രചന : ഉണ്ണികൃഷ്ണൻ ബാലരാമപുരം✍
കണ്ടോ ! ഉറുമ്പിൻ്റെയദ്ധ്വാനമെന്നച്ഛാ..
കണ്ടു നിൽക്കാനെന്തൊരാശ്ചര്യം ഹാ !
മണ്ടിക്കിത ,ച്ചെങ്ങോട്ടിത്ര തിടുക്കത്തിൽ
തെണ്ടി നടക്കാതെയിത്തരത്തിൽ .
തന്നെക്കാളേറ്റം വലിപ്പിമുള്ളോരരി
മുന്നിൽ വച്ചുന്തിപ്പയറ്റുന്നുണ്ടേ !
സന്നതഗാത്രിയായ് തോന്നുന്നുണ്ടെങ്കിലും
സന്നധൈര്യവതിയല്ലേയല്ല.
ചെറ്റിട വിശ്രമമില്ലാതെ,യിവ്വിധം
മുറ്റുംതൻ തൃഷ്ണയിലർപ്പിതമായ്
ഒറ്റലക്ഷ്യത്തിൻ്റെ സായൂജ്യമല്ലാതെ
മറ്റൊന്നിലും മനം പായുന്നില്ല .
കല്ലൊന്നുയർന്നു നിൽക്കുന്നു മുന്നിൽക്കണ്ടു
തെല്ലൊന്നു ശങ്കിച്ചവൾ നിന്നുപോയ് ,
വില്ലനാം കല്ലിൻചുവട്ടിൽ നിന്നല്പമാം
തല്ലജമുൻകാലെടുത്തുരസ്സി !
അല്പനിമിഷത്തിൻ ക്ഷന്തവ്യതുഞ്ചത്തിൽ
അല്പമദ്ധ്യമജീവി തുഞ്ചുന്നോ ?
കല്പാരവം കേട്ടു , ഞെട്ടിയുണർന്നതും
കല്പിത ജീവസമൂഹാരവം.
അഞ്ജനഗോളോന്മുഖി,യാശ്രേണിമദ്ധ്യേ
വ്യഞ്ജിതാജ്ഞയിലെത്തി നികടേ
മഞ്ജുനാട്യം അതിൻ മുന്നിലും പിന്നിലും
അഞ്ജസ്സിലാ ദൗത്യമേറ്റെടുത്തു .
ഒത്തുകൂടി , തമ്മിലെന്തൊക്കെയോ ചൊല്ലി
നേർത്തല്ലോ ! മുത്തുകൾ കോർത്തപോലെ
കാത്തു മധ്യത്തിലാ ധാന്യമണിയെയും
മുത്തേലുമോമനക്കുഞ്ഞു പോലെ .
ആർത്തു ചലിച്ചുകൊണ്ടാ കുഞ്ഞുജീവികൾ
മൂർത്തവൃത്തിച്ചേലിലർപ്പിതമായ്
ദത്താവധാന, നിസ്വാർത്ഥ കുതൂഹലർ
എത്തിടുന്നൂ.. കന്ദരത്തിനുള്ളിൽ .
അക്കണ്ട കന്ദരം സങ്കേതമല്ലയോ ,
ഇക്കൊച്ചു വല്മിയ്ക്കിടം മകനേ ,
ഇക്കാലകഷ്ടതയിത്രയനുഷ്ഠിച്ചാൽ
പിൽക്കാലപഞ്ഞമോ ? ക്രാന്തഹസ്തം !!
ആക്കദീപ്തീമത്തിലാർജ്ജിച്ചു വയ്ക്കണം ,
ഉക്കലുള്ളപ്പോൾ കുഴിച്ചിടേണം .
തക്കത്തിൽ തഞ്ചത്തിലുന്മുഖരായിടും
അക്കലുള്ളോർ , ദീർഘവീക്ഷണന്മാർ .
മുപ്പത്തിമുക്കോടി സംവത്സരങ്ങളായ്
ഇപ്പാരിലെ , യാദിമക്കളിവർ
രാപ്പകൽഭേദമിവർക്കൊട്ടുമേയില്ല
എപ്പോഴും കർമ്മനിരതരല്ലോ .
മണ്ണാശ തീണ്ടാത്ത പെൺവർഗ്ഗമൊക്കെയും
എണ്ണമറ്റ തൊഴിൽക്കൂട്ടങ്ങളും
മണ്ണുണ്ണിയെങ്കിലും പിണ്ഡവരാൺവർഗ്ഗം
കണ്ണാളർ , ഒറ്റ രാജ്ഞീവല്ലഭർ .
ഒറ്റ ‘പ്രകൃതി ‘ യിലായിരത്തിൽപ്പരം
ഉറ്റവരായി രമിച്ചിടുന്നു .
പറ്റിച്ചേർന്നീ ‘ നഗർ ‘നമ്മെപ്പഠിപ്പിച്ചു ,
മുറ്റും സമൂഹവാഴ്‌വിൻ ‘ ഉന്നതി ‘ .
തന്വംഗി തന്നിഷ്ട വാഴ്ചയാണെങ്കിലും ,
അന്യോന്യം ബന്ധിതർ മുച്ചൂടിലും .
വിന്യസ്ത പാരമ്പര്യച്ചിമിഴേറ്റുന്നു
ധന്യസനാതനം കാർമണ്ണിലായ് !
സപ്താംഗ , സപ്തകർമ്മങ്ങളാലെ
ഗുപ്തവാസം നയിക്കും സമൂഹം
സപ്തദ്വീപത്തിലെ ദീപ്തിമത്താമിവർ
തപ്തസമൂഹത്തിന്നാദിവർഗ്ഗം .