം
ഓ അപ്പോ അതാണ്. ആരെ പറ്റിയാണ് പറയുന്നതെന്ന് അപ്പോഴാണ് മനസ്സിലായത് അമ്മയുടെ സഹോദരിയുടെ മകൻ സന്തോഷ്. ഒരു സഹായത്തിന് ഓടി എത്താറുണ്ട്. അതിനും നിറം കലർത്തി പറയുന്ന ഭർത്താവ് ‘ അവന് ലോട്ടറി അടിച്ചത് എപ്പോഴാണാവോ ?


ഒന്നും താൻ അറിഞ്ഞിട്ടും ഇല്ല . പായസക്കൊതി എല്ലാം തീർന്നു. രണ്ടു വേദനയും അല്പം ശമിക്കാനായി അടുക്കളയിൽ പോയി കുറേ ചെറിയ ഉള്ളി നന്നാക്കി തിയ്യലിന് അരിഞ്ഞു വച്ചു. കണ്ണിൻ്റെ നീറ്റൽ കൊണ്ട് മറ്റുള്ള വേദനയെ അല്പ നേരത്തേക്ക് മാറ്റി.
പിന്നീട് പായസ ഉരുളിക്കരുകിലേക്ക് നീങ്ങി ഒരല്പം പകർന്നെടുത്ത് രുചിക്കാനാഞ്ഞപ്പോഴേക്കും ഭർത്താവ് പാഞ്ഞെത്തി ഉരുളിയോടെ എടുത്ത് പുറത്തേക്ക് എറിഞ്ഞു. പകർന്നെടുത്ത ബൗൾ തട്ടി തെറിപ്പിച്ചു.
ഒന്നും മിണ്ടാതെ തെറിച്ചു വീണ പായസം തറയിൽ നിന്നും തുടച്ചു വൃത്തിയാക്കി , അടുക്കളയിലെ വെളിച്ചം കെടുത്തി മുറിയിൽ പോയി കിടന്നു. ഉരുളി പട്ടിയും പൂച്ചയും നക്കുമായിരിക്കും. അവരെങ്കിലും സന്തോഷിക്കട്ടെ. കണ്ണും അടച്ച് കിടന്നു.
ഒരല്പം കഴിഞ്ഞ് ഭർത്താവിന് ഒരു ഫോൺ വിളി വരുന്നതും എടുത്ത് സംസാരിക്കുന്നതും അറിയുന്നുണ്ടായിരുന്നു.


ങേ….. ആ സന്തോഷിനാണോ ? എത്ര അടിച്ചു…. ഒരു കോടിയോ? ഇത്രേം കേട്ടു.
തൊട്ടടുത്ത നിമിഷം മുറിയിൽ കാൽപ്പെരുമാറ്റം കേട്ടു ‘ ……അതു പിന്നെ സീതേ ഒരു സന്തോഷ വാർത്തയുണ്ട് ലോട്ടറി അടിച്ചത് നിൻ്റെ സഹോ സന്തോഷിനല്ല എൻ്റെ അനിയൻ സന്തോഷിനാണ്. നീ എന്നോടു ക്ഷമിക്കണം.
പറഞ്ഞു തീർന്നതും കട്ടിലിനു സമീപത്തെ മേശയിൽ ഇരുന്ന ഫ്ലവർ വേസ് എടുത്ത് ഒറ്റ
ഏറായിരുന്നു.
ശേഷം ഭാഗം …….. ഊഹങ്ങളിൽ ..

By ivayana