രചന : മധു നമ്പ്യാർ, മാതമംഗലം ✍
എല്ലാ ഞായറാഴ്ചകളിലും വീടും പരിസരവും വൃത്തി ആക്കുക പതിവായിരുന്നു.
പുറം വൃത്തിയാക്കി അകത്ത് വൃത്തിയാൾക്കുന്നിടയിലാണ് ശ്രീമതി കിച്ചണിൽ ഫിക്സ് ചെയ്തിരിക്കുന്ന വാൾ ടൈൽസിന്റെ കളർ ഫേഡ് ആവുന്നതിനെക്കുറിച്ച് വിഷമം പറയുന്നത്.
നിലത്ത് പാകിയ ടൈൽസിനു യാതൊരുകുറവും 10 വർഷം ആയിട്ടും സംഭവിച്ചിട്ടില്ല എന്ന് സ്വയം വീണ്ടു വിചാരം പോലെ പറയുന്നത് കേൾക്കാം.
ഹാളിൽ നിന്നും ഡൈനിംഗ് റൂമിന്റെ ഡോറിൽ ചാരി നിൽക്കുന്ന എന്നെ കണ്ട ഉടനെ, പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു, കേട്ടു എന്ന് മനസ്സിൽ ആക്കിയപ്പോൾ ഒരു ചെറിയ വട്ടം ഉള്ള സ്റ്റീൽ പ്ലേറ്റ് എടുത്തിട്ടു പറയുകയാണ് ഫ്രിഡ്ജിൽ വെച്ചിട്ട് അതിന്റെ വക്ക് പൊട്ടിപ്പോയി എന്ന് ഉള്ളിൽ വന്ന ചിരി അടക്കി വെക്കുവാൻ അവൾ ഇത്തിരി പാട് പെടുകയും ചെയ്തു.
ആരോ പറഞ്ഞത് പോലെ ” ചമ്മൽ ഈസ് ദി മങ്ങൽ ഓഫ് ദി ഫെസ് ആൻഡ് വിങ്ങൽ ഓഫ് ദി ഹെർട്ട് “
എന്ന ആ വികാരം ശ്രീമതിയുടെ മുഖത്ത് വ്യക്തമായി അനാവരണം ചെയ്യപ്പെട്ടു.
ഉം ഉം എന്ന് നീട്ടി മൂളിക്കൊണ്ട്, വിജയീ ഭാവത്തിൽ
പെൺ ബുദ്ധി പിൻ ബുദ്ധി, മിന്നുന്നതെല്ലാം പൊന്നല്ല
ഇതൊക്കെ പതിരില്ലാത്ത പഴമൊഴിയാണെന്നു ഇനിയും എന്നാണാവോ മനസ്സിൽ ആക്കുക..
വിധിയെ പഴിച്ചിട്ട് കാര്യം ഇല്ലല്ലോ.. അനുഭവിക്കുക തന്നെ.
നാടകത്തിൽ അഭിനയിച്ചുള്ള എന്റെ പരിചയം ഒട്ടും കുറക്കാതെ ഡയലോഗുകൾ മോഡുലേഷൻ കൂട്ടിയും കുറച്ചും പറഞ്ഞുകൊണ്ട്
ഞാനും എന്റെ ഭാഗം നന്നായി അഭിനയിച്ചു തീർത്തു.
“വെള്ളേമ്മേൽ പുള്ളിയുള്ള പാവാട എന്ന മണിയുടെ പാട്ട് മൂളിക്കൊണ്ട് ഞാൻ സിറ്റൗട്ടിലേക്കു നടന്നു.
പ്രതികരണത്തിന്റെ പകപ്പിൽ ശ്രീമതി വീണ്ടും എന്തെങ്കിലും ഒക്കെ പറയുകയോ പ്രതികരിക്കുകയോ, കൂടുതൽ അവൾ വിഷമിക്കുകയോ ചെയ്യേണ്ടാ എന്ന നയപരമായ നല്ല ഭർത്താവിന്റെ തീരുമാനം മാത്രമായി എന്റെ നടനവൈഭവത്തെ കണ്ടാൽ മതി….
…..
വീട് പണിയുടെ അവസാനം ഘട്ടം മാർച്ച് ഏപ്രിൽ മാസത്തിൽ മതി എന്ന് ശ്രീമതി ആണ് പറഞ്ഞത്. സ്കൂൾ വെക്കേഷൻ ആയാൽ ഇഷ്ടം പോലെ സമയം എടുത്ത് സമാധാനമായിട്ട് ടൈൽസ് ബാത്റൂം ഫിറ്റിംഗ്സ് തുടങ്ങിയ ഇന്റീരിയർ കാര്യങ്ങൾ എല്ലാം സെലക്ട് ചെയ്യാം,
അതായിരുന്നു അവളുടെ ആഗ്രഹം.
നല്ലത് തന്നെ എന്ന് ഞാനും തീരുമാനിച്ചു. മാർച്ച് മാസം പകുതിയോട് കൂടി എബിസി ഷോറൂമിൽ പോയി സുഹൃത്ത് സുനിലും ആയി ഒരു എകദേശ രൂപം ഉണ്ടാക്കി.
മാർച്ചിൽ ബാങ്ക് ലോൺ തിരിച്ചടവ് ചെയ്തു. വീണ്ടും അഡീഷണൽ ലോണും റെഡി അക്കി.
ആ സമയത്ത് ആണ് എബിസി ഇയർ ഏൻഡ് ഓഫർ വന്നത്. ഓഫർ മാർച്ച് 31 വരെ ഉള്ളൂ എന്ന് അറിഞ്ഞതിനാൽ നേരെ പോയി സുനിലിനെ കണ്ട് സാധനങ്ങൾ ബുക്ക് ചെയ്തു അഡ്വാൻസ് കൊടുത്തു വെച്ചിട്ട് ഏപ്രിൽ 10 നുള്ളിൽ ഫൈനലൈസ് ചെയ്യാം. അതുപ്രകാരം സാധനം ഡെലിവറി വിഷുവിനു മുമ്പ് ചെയ്താൽ മതി എന്നും പറഞ്ഞുറപ്പിച്ചു.
സുനിലിനോട് സ്വകാര്യം ശ്രീമതി വരുമ്പോൾ മൊത്തം വിലയും മറ്റു കാര്യങ്ങളും അൽപം പൊടിപ്പും തൊങ്ങലും ചേർത്തു പറയുവാൻ ശട്ടം കെട്ടി വെച്ചു.
ഏപ്രിൽ ആദ്യവാരം ശ്രീമതിയെയും കൂട്ടി എബിസി ഷോറൂമിൽ എത്തി. സുനിലിനെ കണ്ട ഉടനെ പറഞ്ഞത് പോലെ എല്ലാം ശരിയാക്കണേ എന്ന് പറഞ്ഞു..
തിരിഞ്ഞു ശ്രീമതിയെ നോക്കി ബില്ലിംഗ് ന്റെ കാര്യം ആണ് സൂചിപ്പിച്ചത്, ആവൻ വിചാരിച്ചാൽ സ്പെഷ്യൽ ഡിസ്‌കൗണ്ട് ശരിയാക്കി തരാൻ പറ്റും എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഒരു ചിരി എന്റെ മുഖത്ത് വിരിയിച്ചു.
നേരെ രണ്ടാമത്തെ നിലയിലേക്ക് ലക്ഷ്യം ആക്കി ലിഫ്റ്റിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അടുത്തു നിന്നസുന്ദരി ആയ ഒരു സെയിൽസ് ഗേൾ വന്നു സർ ഓഫർ സെക്ഷൻ അല്ലേ നോക്കുന്നത് എന്ന് ചോദിച്ചുകൊണ്ട്
വളരെ ഭവ്യതയിൽ ഒപ്പം ലിഫ്റ്റിലേക്ക്കയറുവാൻ ആംഗ്യവും കാണിച്ചു.
ശീതീകരിച്ച രണ്ടാമത്തെ നിലയിൽഎത്തിയപ്പോൾ നല്ല കുളിർ തോന്നി. ശ്രീമതിയുടെ മുഖത്ത് നല്ല പ്രസന്നതകണ്ടു. ടൈൽസിൽ നോക്കി ഞാൻ എന്റെ മുടിയിഴകളെ മെല്ലെ ഒന്ന് വിരൽ കൊണ്ട് ചീകി മിനുക്കി.
ടൈൽസ് ഡിസ്‌പ്ലെ ചെയ്തിരിക്കുന്നതിന്റെ എതിർ വശത്തു നിരത്തി വെച്ചിരിക്കുന്ന ബാത്ത് റൂം ഫിറ്റ്റിംഗിന്റെ ഓഫർ നോക്കി സെലക്ട് ചെയ്തു, ഫ്ലോർ ടൈൽസ് ഉം പറഞ്ഞു വെച്ചത് പോലെ തന്നെ ഫിക്സ് ചെയ്തു.
വാൾ ടൈൽസിന്റെ സെക്ഷനിൽ എത്തി
അവൾക്കിഷ്ടം ഉള്ള 4×2 അടി സൈസിൽ ഉള്ള ടൈൽസ് സെലക്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ അല്പം വില കുറവുള്ള അല്പം മാറി ഡിസ്‌പ്ലെ ചെയ്തിരിക്കുന്ന വെള്ളേൽ പുള്ളി പൂക്കൾ ഉള്ള ഡിസൈൻ ചൂണ്ടി കാണിച്ചിട്ട് അത് വാങ്ങിക്കാം ന്ന്..
പറഞ്ഞതെ ഉള്ളൂ
അന്നേരം അവൾ എന്റെ നേരെ ഒരു ചാട്ടം ചാടി.
ശ്രീജെന്റെ ചുരിദാർ ന്റെ കളറോ എന്ന്..
കണ്ടോണ്ടുരിക്കണം എന്ന് തോന്നുന്നുണ്ടോ ന്ന്. ഒന്നും കൂടി കടുപ്പിച്ചിട്ട് ഒരു ചോദ്യം കൂടി.
ഒന്നും പറഞ്ഞില്ല.സുനിലിന്റെ മുമ്പിൽ ഞാൻ ഒന്ന് ചൂളിപ്പോയി. സുനിൽ കല്യാണം കഴിച്ചിട്ട് കുറച്ചധികം നാളായത് കാരണം ഒന്ന് ചിരിച്ചു എന്നാക്കി മൗനം പാലിച്ചു..
കുറച്ചു ദൂരെ ആയി ഒരു ലേഡീ സ്റ്റാഫ് നല്ല ഭംഗിയുള്ള ട്രേയിൽ കൂൾഡ്രിങ്ക്സ് നൽകികൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
ശ്രീമതിയുടെ സംസാരം കെട്ടിട്ടാണോ എന്നറിയില്ല നേരെ എന്റെ അടുത്തേക്ക് വന്നിട്ട് സർ വെള്ളം എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ വീണ്ടും ഒന്ന് കൂടി ചൂളിപ്പോയി. ആകെ വിയർത്തു..
ചമ്മൽ മാറ്റാൻ ആയി ചിരിച്ചു കൊണ്ട് ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം എടുത്തു ഒറ്റവലിക്കു കുടിച്ചു ഗ്ലാസ് തിരികെ വെച്ചു.
മാഡം എന്ന് തിരിഞ്ഞു നിന്നു ചോദിച്ചപ്പോൾ വേണ്ടാ എന്ന് അവൾ അർത്ഥ ശങ്കയില്ലാതെ പറഞ്ഞത്
കേട്ടപ്പോൾ ഹോട് ആയിട്ട് ചായ കോഫി എടുക്കാം എന്ന് പറഞ്ഞപ്പോൾ അതും വേണ്ടാ എന്ന് അല്പം ഉറക്കെ അവൾ പറഞ്ഞത്
വെള്ളത്തിനെയോ , ചായയെയോ കാപ്പിയെയോ വെറുത്തിട്ടാണോ?അല്ല, എന്ന് എനിക്ക് അറിയാവുന്നതു പോലെ മറ്റാർക്ക് അറിയാനാണ്.
ഇഷ്ടം കൂടുമ്പോൾ മനസ്സിൽ നിറയുന്ന ഭ്രാന്ത് അല്ലാതെ മറ്റൊന്നും അല്ല.
എന്തൊരു ഓർമ്മ ആണ് ഈ പെണ്ണുങ്ങൾക്ക് എന്ന് അറിയോ.. മാസാമാസം ഉള്ള റേഷൻ, ഗ്യാസ് എലെക്ട്രിസിറ്റി ബിൽ ഇതൊന്നും ഓർമിച്ചു പറയുകയെ ഇല്ല.
പണ്ടെന്നോ ഭാര്യയുടെ കൂടെ ഹണീമൂണിന് ഊട്ടിയിൽ പോയപ്പോൾ വെള്ളെല് പുള്ളിയുള്ള ഒരു
ചുരിദാർ ഇട്ടിട്ടുള്ള ഒരു സുന്ദരി നടന്നു പോകുമ്പോൾ അവളുമായി സാദൃശ്യം ഉള്ള ശ്രീജയുടെ കാര്യം പറഞ്ഞു..
ബൊട്ടാണിക്കൽ ഗാർഡനിൽ എന്റെ മടിയിൽ തലയും വെച്ചു കിടന്നു കൊണ്ട് ഓരോന്നു
കുത്തി കുത്തി ചോദിച്ചപ്പോൾ ലോലഹൃദയമുള്ള എന്റെ മനസ്സിൽ നിന്നും.
ശ്രീജയും കോളേജ് ഉം പിന്നേ ഞാനും മാത്രമുള്ള ആ ലോകത്തെക്കുറിച്ച് ഇത്തിരി തള്ളും കൂട്ടി ഏതോ അഭിശപ്ത നിമിഷത്തിൽ പറഞ്ഞു പോയിനി.
അല്ലെങ്കിലും എനിക്ക് അന്നും ഇന്നും പൂക്കളോട് വലിയ ഇഷ്ടം ആയിരുന്നു.
നമ്പ്യാർ വട്ടം പൂവില്ലേ അതാണ് കൂടുതൽ ഇഷ്ടം.
മണിയറയിൽ ബെഡിൽ വിരിച്ചിട്ട വെള്ളയിൽ നിറയെ പൂക്കൾ ഉള്ള ബെഡ് ഷീറ്റ് ഊട്ടിയിൽ നിന്നും തിരിച്ചു വന്നതിൽ പിന്നേ ഞാൻ കണ്ടിട്ടില്ല.
സത്യത്തിൽ പിന്നീട് ഞാൻ അതിനെക്കുറിച്ച് ചോദിച്ചിട്ടില്ല..
ഹണീമൂൺ ഇനിയും കഴിഞ്ഞില്ലേ എന്ന് തിരിച്ചു ചോദിച്ചാലോ എന്ന് ഭയം തന്നെ ആയിരുന്നു ട്ടോ 😄