ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വിധവയായ ഒരു മരുമകൾ തന്റെ അമ്മായിയമ്മയോട് പറഞ്ഞു:
‘ഞാൻ മൂന്നുമാസം ഗർഭിണിയാണ്.’
ഒരു വർഷം മുമ്പ് മരണപ്പെട്ട തന്റെ മകന്റെ വിധവയിൽ നിന്നും ഇത് കേട്ടപ്പോൾ ആ അമ്മ ഞെട്ടി. ശേഷം ഈ വിഷയം മുഴുവൻ കുടുംബത്തിലും കോളിളക്കമുണ്ടാക്കി. അത് ആ പ്രദേശത്ത് ചർച്ചാ വിഷയമാവുകയും സ്വാഭാവികമായ അസ്വസ്ഥതയ്ക്കും കാരണമായി.
ആ മരുമകളിൽ നിന്ന് കുട്ടിയുടെ പിതാവ്‌ ആരാണെന്നറിയാൻ എല്ലാ കുടുംബാംഗങ്ങളും പൗരപ്രമുഖരും ഒരു ചർച്ച ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.
അതിന്റെ അടിസ്ഥാനത്തിൽ ഒരു ചർച്ച തുടങ്ങുകയും അതിൽ പങ്കെടുത്തു കൊണ്ട് പലരും പല അഭിപ്രായങ്ങൾ പറയാനും ആ സ്ത്രീയ്ക്ക് നേരെ ചോദ്യശരങ്ങൾ എയ്യാനും തുടങ്ങി.
ഇതിന് മറുപടിയായി അവർ തന്റെ മനസ്സ് തുറന്ന് കൊണ്ട് സംസാരിക്കാൻ തുടങ്ങി.
‘മൂന്ന് മാസം മുമ്പ് ഞാൻ പുണ്യനദിയായ ഗംഗയിൽ കുളിക്കാൻ പോയിരുന്നു. കുളിക്കുന്ന സമയത്ത് ഞാൻ മൂന്നുതവണ ഗംഗയിലെ വെള്ളം കുടിച്ചു. ഗംഗയിലൂടെ എവിടെ നിന്നെങ്കിലും ഒഴുകി വന്നതോ, അതല്ലെങ്കിൽ ഗംഗയിൽ കുളിച്ച് കൊണ്ടിരുന്ന ഏതെങ്കിലും ഭക്തന്റെയോ മഹാത്മാവായ ഏതെങ്കിലും മുനിയുടെയോ ശുക്ലം അതിലൂടെ എന്റെയുള്ളിൽ പ്രവേശിക്കുകയും അത് വഴി ഞാൻ ഗർഭിണിയാകുകയും ചെയ്തു.’
ഈ വിശദീകരണം കേട്ട്, അവിടെ കൂടിയിരുന്ന പ്രമാണിമാരും കുടുംബത്തിലെ കാരണവർമാരും ഒരേ സ്വരത്തിൽ ഒച്ച വെച്ചു.
‘ഇല്ല.., ഇതൊരിക്കലും സംഭവിക്കില്ല. പുഴയിലൂടെ ഒഴുകി വന്നതോ അല്ലാത്തതോ ആയ ശുക്ലം കുടിച്ചാൽ ഒരിക്കലും ഒരു സ്ത്രീ ഗർഭിണി ആവുകയില്ല. നീ പറയുന്നത് വെറും അസംബന്ധമാണ്.’
ആ സ്ത്രീ മറുപടി പറഞ്ഞു: ‘എങ്കിൽ വിഭണ്ടക മഹർഷിയുടെ ശുക്ലം നിങ്ങൾ പറയുന്ന വിധത്തിൽ അല്ലാതെ ഒരു ശരീരത്തിൽ പ്രവേശിച്ചിട്ടാണ് ഋഷ്യശൃംഖൻ ജനിച്ചത്‌ എന്ന് നമ്മുടെ മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ..?’
‘ഹനുമാന്റെ വിയർപ്പ് ഒരു മത്സ്യത്തിന്റെ വയറ്റിൽ എത്തി ആ മത്സ്യം ഗർഭിണിയായിട്ടാണ് ഹനുമാന്റെ പുത്രനായ മകർദ്വജ് ജനിച്ചത് എന്ന് നമ്മുടെ ഗ്രന്ഥങ്ങൾ പറയുന്നു.’
‘സൂര്യദേവന്റെ അനുഗ്രഹത്താൽ കുന്തി ഗർഭിണിയായി കർണ്ണൻ ജനിച്ചു എന്ന് പറയുന്നു.’
‘അതേ പോലെ, മത്സ്യത്തിന്റെ വയറ്റിൽ നിന്നാണ് മത്സ്യഗ്നഥ (സത്യവതി) ജനിച്ചത് എന്ന് പഠിപ്പിക്കുന്നു.’
‘ദശരഥ മഹാരാജാവിന്റെ മൂന്ന് റാണിമാർ പായസം കഴിച്ച് ഗർഭിണിയായി എന്ന് രാമായണത്തിൽ വിവരിക്കുന്നു.’
‘ഒരു മൺകുടത്തിൽ നിന്നാണ് സീതാ ദേവി ജനിച്ചത് എന്നും, അതല്ല ഒരു പെട്ടിയിൽ ഉണ്ടായിരുന്ന ചാരത്തിൽ നിന്നാണ് എന്നുമൊക്കെ നമ്മുടെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നു.’
‘മറ്റ് മതഗ്രന്ഥങ്ങൾ പരിശോധിച്ചാലും ഇതേ കാര്യങ്ങൾ കാണാൻ കഴിയും. ഒരു പുരുഷന്റെയും ഇടപെടൽ ഇല്ലാതെയാണ് മറിയം ജനിച്ചത് എന്ന് ഖുർആനും, അതല്ല പരിശുദ്ധാത്മാവിനാൽ മേരി ഗർഭം ധരിച്ചു എന്ന് ബൈബിളും പറയുന്നു.’
‘ഇതൊക്കെ നിങ്ങളും ഈ സമൂഹത്തിലെ മറ്റുള്ളവരും സാധ്യമെന്ന് വിശ്വസിക്കുന്നു. പക്ഷെ ഞാൻ പറഞ്ഞ കാര്യം അസാധ്യമാണ് എന്നും പറയുന്നു.’
ഈ വിശദീകരണം കേട്ട അവിടെ കൂടിയിരുന്ന എല്ലാവരുടെയും നാവിറങ്ങി പോവുകയും, അവർ പരസ്പരം പിറുപിറുക്കാനും തുടങ്ങി.
ഇത് കണ്ട് ആ സ്ത്രീ പറഞ്ഞു.
‘സത്യത്തിൽ ഞാൻ ഗർഭിണിയൊന്നുമല്ല. അത് ബോധ്യമാവാൻ നിങ്ങൾക്ക് വേണമെങ്കിൽ എന്നെ പരിശോധനയ്ക്ക് വിധേയയാക്കാം.’
‘ഈ കപട സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനാണ് ഞാൻ ഈ കളവ് പറഞ്ഞത്. മതഗ്രന്ഥങ്ങൾ പറയുന്ന അസംബന്ധങ്ങൾ വിശ്വസിക്കാമെങ്കിൽ, ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കുക. അതല്ല, ഞാൻ പറയുന്നത് അസംഭവ്യമാണ് എന്ന് നിങ്ങളുടെ യുക്തി പറയുന്നു എങ്കിൽ, അതേ യുക്തി മതഗ്രന്ഥങ്ങൾ പറയുന്ന കഥകളിലും ഉപയോഗിക്കുക.’
ആ സ്ത്രീ പറഞ്ഞു നിർത്തി.
മതപുസ്തകങ്ങളിലും അവയുടെ വിശദീകരണങ്ങളിലുമുള്ള അബദ്ധജടിലമായ കാര്യങ്ങളെ തിരിച്ചറിയുക. അന്ധവിശ്വാസപരമായ എല്ലാ അറിവുകളിൽ നിന്നും മോചനം നേടുക.
ബൗദ്ധികമായ അടിമത്തം നമ്മളെ വരിഞ്ഞു മുറുക്കാതെ ശ്രദ്ധിക്കുക.

By ivayana