കുളിരായ് ചിതറും
മഴയായും
മഴ പെയ്തൊഴുകും
പുഴയായും
തിരയായുയരും
കടലായും
തപമേറ്റുയരും
മുകിലായും
തണുവേറ്റുറയും
ഹിമമായും
തിളകൊണ്ടിളകും
ജലമല്ലോ
കുടിനീരമൃതം
കുളിർ നീര്
ജനിയും മൃതിയും
തൊടുമൻപ്.
ഒരു നാളിടയൻ
ഇളവേല്ക്കും
ഒരു താഴ്‌വരയിൽ
മഴയെത്തി.
മഴയാ മലയിൽ
പെയ്തൊഴുകി
പുഴയായീറൻ
പാട്ടെഴുതി.
പുഴയിൽ നിറയെ
നീലാമ്പൽ,
കുളിരോളങ്ങൾ
പുഞ്ചിരികൾ.
പുണരാനുണരും
പൂമിഴികൾ
പുതുവിൺതാരക-
കിങ്ങിണികൾ.
അവിടേയ്ക്കെത്തൂ,
യിടയാ നീ
അഴലില്ലാതെ,
യഴകേറ്റൂ ….
അറിയണമക്ഷര-
സത്യങ്ങൾ
അവ നെഞ്ചേറ്റിയ
സമരങ്ങൾ.
നിറയും സ്വപ്ന-
നിലാവലകൾ
നീയും ഞാനും
മഴയിടവും.

പുതിയപുൽനാമ്പിലെ –
പ്പുളകത്തിളക്കമേ
പുതുമകൾ പുൽകി –
പ്പതം വന്ന ശില്പമേ
നിനവിൽ നീർമിഴിയൂറി
നില്ക്കുന്നതെന്തു നീ
യറിയണം താരകേ
പറയണം ധീരജേ
അഴകിനാകാശങ്ങ-
ളറിവിനാഴക്കടൽ
അവിടെയുണ്ടാത്മാവി
ലുരുകി നിറയുന്നവർ.
അവരിലമ്മത്തണൽ
അരികലച്ഛൻ,
നിറം പകരുമോർമ്മക്കുളിർ –
മഴ വരയ്ക്കുന്നവർ.
അവരിലീറൻ പകർന്ന –
രിയനാളങ്ങളായ്
തിരിതെളിച്ചെത്തുമോ
ഹൃദയപക്ഷങ്ങളേ .


വിനയൻ

By ivayana