രചന : മംഗളാനന്ദൻ✍
ജീവിതം പോലെയീ മണ്ണിലൊഴുകുന്ന
ജീവന്റെ ഭാവുകം പേറും നദികളീ-
കാനനച്ചോലയിൽ നിന്നു കുളിരുമായ്
വേനലിലെത്തി പുളിനങ്ങൾ പുൽകവേ,
തൊട്ടറിയുന്നു തീരത്തെ ചൊരിമണൽ-
ത്തിട്ടയിൽ പണ്ടു പതിഞ്ഞ കാല്പാടുകൾ.
ഞാനെന്റെ കൗമാരകൗതൂഹലത്തിലീ-
തീരങ്ങൾ തോറുമലഞ്ഞു നടന്നതും
കാട്ടരുവിതന്നുറവിടം തേടിയെൻ
കൂട്ടുകാരൊത്തു പിന്നോട്ടു നടന്നതും
ഞാനറിഞ്ഞന്നു, പ്രകൃതിനിയമങ്ങൾ
മാനവകൗശലത്തിന്നുമുപരിയാം.
മാമലകൾക്കുമേലെത്തിയ കാർമുകിൽ-
ക്കാമനകൾ സ്വപ്നഭൂമി തിരഞ്ഞതും
മാരിവില്ലിന്റെ രഥമേറി ഭൂമിയിൽ
മാരിയായെത്തി കുളിരു ചൊരിഞ്ഞതും,
മഞ്ഞുരുകുന്ന വിഭാതങ്ങളിൽ പലേ
കുഞ്ഞു നീർച്ചാലുകൾ രൂപപ്പെടുന്നതും
ആരവമോടെ കളിച്ചുല്ലസിച്ചവർ
നീരിന്നുറവകളായി മാറുന്നതും
ചാടിത്തിമിർത്തോടിയെത്തിയിടനാട്ടിൽ
ആടിക്കളിച്ചു കിതപ്പകറ്റുന്നതൂം
പിന്നെയീത്തീരഭൂവിന്റെ സിരകളിൽ
വന്നു കടലിൻ മടിയിലൊളിപ്പതും
കണ്ടവർ നാം, ഗതകാലത്തിൻ നന്മകൾ-
ക്കുണ്ടായിരുന്നൊരു താളവും ഭംഗിയും.
ഇന്നു നാം, കാണുന്ന കാടും മലകളും
ഖിന്നതപൂണ്ട പേക്കോലങ്ങൾ പോലെയായ്.
വേനൽ കടുക്കുന്നു, കാട്ടുതീനാവുകൾ
കാനനഭംഗി കവർന്നു ഭുജിക്കയായ്.
ഉർവ്വിലേക്കു കാരുണ്യമൊഴുക്കാതെ
പർവ്വതശൃംഗങ്ങൾ പോലും നിസ്സംഗരായ്.
മർത്ത്യന്റെയുള്ളിലുറവകൾ വറ്റുന്നു,
ചിത്തം കരുണ ചുരത്താതിരിക്കുന്നു.
കള്ളികൾ പൂത്ത മണം വരുന്നു, വിഷ-
മുള്ളുകൾ പിന്നിലൊളിഞ്ഞു കിടക്കുന്നു.
കുറ്റവിചാരണ ചെയ്യുവാനന്യന്റെ
തെറ്റുകൾ തേടി നടക്കുമൊരു കൂട്ടർ .
സ്പർദ്ധകളെന്നും വളരുന്ന ഭൂമിയിൽ
യുദ്ധമൊരിക്കലും തീരാതിരിക്കുന്നു.
എങ്കിലുമേതോ പെരുമഴക്കാലമീ
സങ്കടം മായുമെന്നാശിച്ചിടുന്നു നാം!