രചന : ഗഫൂർ കൊടിഞ്ഞി.✍
പഠിച്ച പാഠശാലയുടെ
പടിപ്പുര കടന്നപ്പോൾ
പുതുമയെഴും ചിത്രങ്ങൾ..
പുലർകാല പ്രഭയിൽ മിന്നും
പൂക്കൾ പൂമ്പാറ്റകൾ………
ശിതീകരിച്ച
കോൺഗ്രീറ്റ് കൂടുകൾക്കകത്ത്
ഡിജിറ്റൽ ക്ലാസ് റൂമുകൾ..
ചാവി കൊടുത്ത പമ്പരം പോലെയും
ചുമടേറ്റുന്ന കാളകളെ പോലെയും
ഭാരം വലിച്ച് കറങ്ങും ചെറുബാല്യങ്ങൾ
വെളുക്കെച്ചിരിക്കുമ്പോഴും
ആകുലതയുടെ ചങ്ങലയിൽ ചാഞ്ചാടാൻ വിധിക്കപ്പെട്ടവർ.
പുറമേ പുഞ്ചിരിയുടെ പൂവെറിഞ്ഞ്
അകമേ അരക്ഷിതത്വം പേറുന്നവർ
ആർക്കോ വേണ്ടി ചുമട് ചുമക്കുന്നവർ
ഉറ്റവർക്കായി ഊന്ന് വടിയാവാൻ
മെരുക്കിയെടുക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ
പഠിച്ച പാഠശാലയുടെ
പഠിപ്പുര കടക്കുമ്പോൾ
പഴയ ഓട്ടു മേൽക്കൂരകളിൽ നിന്ന്
ഓർമ്മയുടെ പ്രവാഹത്തിലേക്ക്
കിനിഞ്ഞിറങ്ങുന്ന മിഴിനീർ കണങ്ങൾ
പൂതലിച്ച പിലാവിൻ കാതലുകൾ
താങ്ങി നിർത്തിയ നെടുമ്പുരകളിൽ
ഉപ്പുമാവിൻ്റെ സുഗന്ധം പരത്തിയ
കൊതിക്കെറുവിൻ തേൻ മധുരങ്ങൾ
വെട്ടുകല്ലുകൾ പടവ് നീർത്തിയ
മൂത്രപ്പുരച്ചുമരുകളിൽ
ചെങ്ങമ്പുഴക്കവിത പോലെ
തെളിമയോടെ പുഞ്ചിരിക്കുന്ന
നാടൻ കരിക്കട്ടക്കാവ്യങ്ങൾ
പ്രണയവർണ്ണങ്ങൾ
ഊഞ്ഞാലിട്ടു തന്ന
പറങ്കിമൂച്ചിക്കാടുകളിലേക്ക് നയിക്കും
പടിഞ്ഞാറൻ കാറ്റുകൾ
പുതിയ പാഠശാലകളിലേക്ക്
പഴമകൾ തിരഞ്ഞു ചെല്ലുമ്പോൾ
പോയ കാല നഷ്ട സ്വപ്നങ്ങളിൽ
അടയിരിക്കുന്ന പനിക്കോളുകൾ