മഴ പെയ്തു മാനം തെളിഞ്ഞ പുലരിയിൽ
മഴവില്ലു വാനിൽ തെളിഞ്ഞ പോലെ
ഇളംസൂര്യരശ്മികൾ വന്നു തലോടവെ
ഇളയുടെ കവിളത്തെ കാന്തി പോലെ
ചാറ്റൽമഴയത്തു കുറുനിര പാറുന്ന
ഈറനണിഞ്ഞ പ്രകൃതി പോലെ
ഒറ്റക്കൊഴുക്കുന്ന വേണുഗാനം പോലെ
ഓരത്തുകൂടെ വരും കവിതെ
ഒന്നിച്ചു ചേർന്നു നടക്കാം നമുക്കിനി
ഓരോരോ കാര്യം പറഞ്ഞു പോകാം
ഓരോ കിനാക്കളും പങ്കുവച്ചങ്ങനെ
ഓരോ രഥങ്ങളിലേറിപ്പോകാം
ഒരിക്കലും തമ്മിൽ പിണങ്ങാതങ്ങനെ
ഒരു നിലാമഴയായ് പെയ്തിറങ്ങാം
പിന്നെ പെരുമഴയെത്തുന്ന നേരത്തു
തമ്മിൽ പുണർന്നൊരു കുടയിലാകാം
മഴവെള്ളം തുള്ളിക്കളിക്കുന്ന പോലവെ
മനസ്സുകൾ തുള്ളിക്കളിച്ചു പോകാം
കാതരയായ് വരും കണ്ണീർക്കണങ്ങളെ
കൈ കൊണ്ടു മെല്ലെ തുടച്ചു നീക്കാം
മഞ്ഞണിപ്പുല്ലുകൾ മാർദ്ദവമേകുന്ന
മഞ്ഞുകാലത്തിൻ കുളിരിലൂടെ
മൂടിപ്പുതച്ചു നടന്നു നീങ്ങാം നല്ല
മൂളിപ്പാട്ടൊക്കെയും പാടിപ്പോകാം
പൊന്നൊളി തൂകും പൊൻവെയിലിലൂടെ
പൊന്നോളംതുള്ളി തുഴഞ്ഞു പോകാം
ചന്ദനഗന്ധം നുകർന്നു പോകാം
ചന്തത്തിലോരോ കഥ പറയാം
ഒറ്റക്കിരുന്നു മുഷിയാതെ തങ്ങളിൽ
ഓരോ രസങ്ങൾ പകർന്നു നൽകാം
ചാരുപതംഗങ്ങൾ പാറുന്ന പോലെയീ
ഭൂവിൻ്റെ കാന്തി നുകർന്നു പോകാം
എണ്ണിയാൽ തീരാത്തവർണ്ണങ്ങളൊക്കെയും
മെല്ലെ കൈക്കുമ്പിളിൽ കോരിനോക്കാം
ഏഴുവർണ്ണങ്ങളിൽ ചാലിച്ചവകളെ
ഏറെ മനോഹരമാക്കിവയ്ക്കാം
മെല്ലവെ പൂക്കുന്ന ജീവിതവല്ലിക –
ളുല്ലാസമോടെ നുകർന്നു പോകാം.

എം പി ശ്രീകുമാർ

By ivayana