രചന : കൃഷ്ണമോഹൻ കെ പി ✍
ചിത്രം വിചിത്രമീ ചിന്തയിലെത്തുന്ന
ചുമ്മാതെയുള്ളയീയക്ഷരങ്ങൾ
ചാലകശക്തിയായ് വാക്കുകളായ് വന്ന്
ചാരുതയോടെ വരികളാകും
ചിന്തിച്ചവയുടെ ചേതോഹരതയെ
ചുമ്മാ കുറിച്ചാൽ കവിതയാകാം.
ചിത്രവർണ്ണാങ്കിയാകും കവിതയെ
ചിത്തത്തിലേറ്റി ചിരിച്ചിടുമ്പോൾ
ചന്ദ്രികയെത്തും ഹൃദയത്തിലങ്ങനെ
ചാരുവാം ആമ്പൽ വിരിഞ്ഞു നില്ക്കും
ചേതനതന്നുടെ ആത്മ പ്രബുദ്ധത
ചേതോഹരമായി മുന്നിലെത്തും
ചൈത്രനിലാവിൻ്റെ വെള്ളി വെളിച്ചത്താൽ
ചൈതന്യമേറും ഹൃദയാംബരം
ചൊല്ലിടാനായിട്ടു മാത്രം കുറിയ്ക്കുന്ന
ചോദ്യങ്ങൾക്കുത്തരം കണ്ടു നില്ക്കാം
ചഞ്ചല ചിത്തത്തിൻ ഉൾമിടിപ്പങ്ങനെ
ചിന്താ രഹിതമായ് മാറിടുമ്പോൾ
ചാഞ്ചാടിയാടുന്ന ചിന്തയാം ഊഞ്ഞാലിൽ
ചാരിയിരുന്നു മയങ്ങുവാനാം🫡