എന്തുകൊണ്ടോ
വളർത്തിയ മീൻ മുഴുവൻ
ചത്തു തുടങ്ങിയ ദിവസമാണ്
എന്റെ മീനുകൾക്കും ലോകാവസാനമുണ്ടെന്ന് ഞാനറിഞ്ഞത്.
ടാങ്കിന്റെ അടിയിൽ ശിഷ്ടമായ ബാക്കിഭക്ഷണം
ആർത്തിമൂത്തവരുടെ
അനധികൃതസമ്പാദ്യമാകാം.
ജലനിരപ്പിലെ വെള്ളപ്പാട
പത്രാസുകാരുടെ പൊങ്ങച്ചം പോലെ
വീർത്തുകിടക്കുന്നു.
ചത്ത മീനുകളെ തിന്നാൻ
താഴെ ഇഴഞ്ഞു നടക്കുന്ന ഞവണിക്കകൾ,
അനന്തരാവകാശികളില്ലാത്ത
അനാഥപ്രേതങ്ങളെ തേടിയെത്തിയ
കഴുകന്മാരെപ്പോലെ തോന്നിപ്പിച്ചു.
മീനുകൾക്കും
നരകവും സ്വർഗ്ഗവുമുണ്ടെന്നത് പുതിയ അറിവായിരുന്നു.
ഇല്ലേൽ ടാങ്കിൽ നിന്ന് ചാടിയ ചിലർ
കൃത്യമായി ബക്കറ്റിലെ വെള്ളത്തിൽ വീഴില്ലായിരുന്നു.
അല്ലാത്തവർ പുറത്തു മണ്ണിലും.
അങ്ങോട്ട് നോക്കൂ…
ആ മീനുകൾ ഒരുപാട് പാപം ചെയ്തിരിക്കുന്നു.
കണ്ടില്ലേ!
ജീവനോടെ കാക്കകൾ കൊത്തിപ്പറിച്ചു
പൊരിവെയിലിൽ വയറു പിളർന്ന് കിടക്കുന്നത്.
ചിലത് ഉരുമ്പരിച്ചു
പിടഞ്ഞു പിടഞ്ഞു
ഇഞ്ചിഞ്ചായി ഒടുങ്ങുന്നത്.
മരിച്ചുപോയ മീനുകൾക്കു വേണ്ടി ഞാനൊരു വേദപുസ്തകം തയ്യാറാക്കി.
അതിലെ ആദ്യപേജിൽ ഞാനെഴുതി:
“പൂച്ച തിന്നവർ
പുണ്യവാളൻമാരാകും.
പട്ടി തിന്നവർക്ക്
പാപമോക്ഷം കിട്ടിയിരിക്കുന്നു.
അവർക്ക് പുനർജന്മം ഉണ്ടാകില്ല.
ഇനിയും ജീവനോടെ അവശേഷിക്കുന്ന മീനുകളുണ്ടെങ്കിൽ
അവർ നാളെയുടെ വാഴ്ത്തപ്പെട്ടവരാകും.”
അപ്പോഴും
മുകളിൽ വന്ന് ചുണ്ടുപിളർത്തി
പ്രാർത്ഥിക്കുന്ന
ഒരു കൂട്ടം മീനുകൾക്ക്
ഒറ്റയടിക്ക് ശാപമോക്ഷം കൊടുക്കാൻ
ടാങ്കിനടിയിൽ ഞാനൊരു
ദ്വാരം ഉണ്ടാക്കി.
ഇനി പറ…
മീനുകൾക്കും ലോകാവസാനമില്ലേ?

By ivayana