മരണമേ നിനക്ക് മരണമുണ്ട്.
ഞാന്‍ ജനിച്ചനാള്‍മുതല്‍ നീയെൻ
നിഴലാകുന്നു.
എൻ തലോടലിൻ നിശ്വാസമാം
മരണമേ നിനക്ക് മരണമുണ്ട്.

പേറ്റുനോവേറ്റ് നിണനിറം പേറി-
അലറിക്കരഞ്ഞു കൊള്ളിയാനായ
മരണമേ നിനക്ക് മരണമുണ്ട്.
സ്തനംചുരത്തിയ ക്ഷീരം നുകർന്നു,
വാളേന്തി മതഭ്രാന്തിൽ
കറുത്ത പകലിനെ ഉലകൂട്ടി-
തീകാച്ചിയെടുത്ത ഉറങ്ങാത്ത രാവിൻ
മരവിച്ച മനസാം –
മരണമേ നിനക്ക് മരണമുണ്ട്.

പ്രണയം കൊഴിയും വീഥിയില്‍
തണല്‍ക്കാറ്റ് വീശി കൊഴിഞ്ഞില-
മര്‍മ്മര നിശ്വാസം,
പോയകാല ബാല്യ വളപ്പൊട്ടിന്‍, നിണപ്പാടുകളില്‍ രമിക്കും
മരണമേ നിനക്ക് മരണമുണ്ട്..
.
നാഗസംഭോഗ ഗന്ധര്‍വയാമങ്ങളില്‍,
ഇന്ദ്രഭോഗം സോമരസം ചുരത്തും
ഉര്‍വശീനടന വേളയില്‍ നിഴലാം
മരണമേ നിനക്ക് മരണമുണ്ട്.
പച്ചമാംസത്തിൻ കൊതിയൂറും –
ദംഷ്ടയില്‍ കോര്‍ത്ത ബാല്യങ്ങളില്‍
വിഷംചീറ്റും കാമനരാധമ ചിന്തയില്‍ –
ഉച്ചയുടെ പച്ചയാം ചൂടിന്‍റെ-
അഗ്നികാളും നിമിഷസുഖമേന്തുംമരണമേ നിനക്ക് മരണമുണ്ട്.

കത്തിയാളും മഞ്ഞില്‍ മരവിച്ച,
കൊറ്റ്കാത്ത് ഒരു സ്നേഹം കാത്ത
ജീവിതന്ത്യങ്ങള്‍ മാതൃ വിലാപങ്ങളാക്കിയ,
യുവത്വത്തിന്‍ തണലിലുറങ്ങും
മരണമേ നിനക്ക് മരണമുണ്ട്.

പ്രണയം ശിശിരമഞ്ഞായ് ഒഴുകും-
വീഥിയില്‍ നീ ഒരു ചാരനായ്
ഞാന്‍ ജനിച്ച നാള്‍മുതല്‍ നീയൊരു –
യമ താളാമായി പെയ്തിറങ്ങും
കൊറോണയായി
പ്രളയമായി അഗ്നിയായി പിന്നെ
സൂര്യതാപാഗ്നിയായി കാറ്റായി
ചത കാര്‍ന്നുതിന്നും വ്യാധിയായി
മഹാ മാരിയാകുന്ന നീ.

എന്‍റെ ജന്മംകൊണ്ട് മാത്രം ജനിച്ച എന്‍റെ
മരണമേ നിനക്ക് മരണമുണ്ട്.
മരണമേ ഞാന്‍ മരിക്കുവരെമാത്രം-
ആയുസ്സുള്ള വെറുമൊരു കോമാളിയാണ് നീ …
മരണമേ നിനക്ക് മരണമുണ്ട്..

അനിൽ പി ശിവശക്തി

By ivayana