ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ആ സ്ത്രീയ്ക്ക് ഗൾഫിൽ എന്താകും സംഭവിച്ചത്?
അതിന്റെ ചുരുളുകൾ നിവർന്നപ്പോൾ സങ്കടമല്ല ലോകത്തോട് വെറുപ്പാണ് തോന്നിയത്.നല്ല രീതിയിൽ ചിന്തിക്കാൻ തുടങ്ങുന്ന വരെയും വിവാഹത്തെ എതിർക്കുന്ന, ഭയക്കുന്ന ഒരു പെണ്ണായി മാറിയത് ഈ സംഭവത്തോടെയായിരുന്നു…..
“ദുഷ്ടാ പുതിയ പെണ്ണുമായി നീ സുഖിച്ചു ജീവിക്കുമെന്നാണോ?
എങ്കിലും നിങ്ങളെന്നോട് അങ്ങനെ ചെയ്തല്ലോ!!”
അതിരാവിലെ ഒരു അലറികരച്ചിൽ കേട്ടാണ് ഞങ്ങൾ ഉറക്കത്തിൽ നിന്നുമെണീറ്റത്.
കുറച്ചുനേരത്തേക്ക് വല്ലാത്തൊരു ശൂന്യത,അല്ലെങ്കിലും എണീറ്റിരുന്ന് കണ്ണ് തുറന്ന് ഉറങ്ങാൻ എനിക്ക് കഴിഞ്ഞിരുന്നു.


തോന്നിയതാകുമെന്ന് കരുതി വീണ്ടും കിടക്കാൻ തുടങ്ങിയപ്പോൾ അടുത്ത നിലവിളി. ഞങ്ങൾ കുട്ടികൾ പുറത്തേക്ക് ചെല്ലുമ്പോൾ തറവാട്ടിലെ ഒട്ടുമിക്ക മനുഷ്യരും അപ്പുറത്തെ വീട്ടിലേക്ക് പോകാൻ തുടങ്ങുന്നു.
“നിങ്ങളെന്നെ ചതിച്ചിട്ട് വേറെവിവാഹം കഴിച്ചു അല്ലേ?”
പൊട്ടിക്കരച്ചിലിനെക്കാൾ ആ ചോദ്യമാണെന്റെ ഹൃദയത്തിൽ തങ്ങിയത്.
നിന്നെ എങ്ങനെ ചതിച്ചെന്നാടി, നീ ഇപ്പൊ പ്രസവിച്ച കുഞ്ഞ് എന്റേതാണോ എന്ന് ഞാനെങ്ങനെ ഉറപ്പിക്കാനാണ്?


ഭാര്യ അയാളുടെ ഷർട്ടിലേക്ക് കുത്തിപ്പിടിച്ചു. “പറയെടാ ഇത് നിന്റെ കുഞ്ഞല്ലേ? ഈ കുഞ്ഞിനെ ഞാൻ ഗർഭം ധരിച്ചത് നാട്ടിൽ വന്നിട്ടല്ലേ?”
നാട്ടിൽ ഇനി വേറെ വല്ലവനുമുണ്ടോന്നു ഞാനെങ്ങനെ അറിയാനാണ്?
“അന്ന് ഗൾഫിൽ നടന്നത് എന്താണ് എന്ന് പറഞ്ഞാൽ….. “അവരുടെ കണ്ണുകൾ കത്തി.
അതോടെ നിന്റെ അവസാനമാകും, നീയും നിന്റെ മക്കളും പട്ടിണി കിടക്കും ഓർത്തോ!


“ദുഷ്ടാ നീ ഗുണം പിടിക്കില്ലെടാ. “ആ സ്ത്രീയുടെ കണ്ണിൽനിന്നും രക്തമാണോ ഒഴുകുന്നതെന്ന് ഞാൻ സംശയിച്ചു. അത്രയ്ക്കും ഹൃദയം പൊട്ടിയാണ് ആ വാക്കുകൾ തിങ്ങിയും ശ്വാസം മുട്ടിയും പുറത്തേക്ക് വരുന്നതെന്ന് മനസ്സിലാക്കാൻ അന്ന് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന എനിക്കും സാധിച്ചു എന്നതാണ് സത്യം.
പിന്നെയും അവരും മൂന്ന് കുട്ടികളും ആ വീട്ടിൽ താമസിച്ചു. പുതിയ ഭാര്യയുമായി അയാൾ ഗൾഫിലേക്ക് പോയി.ആ സ്ത്രീയുടെയും മക്കളുടെയും ജീവിതം വല്ലാതെ ഞെരുങ്ങിയ അവസ്ഥയിലായിരുന്നു എങ്കിലും അന്നുവരെ ജീവിച്ച അവസ്ഥയിൽനിന്നും ഒരു മാറ്റം അവർക്ക് സാധ്യമായി എന്നുവേണം കരുതാൻ.
ഞാൻ വളർന്നു, പിന്നെയും ചുറ്റുവട്ടങ്ങളിലെ കാഴ്ചയും കേൾവിയും എന്നെ വല്ലാതെ സ്വാധീനിച്ചു. മറ്റുള്ളവരേക്കാൾ എല്ലാ കഥകളും അറിയാൻ എനിക്കെന്തോ വലിയ ഇഷ്ടമായിരുന്നു.എങ്കിലും ആ സ്ത്രീയ്ക്ക് ഗൾഫിൽ എന്താകും സംഭവിച്ചത് എന്ന ചോദ്യം എന്നും വല്ലാതെ കുഴക്കിയിരുന്നു.


ഒരിക്കൽ മാങ്ങയും ഉള്ളിയും ചെറുതായി അരിഞ്ഞിട്ട് അതിലേക്ക് മുളകും ഉപ്പും എണ്ണയും ചേർത്തുകൊണ്ടിരുന്ന എന്നിലേക്ക് ചില വാക്കുകൾ തെറിച്ചുവീണു. അതേ പുറത്ത് നിന്നാണ്. ചുറ്റും ഉമ്മയും വലിയമ്മയും ഒക്കെയുണ്ട്, ആ സ്ത്രീ പറയുന്നത് അവർ കേൾക്കുകയാണ്. ഇന്നാണല്ലോ അതിനൊന്നും മനുഷ്യർക്ക് സമയമില്ലാത്തത്, ആത്മഹത്യയോടോ വിഷാദത്തോടോ കാര്യങ്ങൾ പറയുന്നതും!!
“രാവിലെ ഫ്ലാറ്റ് പൂട്ടി പോകുന്ന അയാൾ ഉച്ചയ്ക്കാണ് വരുന്നത്. അന്നും ഉച്ചയ്ക്ക് അയാൾക്ക് ചോറും വിളമ്പി ഞാൻ കാത്തിരുന്നു. ലോക്ക് തിരിയുന്ന ശബ്ദം കേട്ട് പെട്ടെന്ന് എണീറ്റു, അല്ലെങ്കിൽ അതിനും വഴക്കാണ്. പക്ഷേ അകത്തേക്ക് വന്നത് ഞങ്ങളുടെ മേലുദ്യോഗസ്ഥൻ ആയിരുന്നു.”


“ഭർത്താവിന് കുറെയേറെ കടമുണ്ടെന്നും അയാൾക്കും ഒരുപാട് പൈസ കൊടുക്കാനുണ്ടെന്നും ജയിലിലാക്കുമെന്നും സഹകരിച്ചാൽ അതുണ്ടാകില്ല എന്നും അയാൾ പറഞ്ഞു.ഫോണിൽ അയാളെ വിളിക്കുമ്പോൾ “അയാൾ പറയുന്നത് കേട്ടാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ അനുഭവം വളരെ വലുതായിരിക്കും, അയാൾ ഇവിടെ വന്നിട്ടേ ഞാനിനി തിരികെ വരൂ “ആ വാക്കുകൾ കേട്ട് തകർന്ന് പോയി. എങ്കിലും കഴിവിന്റെ പരമാവധി എതിർത്തു. ഒന്നും വില പോയില്ല എന്റെ നാശം അവിടെ തുടങ്ങി. അയാളു.ടെ ഉയർച്ചയും അവിടെ തുടങ്ങി.!!”


എനിക്കാ രഹസ്യം അറിയേണ്ടായിരുന്നു എന്ന് ഒരു നിമിഷം ഓർത്തു.ആ സ്ത്രീയെ ഒന്ന് കെട്ടിപ്പിടിക്കാൻ ആശിച്ചു, പിന്നെ എന്നോ ഞാനത് പൂർത്തിയാക്കിയിട്ടുണ്ട്. പുരുഷൻ എന്ന് കേൾക്കുമ്പോൾ എനിക്കാ മനുഷ്യനെ ഓർമ്മ വരാൻ തുടങ്ങി. വിവാഹസത്കാരങ്ങൾ പോലും പേടിയായി. കുടുംബത്തിൽ ഒന്നു രണ്ട് വിവാഹത്തോടെ എല്ലാം അങ്ങനെയല്ല എന്ന് മനസ്സിലായി, ഭയം മെല്ലെ അകന്നു.
ആ സ്ത്രീയുടെ പൊടിഞ്ഞ ഹൃദയത്തിന് മുകളിൽ ഉണ്ടാക്കിയെടുത്ത അയാളുടെ ബിസിനസ്‌ സാമ്രാജ്യം തകർന്ന് തരിപ്പണമായി.ഹൃദയം പൊടിഞ്ഞ് അയാൾ മരിച്ചു. വയ്യാതെ കിടന്നപ്പോൾ ആദ്യ ഭാര്യയും നോക്കി. രണ്ടാമത്തെ ഭാര്യയായിലുണ്ടായ രണ്ട് കുട്ടികളെ അയാളുടേതല്ല എന്നുപറഞ്ഞ് മാറ്റി നിർത്തിയ ആ മകൻ സംരക്ഷിച്ചു, നിക്കാഹ് കഴിപ്പിച്ചു. അവർ അഞ്ചുമക്കളും ഇന്നും സഹകരണമുണ്ട്, ഉമ്മയുടെ സ്ഥാനത്ത് രണ്ടാം ഭാര്യയായ സ്ത്രീയുമുണ്ട്. ആദ്യഭാര്യ മരണപ്പെട്ടു.
ഈ അഞ്ചുമക്കളിൽ അയാളുടെ ട്വിൻ ബ്രദറിനെ പോലെയുള്ളത് അയാൾ മാറ്റി നിർത്തിയ ആ മകൻ മാത്രമായിരുന്നു…..!!



സഫി അലി താഹ.

By ivayana