രചന : അനീഷ് വെളിയത്തു ✍
ബാംഗ്ലൂർ ജോലി ചെയ്തിരുന്ന കാലം. അന്ന് ആ സൈറ്റിൽ ഒരു നാഗരാജ് ഉണ്ടായിരുന്നു. മെക്കാനിക്ക് ആയിരുന്നു നാഗരാജ്. ഒരു മധ്യ വയസ്ക്കൻ. തമിഴ്നാട്ടിൽ എവിടെയോ ആണ് നാഗരാജിന്റെ വീട്. ഒരുപാട് വർഷങ്ങൾ ആയി നാഗരാജ് ആ കമ്പനിയിൽ ജോലി ചെയ്യുന്നു.
ഒരു നിഷ്കളങ്കൻ. ആരോടും വിനയത്തോട് കൂടി മാത്രമേ സംസാരിക്കാറുള്ളു. മുഖത്ത് എപ്പൊഴും മായാത്ത പുഞ്ചിരി. കൂടെ ജോലി ചെയ്യുന്നവർ തെറ്റുകൾ ചെയ്താൽ പോലും അവരോട് കയർത്തു സംസാരിക്കാറില്ല. പ്രൊജക്റ്റ് മാനേജർ ശെൽവകുമാർ സാറിന്റെ മുൻപിൽ കൈ കൂപ്പി മാത്രമേ നിൽക്കാറുള്ളു. ഇതൊക്കെ ആയിരുന്നു നാഗരാജ്.
എയർ ഫോഴ്സ് സ്റ്റേഷന് ഉള്ളിൽ ആയിരുന്നു ആ സൈറ്റ്. എയർ ഫോഴ്‌സിന്റെ ചെറു വിമാനങ്ങൾക്ക് പറന്ന് ഇറങ്ങുനുള്ള റൺവെ നിർമ്മിക്കൽ ആയിരുന്നു അവിടുത്തെ വർക്ക്. ആ ജോലി ആവശ്യങ്ങൾക്കായി ചെറുതും വലുതുമായി ധാരാളം മിഷനറികളും മറ്റ് വാഹനങ്ങളും അന്ന് കമ്പനിക്ക് അവിടെ ഉണ്ടായിരുന്നു. ഇവ എല്ലാം ഉൾപ്പെടുന്നത് ആയിരുന്നു അവിടുത്തെ മെക്കാനിക്കൽ സെക്ഷൻ. അതിന്റ ഇൻചാർജ് ഉദയ കുമാറും ഫോർമാൻ ശരവണനും ആയിരുന്നു. ഈ മെക്കാനിക്കൽ സെക്ഷനിൽ ശരവണന്റെ മേൽനോട്ടത്തിൽ ആയിരുന്നു നാഗരാജ് ജോലി ചെയ്തിരുന്നത്.
മുഷിഞ്ഞ വേഷത്തിൽ ദേഹമാസകലം ഓയിലും ഗ്രീസും പുരണ്ട് വർക്ക് ഷോപ്പിലും സൈറ്റിലുമൊക്കെയായി ഓടി നടന്ന് പണി ചെയ്യുന്ന നാഗരാജ് ഓരോ ദിവസേനയുള്ള സ്ഥിരം കാഴ്ചയാണ്. എപ്പോൾ കണ്ടാലും ചോദിക്കും, ” സാറെ സുഖമാണോ?, എന്നാ സാറ് നാട്ടിൽ പോകുന്നത്? വീട്ടിൽ എല്ലാർക്കും സുഖമാണോ? “
“ഈ കമ്പനിയിൽ വന്നിട്ട് ഒരുപാട് വർഷമായി സാറെ. ഇതുവരെ ഒരു വീട് കെട്ടിയില്ല”, ഇടക്കൊക്കെ നാഗരാജ് തന്റെ വിഷമങ്ങളും പ്രയാസവും ഞങ്ങളിൽ ചിലരോട് പറയും.
‘ഇങ്ങേർക്ക് ദുശീലങ്ങൾ ഒന്നുമില്ല, കിട്ടുന്ന പൈസ മുഴുവൻ ബാങ്കിൽ ഫിക്സഡ് ഇട്ടേക്കുവാ’, ഇടക്ക് കൂടെയുള്ള മറ്റ് പണിക്കാർ നാഗരാജിനെ കളിയാക്കും. അപ്പോഴും നാഗരാജിന്റെ മുഖത്ത് ഒരു പുഞ്ചിരി മാത്രം.
ഒരു ദിവസം മദ്ധ്യാനം ആരുടെയോ ഫോൺ വിളി കേട്ടാണ് ഞാൻ വർക്ക് ഷോപ്പിലേക്ക് ഓടി ചെന്നത്. ഒരു ആൾക്കൂട്ടം. അതിനുള്ളിൽ നിന്ന് ഉച്ചത്തിൽ ആരുടെയോ നിലവിളി ശബ്ദം കേൾക്കാം. ഞാൻ അതിനിടയിലേക്ക് തള്ളിക്കയറി. അവിടെ നിലത്തിരുന്നു അലമുറയിട്ട് കരയുന്ന നാഗരാജിനെ കണ്ടു.
നാഗരാജിന്റെ വലത് കൈ പാദം കെട്ടി വെച്ചിരിക്കുന്നു. രക്തത്തിൽ കുതിർന്ന് ആ കെട്ടിയ വെള്ളത്തുണി ചുവപ്പ് നിറത്തിലായി. അതിന് മേലെ ആരൊക്കയോ ചേർന്ന് വീണ്ടും തുണി ചുറ്റുന്നു. വേദനകൊണ്ട് പുളയുകയാണ് നാഗരാജ്. ചുറ്റും കൂടിയവർ നാഗരാജിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
“നാഗരാജിന് ആക്‌സിഡന്റ് പറ്റി, പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകണം. കൈ ഒരു മെഷീന് ഉള്ളിൽ വീണു, മൂന്നു വിരലുകൾ അറ്റുപോയി. പെട്ടന്ന് ഒരു വണ്ടി വിളി “, ഫോർമാൻ ശരവണൻ എന്നോടായി പറഞ്ഞു.
ഹോസ്പിറ്റലിൽ ആവശ്യത്തിനായി പൈസ വാങ്ങാൻ ഞാൻ അകൗണ്ടന്റ് സുരേഷ് ബാബു സാറിനടുത്തേയ്ക്ക് ഓടി. പതിനായിരം രൂപ ഞാൻ ചോദിച്ചു. ആ തുക രണ്ടുമൂന്നു തവണ എണ്ണി തിട്ടപ്പെടുത്താനും പിന്നീട് അതിന് വൗച്ചർ എഴുതാനുമൊക്കെ അകൗണ്ടന്റ് ഒരുപാട് സമയമെടുത്തു.
“സാറെ ഒന്നു പെട്ടന്ന് പൈസ തന്നൂടെ, ആക്‌സിഡന്റ് കേസ് ആണ് “, ഞാൻ അൽപ്പം ശബ്ദമുയർത്തി ചോദിച്ചു.
“ആക്‌സിഡന്റ് ഒക്കെ അങ്ങനെ കിടക്കും. പൈസയുടെ കണക്ക് തെറ്റിയാൽ ഹെഡ് ഓഫീസിൽ നിന്നും എന്നോടാ ചോദിക്കുക”, ഒരു സാദാ മാട്ടിൽ ആയിരുന്നു അകൗണ്ടന്റ്. ഒടുവിൽ പൈസ കിട്ടി.
വണ്ടിയിൽ രക്തക്കറ ആകുമെന്ന കാരണം പറഞ്ഞ് പ്രൊജക്റ്റ് മാനേജർ തന്റെ ജീപ്പ് വിട്ടുതരാൻ വിസമ്മതിച്ചു. രക്തക്കറ കഴുകിയാൽ പോകില്ലത്രേ. ഒരു വണ്ടിക്കായി പല സീനിയർ സ്റ്റാഫിനോടും യാചിച്ചു. ആരും സഹായിച്ചില്ല. ‘എന്ത് ദുഷ്ടന്മാർ ആണിവർ ‘, ഞാൻ മനസ്സിൽ പറഞ്ഞു. ഒടുവിൽ എന്റെ നിസ്സഹായ അവസ്ഥ കണ്ട് ലാബിലെ രവീന്ദ്രൻ സാർ സാറിന്റെ വണ്ടി വീട്ടുതന്നു. ഈ സമയങ്ങളിൽ എല്ലാം നാഗരാജ് ഓഫീസിന് വെളിയിൽ വേദനകൊണ്ട് പുളയുക ആയിരുന്നു. പല സീനിയർ സ്റ്റാഫുകളുടെയും നിസഹകരണം മൂലം കാര്യങ്ങൾ ഒരുപാട് വൈകി.
നാഗരാജിനെ വണ്ടിയിൽ കയറ്റി. കൂടെ ഞാനും വേറെ രണ്ടുപേരും കൂടി ഹോസ്പിറ്റലിലേക്ക് പോകാൻ പോകവേ ആരോ ഓടി വന്ന് ഒരു പേപ്പർ പൊതി എന്റെ കയ്യിൽ വെച്ചുതന്നു. “നാഗരാജിന്റെ അറ്റു പോയ വിരലുകൾ ആണ്. ചിലപ്പോൾ തുന്നി ചേർക്കാൻ പറ്റും” ആരോ പറഞ്ഞു. ആ പൊതി കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ആകെ വിറക്കാൻ തുടങ്ങി. പിന്നീട് ശരീരമാകെ ഒരു മരവിപ്പ് അനുഭവപ്പെട്ടു എനിക്ക്.
ഹോസ്പിറ്റലിൽ എത്തി ആ പൊതി നഴ്സിനെ ഏൽപ്പിക്കുന്നത് വരെ ഞാൻ ആ പൊതിക്ക് നേരെ നോക്കിയില്ല. വല്ലാത്ത ഒരു അവസ്ഥ തന്നെ ആയിരുന്നു അത്. ഉടൻ തന്നെ സർജറിക്കായി നാഗരാജിനെ തിയേറ്ററിലേക്ക് കയറ്റി. ‘സാറെ, സാറെ’ എന്ന് എന്നെ നോക്കി വിളിച്ച് കരയുന്നുണ്ടായിരുന്നു ആ പാവം.
‘വിരലുകൾ തുന്നി ചേർക്കാൻ കഴിയില്ല’, പുള്ളിക്കാരന്റെ നാലു വിരലുകൾ നഷ്ട്ടമായി’. കുറെ കഴിഞ്ഞപ്പോൾ ഒരു നഴ്‌സ് ഓപ്പറേഷൻ തിയേറ്ററിന് വെളിയിൽ കാത്തുനിന്നിരുന്ന ഞങ്ങളോട് പറഞ്ഞു. പിന്നെയും ഏറെ സമയം വേണ്ടി വന്നു സർജറി കഴിയാൻ. ഒടുവിൽ സർജറി കഴിഞ്ഞു. നാഗരാജ് മയക്കത്തിൽ ആണ്. പിന്നീട് റൂമിലേക്ക് മാറ്റി. അപ്പോഴേക്കും നേരം സന്ധ്യ മയങ്ങിയിരുന്നു. കൂടെ വന്നവരെ നാഗരാജിന് കൂട്ടിരുത്തി ഞാൻ മടങ്ങി. റൂമിൽ വന്ന ശേഷവും കഴിഞ്ഞ സംഭവങ്ങളുടെ ആ ഭീതി എന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു.
പിറ്റേദിവസവും ഞാൻ ഹോസ്പിറ്റലിൽ എത്തി. നാഗരാജ് മയക്കത്തിൽ ആണ്. ബോധം വീഴുമ്പോൾ ഒക്കെ വേദനകൊണ്ട് ഉറക്കെ കരയും എന്നാണ് കൂട്ടിരുന്നവർ പറഞ്ഞത്. ആക്സിഡന്റിനെപറ്റി നാഗരാജിന്റെ വീട്ടിൽ അറിയിച്ചു. നാഗരാജിന്റെ ഭാര്യ വന്നു. വേറെ ആരും തുണയായി ഇല്ല അവർക്ക്. ഒരു ദുർബല സ്ത്രീ. അവരുടെ കണ്ണിൽ നിന്നും ഇടതൂർന്ന് കണ്ണുനീർ പൊഴിയുന്നുണ്ട്. ആ കുടുംബം തീരെ ദാരിദ്രർ ആണെന്ന് ഭാര്യയെ കാണുമ്പോഴേ മനസ്സിൽ ആകും. ഒരു തരി പൊന്നില്ല അവരുടെ ദേഹത്ത്. സ്കൂളിൽ പഠിക്കുന്ന ഒരു മകനുണ്ട് അവർക്ക്. നാഗരാജിന് കിട്ടുന്ന കുറഞ്ഞ ശമ്പളം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള വരുമാനം. നാഗരാജ് ഇടക്കിടെ മയക്കത്തിൽനിന്ന് ഉണരും. യാഥാർത്യം മനസിലാകുമ്പോൾ വീണ്ടും കരയാൻ തുടങ്ങും.
ഇൻഷുറൻസ് ക്ലെയിമിന് ഡോക്ടറുടെ റിപ്പോർട്ട് വാങ്ങാൻ വേണ്ടി ഞാൻ പിന്നീടും രണ്ടു മൂന്നു തവണ ഹോസ്പിറ്റലിൽ പോയിരുന്നു. എന്നെ കാണുമ്പോൾ നാഗരാജ് പൊട്ടികരയും. “സാർ എന്റെ വലതു കൈ പോയി സാർ. ഇനി ജോലി ഒന്നും ചെയ്യാൻ പറ്റില്ല. എന്റെ കുടുംബം ഇനി എങ്ങനെ ജീവിക്കും സാർ”. നാഗരാജ് ഇത് പറഞ്ഞ് കരയുമ്പോൾ ഭാര്യയുടെയും കൂടെ കരയും. മറ്റാരും സഹായത്തിന് ഇല്ലാത്ത അവരുടെ നിസ്സഹായ അവസ്ഥ കണ്ടപ്പോൾ എനിക്കും വല്ലാത്ത വിഷമം തോന്നി.
ഒരാഴ്ച കഴിഞ്ഞ് നാഗരാജിനെ ഡിസ്ചാർജ് ചെയ്തു. പിന്നീട് രണ്ടുമൂന്നു തവണ നാഗരാജ് ഓഫീസിൽ വന്നിരുന്നു. വരുമ്പോൾ എന്തേലും പൈസ കൊടുത്തുവിടും അക്കൗണ്ടന്റ്. എല്ലാവരെയും നോക്കി കൈകൾ കൂപ്പി കരയുമായിരുന്നു ആ പാവം.
തനിക്ക് ഇൻഷുറൻസ് ഇനത്തിൽ കിട്ടാൻ പോകുന്ന തുകയിൽ ആയിരുന്നു അയാളുടെ പ്രതീക്ഷ. നല്ല തുക ഇൻഷുറൻസ് ആയി കിട്ടും എന്ന് പലരും പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നു ഓരോ തവണ അയാൾ വന്നു പോകുമ്പോഴും.
കുറെ നാളുകൾക്ക് ശേഷം ഞാൻ ആ കമ്പനി വിട്ടുപോയി. പിന്നീട് ആരെയൊ വിളിച്ചപ്പോൾ അറിഞ്ഞു നാഗരാജിന് ഇൻഷുറൻസ് തുക കിട്ടിയെന്ന്. ഇപ്പോൾ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു. അറ്റുപോയ വിരലുകൾ പൊതിഞ്ഞ പൊതിയുമായി നാഗരാജിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയ ആ നിമിഷങ്ങൾ, അതോർക്കുമ്പോൾ ഇപ്പൊഴും മനസ്സ് ആസ്വസ്ഥമാകും. അയാളുടെ ഇപ്പോഴത്തെ അവസ്ഥ, കുടുംബം, മകൻ എല്ലാവർക്കും ഈശ്വരൻ നല്ലതുമാത്രം വരുത്തട്ടെ. ❤