മിഥുനത്തിൻ മഴയിറ്റു വീഴുമീ സന്ധ്യയിൽ
മഴയുടെ സംഗീതം കേട്ടു നില്ക്കേ
മഴയൊരു ശ്രുതിമൂളി എന്നുടെ കാതിലായ്
മധുരം, മനോജ്ഞമതെന്നു തോന്നീ
അഴകേറുമലയാഴി തന്നിൽ നിന്നൊരു ദിനം
പവനൻ്റെ ചിറകേറി വാനിടത്തിൽ
ഒരു ചെറു ബിന്ദുവായ് ചെന്നങ്ങു ഭൂമിതൻ
തരുണീ പ്രഭാവത്തെ നോക്കി നിന്നൂ
നിമിഷങ്ങൾ കൊഴിയവേ കൂട്ടുകാരായെത്തി
അനവധി കണികകളംബരത്തിൽ
അവയൊത്തുകൂടവേ മഴമേഘമായ് മാറി
അഹങ്കാരമല്പം ഉടലെടുത്തൂ
അവനിയ്ക്കു മേലൊരു മേലാപ്പു പോലെയാ
കരിമുകിൽ ആകെപ്പരന്നു നിന്നൂ
ഒരു ചെറു കാറ്റെത്തി മെല്ലെത്തലോടവേ
കരിമുകിൽ വീണ്ടും ജലകണമായ്
ഓർക്ക,നാമെത്രയും മേലെപ്പറന്നാലും
ചോട്ടിലെത്തിത്തന്നെ തീർന്നീടണം
ഒട്ടൊരഹങ്കാരമുളളിൽ മുളച്ചീടിൽ
പെട്ടു പോം പാപക്കടലിൽ നമ്മൾ
മഴയിതു പറയുന്ന മാത്രയിൽ മാനസം
മധുരിതമായീ, സ്വതന്ത്രമായീ
മഴയുടെ സ്വരവീചി ആസ്വദിച്ചങ്ങനെ
മുഴുകി ഞാൻ നിന്നൂ എന്നാരാമത്തിൽ🪻

കൃഷ്ണമോഹൻ കെ പി

By ivayana