കള്ളം പറയാതെ
കളവുകൾ ചെയ്യാതെ
എന്തിനെൻ ബാല്യം
അനാഥമാക്കി….?
തെറ്റുകൾ ചെയ്യാതെ
തെറ്റിപ്പിരിയാതെ
എങ്ങനെ ഞാൻ
അനാഥ ബാലനായി?
എന്നെത്തനിച്ചാക്കി
എങ്ങു പോയിയെന്റെ
അച്ഛനുമമ്മയും
എതിർ ദിശയിൽ…
എന്റെ മനസ്സിലെ
നോവുകളറിയാതെ
എന്നെത്തള്ളിയിട്ടു
ദുർദശയിൽ
ചിറകു മുളക്കാത്ത
കിളിയെത്തനിച്ചാക്കി
അമ്മക്കിളീ നീ
പോയതെങ്ങു്?
കണ്ണു തുറക്കാത്ത
കനവുകൾ കാണാത്ത
നിന്നോമനയെ നീ
മറന്നതെന്തേ?
എല്ലാം സഹിച്ചു ഞാൻ
കാത്തിരിക്കാമെന്നെ
ലോകമേ വിളിക്കാതെ
അനാഥനെന്ന്
ജന്മം തന്നവർ തന്നെ
ധർമ്മം മറക്കുമ്പോൾ
ജീവിതത്തിലെന്നും
അനാഥൻ തന്നെയല്ലേ?

മോഹനൻ താഴത്തേതിൽ

By ivayana