അച്ഛനെ അച്ഛനെന്നു വിളിക്കാനാവാത്ത മക്കൾക്കായി ഒരു കവിത.

അയൽപക്കത്തു നിന്നാണോ
ആർത്തലക്കുന്നു, മാരണം
മരണം തന്നെ,യിദ്ദേഹം
വിളിക്കാതെത്തിടുന്നൊരാൾ.

പുഷ്കരച്ചേട്ടനെച്ചുറ്റി
മക്കളും മരുമക്കളും
ആർത്തു കേഴുന്നു, മുറ്റത്തായ്
പന്തൽ തീർക്കുന്നൊരാരവം.

‘കോളു’ പായുന്നു, ബന്ധുക്കൾ-
ക്കാളു പോകേണ്ട വന്നിടും
ദൂരമൊക്കെയകറ്റുന്നോ
രായുധം കൈവശം സുഖം!

പുഷ്കരേട്ടൻ ചിരിച്ചെന്തോ
ഉറ്റുനോക്കുന്നു, തന്നെയോ?
തീർച്ച നോവുന്നതെന്താണോ
ഒച്ച കേൾക്കാതെ കേണയാൾ.

ചന്ദനം,ദർഭ, ചെത്തിപ്പൂ-
വൊക്കെയും, തന്ത്രിയും റഡി
ഈറനോടെത്തിടും മക്കൾ
ഊഴവും കാത്തു നില്പിതാ.

തന്ത്രി താരാട്ടു പടുമ്പോൽ
മന്ത്രമോതുന്നു, മുൻപിലായ്
മുട്ടുകുത്തുന്ന പുത്രന്മാർ
കർമ്മമെത്തിച്ചു തൃപ്തരായ്.

ഇന്നു വേഗത്തിലാത്മാവീ-
മണ്ണിനെ വിട്ടു പോകണം
നിന്നു മോങ്ങാതെയെങ്ങാനും
തങ്ങി നിൽക്കൊല്ല ദൈവമേ!

പട്ടടക്കൂട്ടിലെത്തിക്കാ-
നൊത്തു മക്കളുയർത്തിടേ,
കത്തലുള്ളിലടിക്കെങ്ങോ
കെട്ടുപോവാതെ നീറ്റവേ,

വന്ന നേരിന്റെ തേട്ടലിൽ-
ത്തന്നിലെത്തേങ്ങൽ തള്ളിയോ?
പുഷ്കരച്ചേട്ടനെത്താങ്ങാ-
നുൽക്കടം മുന്നിലാഞ്ഞയാൾ.

ഇല്ല; ലോകം ചലിക്കുമ്പോൾ
ഫുല്ലമാവാത്ത നേരിനെ
തന്നിലേക്കങ്ങു താഴ്ത്താനായ്
മുന്നിലാളുന്നു പട്ടട!

ഷാജി നായരമ്പലം

By ivayana