എല്ലാ ശനിയാഴ്ചകളിലും അക്കു കളിക്കാനും കല്ല് കളിക്കാനും എന്നെ കൂട്ടാനായി എന്റെ വീടിൻെറ പിന്നിൽ കൂടി അവൾ പതുങ്ങി പതുങ്ങി വരുമായിരുന്നു.
പതുങ്ങി വരുന്നത് വേറെ ഒന്നും കൊണ്ടല്ല ,വീട്ടിൽ പപ്പ ഉണ്ടോന്നറിയണം അവൾക്ക്.
മമ്മീടെ അടുത്ത് നിന്നും എന്നെ കൊണ്ട് പോകുന്ന പണി അത്ര ശ്രമകരമായിരുന്നില്ല.
വെള്ളിയാഴ്ച്ച വൈകുന്നേരമേ, പാപ്പാടെ അടുത്ത് കളിക്കാനുള്ള അനുവാദത്തിനായി ഒരു പട കഴിഞ്ഞിട്ടുണ്ടാകും.പപ്പ ഒരു നീണ്ട ലിസ്റ്റ് തരും പഠിക്കാൻ.ഇത്രയും പഠിച്ചിട്ടു മമ്മീനെ പറഞ്ഞു കേൾപ്പിച്ചിട്ടു പൊക്കോ എന്നും പറയും.
പക്ഷെ പറഞ്ഞത്ര പാഠങ്ങൾ പഠിച്ചു പറഞ്ഞു കേൾപ്പിക്കാതെ പോകാൻ എനിക്ക് വേറെ ഒരു വഴി ഉണ്ടായിരുന്നു.


ഉച്ചയൂണിനു ശേഷം ,ഏകദേശം രണ്ടു മണിക്കൂർ നീളുന്ന പാപ്പാടെ ഉറക്കത്തിനു വേണ്ടി കാത്തു നിൽക്കണം.
ആ സമയം അവൾക്ക് കൃത്യമായി അറിയാമായിരുന്നു.
കാലിലെ വലിയ പദസരത്തിന്റെ മണികൾ കിലുക്കി ഒരു കള്ളച്ചിരിയോടെ അവൾ അടുക്കള വാതിൽക്കൽ വന്നു നിന്ന് എന്റെ മുറിയിലേയ്ക് എത്തി നോക്കും.
അവളുടെ വരവ് രാവിലെ മുതൽ പ്രതീക്ഷിച്ചിരിക്കുന്ന എനിക്ക് അവളുടെ കൊലുസിന്റെ കിലുക്കം അങ്ങ് ദൂരേന്നു കേള്കുന്നതേ മനസ്സിലാവും.
പപ്പ ഉറങ്ങിയോന്നു ഉറപ്പു വരുത്താനായി ഒന്നുടെ പോയി നോക്കും.
ഇനിയാണ് എൻെറ സ്ഥിരം അടവ്. പാപ്പാടെ അടുത്ത് ചെന്ന് തീരെ പതിഞ്ഞ സ്വരത്തിൽ ചോദിക്കും ,ഒരുകാരണവശാലും കേൾക്കരുത് എന്ന ആഗ്രഹത്തോടെ. ”പപ്പാ..ഞാൻ കളിക്കാൻ പൊക്കോട്ടെ,,,ശില്പ ഉണ്ട് കൂടെ ”


പാപ്പടെ കൂർക്കം വലി ഒന്നുടെ മുറുകുന്ന സമയം നോക്കി തീരെ പയ്യെ പറയും ….”ഞാൻ പോവാണേ “,അപ്പോൾ ഉറക്കത്തിനിടയിൽ പപ്പ ഒന്ന് മൂളും..””മം “””’
കേൾക്കേണ്ട താമസം ജീവനും കൊണ്ടോടും ,പിന്നാലെ അവളും .
അവളുടെ പാദസരത്തിന്റെ കിലുക്കം കേട്ട് പപ്പ എണീക്കുവോന്നു എനിക്ക് പേടി ഉള്ളത്കൊണ്ട് തിരിഞ്ഞു നോക്കി അവളെ കണ്ണുരുട്ടിക്കാണിക്കും .അപ്പോൾ അവൾ ഓട്ടത്തിന്റെ ശക്തി കുറച്ചു കാലിലേയ്ക് നോക്കി പയ്യേ പയ്യെ നടക്കും …തീരെ ശബ്ദം കേൾക്കാതെ.
ഓടുന്ന വഴി ഞാൻ മമ്മിയോട് വിളിച്ചു പറയും “പപ്പാ മൂളി .കേട്ടോ.എണീക്കുമ്പോ പറേണെ”


മമ്മി പിന്നിൽ നിന്നും വിളിച്ചു പറയുന്നത് കേൾക്കാം ”ഈ പെണ്ണ് എന്നെ വഴക്കു കേപ്പിക്കൂല്ലോ.അഞ്ചു മണിക്ക് മുന്നേ വീട്ടിൽ കേറിക്കോണം “
വീടിനടുത്തു നിന്ന് ഒരു അഞ്ചു മിനിറ്റ് നടക്കണം അടുത്തുള്ള മൈതാനത്തെത്താൻ. ,ആരുടെയോ കൃഷി ഇറക്കാത്ത പറമ്പാണത് .
നാളുകളായി അത് ഞങ്ങളുടെ സ്വന്തം പോലെയാണ് .
ശനിയാഴ്ചകളിൽ അവിടെ ഒരു ബഹളമാണ്
പലതരം കളികളാണ് അവിടെ നടക്കുന്നത്.
ആൺകുട്ടികളുടെ പരിസറത്തോട്ടു ഞങ്ങൾ പോകാറില്ല,പലവട്ടം കിട്ടീട്ടുണ്ട് പന്ത് വച്ചുള്ള ഏറു തലയ്ക്കിട്ട്.


പെൺകുട്ടികൾക്കു രണ്ടു കളിയെ ഉണ്ടാകൂ .ഒന്ന് അക്കു കളി .പിന്നെ കല്ലുകളി.അതിനപ്പുറമുള്ള വേറെ കളികൾ ഒന്നും ഞങ്ങൾക്ക് അറിയില്ലാരുന്നു .ചിലപ്പോലൊക്കെ ആൺകുട്ടികൾ ഞങ്ങളെ കുട്ടിം കോലും കളിയ്ക്കാൻ കൂട്ടാറുണ്ടാരുന്നുട്ടോ.
കളിയും ബഹളവും നേരം ഇരുട്ടുന്നതു വരെ നീളും.
വെളിച്ചം മങ്ങിക്കഴിയുമ്പോൾ ആണ് എനിക്ക് മമ്മീടെ താക്കീതും കൂടെ പാപ്പാനെയും ഓര്മ വരുന്നത്..അപ്പോളേക്കും എന്തായാലും പപ്പാ എണീറ്റിട്ടുണ്ടാവും.പപ്പാ വഴക്കു പറയുന്നതിന് സാധാരണയായി രണ്ടു കാരണങ്ങൾ ആണ് .ഒന്ന് ,പഠിക്കാതെ കറങ്ങി നടക്കുന്നു, രണ്ടു ,നേരം വൈകീട്ടും വീട്ടിൽ കേറുന്നില്ല. എന്തായാലും വഴക്കു ഉറപ്പ് .
ഞാൻ പയ്യെ അവളുടെ അടുത്ത് ചെന്ന് ചോദിക്കും “”നീ എന്റെ കൂടെ വരുവോ വീട്ടിൽ,എന്നെ ആക്കിട്ടു പൊയ്ക്കോ..നിന്നെ കണ്ടാൽ പപ്പാ ഒന്നും പറയില്ല “‘
പല്ലു കൊഴിഞ്ഞ മോണ കാട്ടി അവൾ ചിരിച്ചു കൊണ്ട് തലയാട്ടും .


എന്നെ വീട്ടിൽ ആക്കി പപ്പയോടു വല്യ വർത്തമാനം ഒക്കെ പറഞ്ഞു അവൾ കുറച്ചു നേരം അവിടെ നിക്കും ,അപ്പോളേക്കും കളിയ്ക്കാൻ പോയ കാര്യം ഒക്കെ പപ്പാ മറന്നു പോയിട്ടുണ്ടാവും .ആ തക്കം നോക്കി ഞാൻ കുളിമുറിയിൽ കേറീട്ടുണ്ടാവും..ചിലപ്പോൾ പപ്പാ മറന്നതായി നടിച്ചതാവും എന്ന് എനിക്ക് ഇപ്പോൾ തോന്നാറുണ്ട്.എന്നെ വഴക്കു പറയാതിരിക്കാനായി …
രണ്ടാം ക്ലാസ് മുതൽ തുടങ്ങിയ കൂട്ടാണ് അവളുമായി .
അന്ന് മുതൽ ഒരു ദിവസം പോലും കാണാതിരുന്നിട്ടില്ല. .അവളുടെ കൂടെയുള്ള ഓർമ്മകൾ ഒരുപാടുണ്ട് .ഞങ്ങൾക്കു സ്കൂൾ എത്തണമെങ്കിൽ ഒരു മണിക്കൂറോളം നടക്കണമാരുന്നു.അന്ന് ആ വഴി വണ്ടികളൊക്കെ നന്നേ കുറവ്.


ഞങ്ങൾ കുറേ പേരുണ്ട് ഒന്നിച്ചു നടക്കാൻ.ഓരോരുത്തരും ഒന്നിക്കുന്ന ജംഗ്ഷൻ ഉണ്ട്.അവിടെ പല തരത്തിലുള്ള ഇലകൾ ഇടും പോയോ ഇല്ലയോ എന്ന് മനസ്സിലാവാൻ.ഓരോരുത്തർക്കും ഓരോ തരം ഇലകൾ.അവർ മുന്നേ പോയി ,നോക്കി നിക്കണ്ട എന്ന് സൂചിപ്പിക്കാൻ. എത്രയൊക്കെ നേരത്തെ വീട്ടീന്ന് ഇറങ്ങിയാലും,എത്ര വേഗത്തിൽ നടന്നാലും ഞങ്ങടെ ഗ്യാങ് സ്കൂൾ എത്തുമ്പോ എന്നും താമസിക്കും.എത്ര അടി കിട്ടിയിട്ടുണ്ടെന്നോ ഈ താമസിച്ചു വരവിനു.ഓരോ അടിയ്ക്ക് ശേഷവും എല്ലാരൂടെ തീരുമാനിക്കും ,നാളെ മുതൽ നമ്മൾ നേരത്തെ എത്തും..പക്ഷെ ഒരിക്കലും അതുണ്ടായിട്ടില്ല.പിറ്റേന്നാകുമ്പോൾ എല്ലാരും അത് മറക്കും.വൈകുന്നേരം വീട്ടിൽ ചെല്ലുമ്പോൾ ഉള്ള അവസ്ഥയും ഇത് തന്നെ.


കൊങ്ങിണിയുടെ കായ്‌ , കാട്ടു തക്കാളി,കണ്ണുനീർത്തുള്ളി ,തുടങ്ങിയവ പറിച്ചുള്ള പ്രകൃതി സ്നേഹം ,പല കടകളിൽ നിന്നുള്ള മിട്ടായി വാങ്ങൾ,വീതം വയ്ക്കൽ, തീപ്പെട്ടി പടം,സ്റ്റാമ്പ്, കോയിൻസ് എന്നിവയുടെ ശേഖരണം ഇതൊക്കെ വേണ്ടായെന്നു വയ്ക്കാൻ പറ്റില്ലല്ലോ.
അവളുടെ വീട് ഒരു കുന്നിനു താഴെ ആയിരുന്നു.അങ്ങോട്ടേയ്ക്ക് പോണ വഴി വേറെ വീടുകളോ ആളുകളോ ഒന്നും ഇല്ല.എനിക്ക് ഭയങ്കര പേടിയാരുന്നു ആ വഴി .എങ്കിലും പോകും.ഒറ്റയോട്ടമാണ്.അവളുടെ വീട്ടിൽ ചെന്നേ ശ്വാസം വിടൂ.
തിരിച്ചു പോരുമ്പോ അത് നടക്കില്ല ,കയറ്റമല്ലേ.അവള് കൊണ്ടേ വിടും .അവൾക്കു ഒന്നിനേം പേടിയുണ്ടാരുന്നില്ല.പാമ്പിനേം പുഴുനേം ഒന്നിനേം.അവള് കൂടെ ഉള്ളപ്പോ എനിക്കും ഭയങ്കര ധൈര്യം ആരുന്നു .


.ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം ആയിരുന്നു ഞങ്ങൾക്ക് ഡാൻസ് ക്ലാസ്.സലിം മാഷ് നെയും ,മാഷ് ന്റെ താളം പിടിക്കുന്ന വടി വച്ചുള്ള അടിയും എല്ലാം ഇന്നും ഓർക്കുന്നു. ഡാൻസ് ക്ലാസ് കഴിയുമ്പോ ആറുമണി കഴിയും. അവളുടെയോ എന്റെയോ വീട്ടീന്ന് ആരേലും വന്നു കൊണ്ട് പോരും.പോരുന്ന വഴി ചായക്കട പലഹാരവും സ്ഥിരമായിരുന്നു.
ഏഴാം ക്ലാസ് വരെ ഒരേ ക്ലാസ്സിൽ ആയിരുന്നു ഞാനും ശിൽപയും പഠിച്ചിരുന്നത്.ഹൈ സ്കൂൾ ആയപ്പോ ഞാൻ നാട്ടീന്നു പോയി.വീട്ടുകാരെ പിരിയുന്നതിനൊപ്പം അവളുടെ കൂടെന്ന് പോണതും ഒത്തിരി സങ്കടപ്പെടുത്തി. പിന്നെ ഇടയ്ക്കിടെ നാട്ടിൽ വരുമ്പോ ഓടി പോകും അവളുടെ വീട്ടിലേയ്ക്കു.എല്ലാ ഞായറാഴ്ചയും കുർബാനയ്ക്കു ചെല്ലുമ്പോ അവൾ മമ്മിയോട് ചോദിക്കുമായിരുന്നത്രേ ,’അവളെന്നാ വരുന്നേ’എന്ന് .പിന്നീടുള്ള വിശേഷം പറച്ചിലും കൂട്ടും എല്ലാം കത്തുകളിൽ കൂടെയാരുന്നു. മമ്മി കാണാൻ വരുമ്പോ ചിലപ്പോ കൊടുത്തു വിടും.ഇല്ല എങ്കിൽ പോസ്റ്റ് ചെയ്യും.


ഇതിനിടെ അപ്രതീക്ഷിതമായി
അവളുടെ പപ്പാ മരിച്ചു. അന്ന് കണ്ടപ്പോ അവളുടെ മുഖത്തു എന്നും ഉള്ള ചിരി ഉണ്ടാരുന്നില്ല.അമ്മയുടേം അനിയന്റെയും അരികെ കരഞ്ഞോണ്ടിരിക്കുന്ന അവളുടെ മുഖം ഒരുപാടു നാള് എനിക്ക് വേദനയായിരുന്നു.
പിന്നെ കാണുമ്പോളൊക്കെ എനിക്ക് കാണാനായി മാത്രം ..
അവൾ ചിരിക്കുമായിരുന്നു..അല്ല, ചിരിച്ചെന്നു വരുത്തുമായിരുന്നു. അവളുടെ കണ്ണിൽ എന്നുമുള്ള തിളക്കം നഷ്ടപ്പെട്ടിരുന്നു ,അവൾക് ചേരാത്ത ഒരു നിരാശ അവളുടെ മുഖത്തു ഞാൻ കണ്ടു .


എന്നും ഒന്നിച്ചായിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നു.അതിനു വേണ്ടി ഇരട്ട ചെക്കന്മാരെ കല്യാണം കഴിക്കണമെന്നു വരെ ഞങ്ങൾ ആലോചിച്ചിരുന്നു . .
പ്ലസ് ടു കഴിഞ്ഞു നഴ്സിംഗ് പോയപ്പോളും കത്തുകൾ തുടർന്നു .
എല്ലാ വിശേഷങ്ങളും സങ്കടങ്ങളും ഒക്കെ പറഞ്ഞുള്ള കത്തിന് വേണ്ടിയുള്ള നോക്കിയിരിപ്പു ഒരു സന്തോഷമായിരുന്നു …അവൾ എന്റെ അടുത്തൂന്നു അകലെയാണെന്നു എനിക്ക് തോന്നിയെ ഇല്ല.
പക്ഷെ പെട്ടെന്നൊരു ദിവസം മുതൽ അവളുടെ കത്ത് എനിക്ക് കിട്ടാതായി..
ആഴ്ചകൾ മാസങ്ങളായി…
എന്ത് സംഭവിച്ചു എന്നറിയാതെ ഞാൻ എന്നും കാത്തിരിക്കും.


അങ്ങനെ ഒരു ദിവസം മമ്മിയുടെ ഒരു കത്ത് വന്നു….എന്നെ തകർത്തു കളഞ്ഞ ഒരു വാർത്തയായിരുന്നു അതിൽ.ശിൽപയ്ക്ക് കാൻസർ ആണ്.തീരെ വയ്യ എന്ന്.എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി ഞാൻ ..നഴ്സിംഗ് കോളേജിൽ നിന്ന് പോകാനും അനുവാദം കിട്ടില്ല.അവളെ കാണാതെ പറ്റില്ല എന്നും thonni.
അന്നൊക്കെ വിരളമായാണ് കാൻസർ എന്ന രോഗത്തെ പറ്റി കേൾക്കുന്നത് തന്നെ.അവളെ കാണാൻ പോയതൊക്കെ ഇന്നും ഓർക്കുമ്പോൾ സങ്കടമാണ്.വേദന കൊണ്ടു ചുരുണ്ടു കൂടി കിടക്കുവരുന്നു.എന്തൊക്കെയോ സംസാരിച്ചു.കൂടുതലും നാളെകളെപ്പറ്റി.അസുഖം മാറിയാൽ ചെയ്യണ്ട കാര്യങ്ങളെപ്പറ്റി. അന്ന് അവളെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞപ്പോൾ നെഞ്ചിൽ പതിവില്ലാത്ത ഒരു പിടച്ചിലായിരുന്നു.അവളുടെ കണ്ണുനീർ എന്റെ തോളിലൂടെ ഒഴുകിയത് ഇന്നും ഓർക്കുന്നു.


പിന്നീടൊരിക്കലും
അവളുടെ കത്തുകൾ വന്നില്ല.
“എടിയേ ” എന്നുള്ള വിളി കേട്ടില്ല.
കുഞ്ഞികണ്ണടച്ചുള്ള ചിരി കണ്ടില്ല.പക്ഷെ ഓർമയിൽ എന്നും അവളുണ്ട്.എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.മിക്കപ്പോളും അവളും,അവളുടെ വീടും,ഒന്നിച്ചുള്ള സമയങ്ങളുമെല്ലാം എന്റെ സ്വപ്നങ്ങളിൽ വരാറുണ്ട്.അവളുടെ അമ്മയോട് ഇടയ്ക്കൊക്കെ സംസാരിക്കുമ്പോ ഞാൻ പറയും ,അമ്മാ അവളെ മിക്കപ്പോളും ഞാൻ സ്വപ്നം കാണാറുണ്ടെന്നു..വിതുമ്പുന്ന ശബ്‌ദത്തോടെ ‘അമ്മ ചോദിക്കും ..കൊച്ചിന്അവളെ കാണാൻ പറ്റുന്നുണ്ടല്ലോ..അവളെങ്ങനാ ഇപ്പോ ഇരിക്കുന്നെ ..അവളുടെ മുഖത്തു സന്തോഷവാണോ എന്നൊക്കെ.. എന്ത് പറയാനാ ഞാൻ..പക്ഷെ ഒരു കാര്യം സത്യമാണ്..ഞാൻ കണ്ടപ്പോളൊക്കെ അവൾ സന്തോഷത്തിലായിരുന്നു.

ഓടി നടന്ന കുട്ടിക്കാലത്തിന്റെ ഓർമ്മകളൊക്കെയും ഇന്നും അവളെനിക്ക് സ്വപ്നത്തിലൂടെ തന്നുകൊണ്ടിരിക്കുയാണ്..ഈ സ്വപ്നങ്ങൾ ഒക്കെ സത്യമായിരുന്നെങ്കിൽ എന്ന് എത്രയോ വട്ടം ഞാൻ ആഗ്രഹിച്ചു പോയി…ചിലപ്പോൾ യാഥാർഥ്യങ്ങളെക്കാൾ മനോഹാരിത സ്വപ്നങ്ങൾക്കായതു കൊണ്ടാവാം
അതൊക്കെ സ്വപ്നങ്ങളായി തന്നെ നിൽക്കുന്നത്…

By ivayana