ഒഴിയാതെ പൊഴിയുന്ന മഴയിപ്പോൾ,
ഒഴുകിടുന്നെല്ലാക്കൈവഴികളിലും.
ജനാലയിൽ തട്ടി മുട്ടിയൊരു മഴ
പരിഭവമേറെ,യെണ്ണിപ്പെറുക്കുന്നു!
ശലഭം മോന്തുവാൻ മോഹിച്ച തേനിമ്പം
പൂക്കളിൽ നിന്നുമൊഴുക്കി വീഴ്ത്തും മഴ!
മാരിവില്ലാകാൻ കൊതിച്ച സ്വപ്‌നങ്ങളെ
തൊരാക്കണ്ണീരാക്കിച്ചൊരിയും മഴ.
മണ്ണിന്നടിയിലെ സുഷുപ്ത ജീവനെ
വീണ്ണിൽനിന്നിറങ്ങി കൺതെളിക്കും മഴ.
വെയിലും മഴയുമിണ ചേർന്നു വാർക്കും
നീർമുത്തു മണി തൻ ചാരു ഭാവസന്ധി….
ജനന, ജീവിത, മരണങ്ങളും പിന്നെ,
ഉയിർപ്പുമായ് ഭവിക്കുന്നീ മാറാ മാരി!.
കണ്ണടച്ചിരുന്നു, ഞാനോ മന്ത്രിക്കുന്നു,
മേഘ വിസ്‌ഫോടനമായ്,നിന്റെ നാമം.

By ivayana