രചന : ബിന്ദു അരുവിപ്പുറം ✍
ഇനിയുമൊരു ജന്മമുണ്ടെങ്കിലീ ഭൂവിലൊരു
പെണ്ണായ് പിറക്കണമെന്നതാണാഗ്രഹം.
അകതാരിലതിരറ്റ സ്നേഹം നിറച്ചുകൊ-
ണ്ടീമോഹപുളിനത്തിലലകളായ് തീരണം.
കാഴ്ച്ചകളൊക്കെയുമാസ്വദിച്ചീമണ്ണി-
ലാവണിത്തെന്നലായെങ്ങുമെത്തീടണം.
കൊഞ്ചലോടെപ്പൊഴും പാറിപ്പറക്കുവാ-
നന്നുമെന്നച്ഛന്റെ പുത്രിയായീടണം.
വാത്സല്യമധുരം ചുരത്തുമെന്നമ്മത-
ന്മാറത്തു സ്വപ്നങ്ങളിൽ മയങ്ങിടണം.
താരാട്ടുപാട്ടിൻ്റെയീണത്തിലാടിടു-
ന്നേരമെന്നമ്മയെ നോക്കിച്ചിരിക്കണം.
ഞൊറിയിട്ട ചേലയുടുത്തൊരുങ്ങീടണം
നെറ്റിയിൽ ചന്ദനപ്പൊട്ടൊന്നു ചാർത്തണം.
ജീവിതത്തോണി തുഴഞ്ഞിടുന്നേരത്ത്
കൂട്ടിനായ് മാരനെൻ കൂടെയുണ്ടാവണം.
മക്കളെ പോറ്റി വളർത്തുന്നൊരമ്മയായ്
സ്നേഹവർണ്ണങ്ങൾ വിതയ്ക്കണമെപ്പൊഴും.
കടലുപോലിളകുന്ന മനമതാണെങ്കിലും
അധരത്തിലൊരു മന്ദഹാസം വിരിയ്ക്കണം.
താങ്ങും തണലുമായ് നേർവഴി കാട്ടിടും
നാഥയായെൻ കുടുംബത്തിൽ തിളങ്ങണം.
അകതാരിൽ വിങ്ങും വികാരങ്ങളൊക്കയു-
മക്ഷരപ്പൂക്കളായ് മെല്ലെയുണർത്തണം!