ചേട്ടാ, നമസ്കാരം, ക്ഷമിക്കുക. എനിക്ക് അയച്ചു തന്ന മേല്‍ സന്ദേശത്തിലെ ഒരു ആശയത്തോട് ഒരു വിയോജിപ്പ് തോന്നി. അറിയിക്കട്ടെ.
സഭ്യമല്ല എങ്കില്‍ ക്ഷമിക്കുക. നടന്ന ഒരു സംഭവമാണ്. തന്നോട് വഴക്കടിച്ച യാത്രക്കാരനെ KSRTC കണ്ടക്ടര്‍ സിങ്കില്‍ ബല്ലടിച്ചു ബസ്സ് നിര്‍ത്തി ഇറക്കി വിട്ടു. ആത്മാഭിമാനത്തില്‍ മുറിവേറ്റ യാത്രക്കാരന്‍ പ്രകോപിതനായി സ്വന്തം മുണ്ട് പൊക്കി കാണിച്ചു തന്റെ കലി തീര്‍ത്തു. അത് കണ്ട കണ്ടക്ട്ടര്‍ക്ക് സഹിക്കാനായില്ല.

അയാള്‍ക്കും തോന്നി മുണ്ട് പൊക്കി കാണിക്കാന്‍. പക്ഷേ നിവൃത്തിയില്ലല്ലോ, പാന്റ്സ് ആണ് താന്‍ ഇട്ടിരിക്കുന്നത്. പക്ഷെ അഭിമാന ക്ഷതത്തിനു പരിഹാരം വേണമല്ലോ? കണ്ടകറ്റര്‍ ഉടനെ തന്നെ ബസ്സില്‍ മുണ്ടും മടക്കിക്കുത്തി നിന്നിരുന്ന മറ്റൊരു യാത്രക്കാരന്റെ മുണ്ട് പൊക്കിക്കാണിച്ചു തന്റെ അരിശം തീര്‍ത്തു. (ഇത് കണ്ടു നിന്ന ആ ബസ്സിലെ ചെക്കര്‍ പറഞ്ഞ സംഭവമാണ്.)


“ബലിദാനം ശരിക്കും ഒരു ത്യാഗം തന്നെയാണ്. വേദനയില്ലാത്ത ത്യാഗമില്ലല്ലോ? സ്നേഹിച്ചു വളർത്തിയ ഒരു ബലി മൃഗത്തെ വേദനയോടെ അല്ലാതെ ആർക്കാണ് ദാനമായി നൽകാൻ കഴിയുക.”
അങ്ങയുടെ ഈ വാക്യമാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അത് വായിച്ചപ്പോള്‍ മേല്‍ സംഭവമാണ് എനിക്ക് ഓര്‍മ വന്നത്. വേദന അനുഭവിച്ചു ആനന്ദിക്കണമെങ്കില്‍ അത് സ്വന്തം ശരീരം നല്‍കി വേണം. സ്വയം ആനന്ദിക്കാന്‍ മറ്റൊരു ജീവിയുടെ വേദനയെ ബലിയായി നല്‍കുന്നത് മനുഷ്യ കേന്ദ്രിതമായ സാഡിസം തന്നെയല്ലേ? ഓരോ ജീവികളിലും അവയില്‍ ലീനമായ മൂല്യം ആണുള്ളത്. അത് ചോദ്യം ചെയ്യുവാന്‍ മറ്റൊരു ജീവിക്കും അവകാശമില്ല.


സ്വന്തം ഭക്ഷണത്തിനായി ഒരുവന്‍ മറ്റൊരു ജീവിയെ കൊല്ലുന്നതും തിന്നുന്നതും പോലും നമുക്ക് ന്യായീകരിക്കാനാകും. എന്നാല്‍ തന്റെ ആനന്ദത്തിനായി മറ്റൊരു (അത് സ്വന്തം മൃഗം എന്ന ലേബലില്‍ ആയാല്‍ പോലും) ജീവിയുടെ വേദനയെ ബലിയാക്കുന്നത് സാഡിസമാണ്. അതിനെ ത്യാഗമെന്നു ഗണിക്കാന്‍ ബുദ്ധിമുട്ടാണ്.
എല്ലാ മതങ്ങളും ഏറെക്കുറെ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. എന്റെ വിയോജിപ്പ് മതാചാരത്തോടല്ല, ആചാരത്തിന്റെ പേരില്‍ ചെയ്യുന്ന മനുഷ്യ കേന്ദ്രിത സാഡിസത്തോടാണ്. അങ്ങ് വെജിറ്റേറിയന്‍ ആകണം എന്നൊന്നും ഞാന്‍ പറയില്ല. വിശപ്പുള്ളപ്പോള്‍ മാംസമാണ് ഉള്ളതെങ്കില്‍ അത് കഴിച്ചോളൂ. അതില്‍ പാപ പുണ്യങ്ങള്‍ ഇല്ല. എന്നാല്‍ ബലിയെന്ന പേരില്‍ അന്യരെ ദ്രോഹിക്കുന്ന കര്‍മത്തിലെ പാപം നമ്മുടെ കുലം നിലനില്‍ക്കുവോളം വിട്ടു പോകില്ല.
ഒരു വിചിന്തനം അഭ്യര്‍ത്ഥിക്കുന്നു.

സന്തോഷ് ഒളിമ്പസ്

By ivayana