രചന : ബിനു. ആർ.✍
ആരുടെയൊക്കെയോപരിഭവങ്ങൾ
തീർക്കാൻ,അല്ലലുകൾ നിറഞ്ഞ്,
അഭിഷിക്തനായപ്പോഴും
ആരോടും പരിഭവമില്ലാതെയെൻ
ഉൾമനസ്സ്
ആട്ടങ്ങളെല്ലാം ആടിത്തീർത്തു.
ചിത്രപങ്കിലമായരാവുകളെല്ലാം
നീന്തിക്കടന്നപ്പോൾ
ചിരിയുംകരച്ചിലും നിമ്ന്നോന്നതമായ്
ഉൾത്തടങ്ങളിൽസമ്മർദ്ദമേറ്റീടവേ,
നീപോലുമെന്നെമറന്നിതോ തോഴീ.
ജീവിതമാകേയും തോന്നിയപോൽ
രാജാപാർട്ടുകെട്ടി തപിച്ചീടവേ,
പുറംനാട്ടുകാർ പൂരപ്പൊലിമപൊലിച്ചിട്ടകാലം
വിദൂരമാംഓർമ്മതൻ നിറക്കാഴചകളായ്
ഉൾമനസ്സിലെന്നും കേളികൊട്ടുയർന്നിരുന്നു.
നൽചിന്തകളിലെപ്പോഴുമെല്ലാവർക്കു-
മെന്നുംനന്മകൾമാത്രംനിറയണമെന്നു
നേർന്നിരുന്നെങ്കിലുമത്
കണ്ടെത്തിടാനാർക്കുംകഴിഞ്ഞില്ലായെന്നതും
ഉൾമനസ്സിലെപ്പോഴും നൊമ്പരമായ്
നിറഞ്ഞിരുന്നു.
കാലംതിരിഞ്ഞുനോക്കാതെ പുറകോട്ടോടി
കൊഴിഞ്ഞുപോകവേ,
കരിമുകിലുകൾപോൽ മനസ്സിലെല്ലാം
കരിന്തിരി പടരവേ,
ഭാവിതൻമധുരഫലംതേടിയെൻമനം
ജന്മശിഷ്ടംതിരഞ്ഞുകാതങ്ങൾനടന്നിരുന്നു.
മുനിഞ്ഞുകത്തുമൊരുദീപനാളംപോൽ
കാറ്റിലാടിയുലയും സ്വന്തബന്ധങ്ങൾ
സ്വരരാഗങ്ങളിൽ ഇടർച്ചകൾ വന്നുഭവിക്കേ,
സുരാസുരയോധനംപോലെൻ ചിന്തകളിൽ
സന്മാർഗ്ഗസങ്കല്പമഥനം നടന്നിരുന്നു.