ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അരീക്കരയിലെ കുട്ടിക്കാലത്ത് വലിയ കൊമ്പൻ മീശ വെച്ച ആളുകളെ കാണുമ്പോൾ ഭയം കലർന്ന ഒരു ആരാധന ഞങ്ങൾ കുട്ടികൾക്ക് അവരോട് തോന്നിയിരുന്നു …ചിലരൊക്കെ ബാലെയിലെ രാജാപ്പാർട്ട് കഥാപാത്രങ്ങളെപ്പോലെ വലിയ മീശയും വെച്ച് നടന്നു വരുമ്പോൾ അവരുടെ ആ വലിയ മീശ ഒളിഞ്ഞും തെളിഞ്ഞും നോക്കി
” ഇതൊക്കെ എങ്ങിനെ ഒപ്പിക്കുന്നു‌..! ” എന്നോർത്ത് ആശ്ചര്യം കൊള്ളുമായിരുന്നു‌..
അരീക്കര തന്നെ നിരവധി പേർ മീശയുടെ പേരിൽ പ്രസിദ്ധരും കുപ്രസിദ്ധരും ആയിരുന്നു …അവരിൽ പ്രമാണിമാരും നേതാക്കന്മാരും ചട്ടമ്പികളും തുടങ്ങി കർഷക തൊഴിലാളികൾ വരെ ഉണ്ടായിരുന്നു ..മിക്കവരും അച്ഛനെയും അമ്മയെയും അറിയുന്നതിനാൽ ഞങ്ങൾ മക്കളോട് ഒരു വാൽസല്യം കലർന്ന അടുപ്പം പ്രകടിപ്പിച്ചിരുന്നു‌…
വലിയ മീശക്കാരെയൊക്കെ പേരിന്റെ ആദ്യമോ അവസാനമോ സർനൈം പോലെ മീശ എന്ന വാക്ക് ചേർത്തു രഹസ്യമായോ പരസ്യമായോ വിളിക്കുക വളരെ സാധാരണമായിരുന്നു …ഞങ്ങൾ കുട്ടികൾ ആകട്ടെ അത്തരം മീശക്കാർ ദൂരെ നിന്നു വരുന്നത് കാണുമ്പോൾ
” ആണ്ടെ…മീശക്കാരൻ….വരുന്നു “
എന്നോ
” മീശ …..വരുന്നു “
എന്നൊക്കെ പതുക്കെ അച്ഛനോ അമ്മക്കോ ഒരു അറിയിപ്പ് നൽകുമായിരുന്നു …
എന്നാൽ ഈ വലിയ മീശ വെച്ചവർ ആരും വലിയ കുഴപ്പക്കാർ അല്ലെന്നും അവർക്ക് ഞങ്ങളോട് പ്രത്യേക വാൽസല്യം ആണെന്നും മനസ്സിലാക്കിയതോടെ വലിയ കപ്പടാ മീശക്കാരെ ആരെയും കാഴ്ച കൊണ്ടു മാത്രം ഭയക്കേണ്ടതില്ലെന്നും അവർ മറ്റു സാധാരണ മനുഷ്യരെപ്പോലെ തന്നെ സ്നേഹവും ദയയും അനുകമ്പയും ഒക്കെ ഉള്ളവർ ആണെന്നു മനസ്സിലായി‌..
അങ്ങിനെയുള്ള ” മീശ” ബ്രാൻഡിൽ പരിചയപ്പെട്ട ഒരാൾ ആയിരുന്നു മീശ രാഘവൻ എന്ന അച്ഛന്റെ പ്രൈമറി സ്കൂൾ സഹപാഠി…അദ്ദേഹത്തിനു വലിയ കപ്പടാ മീശ ഒന്നും ഞങ്ങൾ കണ്ടു തുടങ്ങുമ്പോൾ ഇല്ല…നര കയറിയ ചെറിയ മീശ രണ്ടറ്റവും അൽപ്പം പിരിച്ചു വെച്ചത് പോലെ ഇരിക്കും.. അരീക്കരയിലെ വലിയ കപ്പടാ മീശക്കാരെ പോലെ അത്ര ഭയപ്പെടുത്തുന്ന തരം ലുക്ക് ഒന്നും ഇല്ലാത്ത ഒരു സാധുവായ സാദാ മീശക്കാരൻ ആണയാൾ.. പണ്ടെങ്ങോ വലിയ കപ്പടാ മീശ വെച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു വീണ പേർ പിന്നീടും‌ തുടരുന്നു എന്ന് മാത്രം.
അച്ഛൻ ഇദ്ദേഹത്തെ പരസ്യമായി വിളിക്കുന്നതും സംഭാഷണത്തിനിടെ പലവട്ടം പറയുന്നതും മീശ എന്നു തന്നെ ആയിരിക്കും…അല്ലറ ചില്ലറ കൃഷിപ്പണിയും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിന്റെ നാഥനായ അദ്ദേഹം സമീപ ഗ്രാമമായ കൊഴുവല്ലൂരിൽ എവിടെയോ ആണ് താമസം..അച്ഛൻ അവധിക്ക് വന്നു എന്ന് എങ്ങിനെയെങ്കിലും അദ്ദേഹത്തിനു വിവരം കിട്ടും..അന്നു തന്നെയോ പിറ്റേന്നോ അച്ഛനെ തിരക്കി വീട്ടിലെത്തുകയും ചെയ്യും..അദ്ദേഹം ദൂരെ നിന്നു വരുന്നത് തന്നെ താഴെ പാട വരമ്പിലൂടെ നടന്ന് പറമ്പിലെ കൃഷികൾ ഒക്കെ ഒന്നു ചുറ്റി നടന്ന് നിരീക്ഷിച്ച് താഴെ വിളയാറായ നെല്ലോ മുതിരയോ ഉഴുന്നോ ചെറുപയറോ ഒക്കെ കണ്ടായിരിക്കും..
വീട്ടിലെക്ക് കയറുന്നത് തന്നെ അച്ഛനോട് കൃഷി സ്ഥലത്തു കണ്ട പലതരം പോരായ്മയോ പണികൾ ചെയ്തിലെ അപാകതകളോ ഒക്കെ ഉറക്കെ പറഞ്ഞു കൊണ്ടായിരിക്കും…
” ഞാനീ തങ്കപ്പനോട് പറഞ്ഞു മടുത്തു….”
” ഇങ്ങനെയാണോ വാരം കോരുന്നത് ..? “
” വാഴക്ക് ആകെ ക്ഷീണമാണ് “
” സാറിനെ ( തങ്കമ്മ സാർ ) കൊണ്ട് ഈ കൃഷി വല്ലതും നോക്കാൻ പറ്റുമോ….അപ്പോൾ ഉത്തരവാദിത്വമായി അതൊക്കെ നോക്കാൻ ആരെയെങ്കിലും ഏൽപ്പിക്കണ്ടെ ..”
അച്ഛൻ രാഘവൻ ചേട്ടനെ കാണാത്ത താമസം …അതു വരെ പറഞ്ഞ പരാതികൾക്കെല്ലാം കൂടി ഒരുത്തരം നൽകും..
” കേറി വാടോ മീശേ….കൃഷി ഒക്കെ ആണുങ്ങൾ നോക്കിക്കോളും…താൻ അങ്ങ് എല്ലും തൊലിയും ആയല്ലോ….തന്റെ മീശയുടെ പണ്ടത്തെ പ്രതാപം ഒക്കെ പോയല്ലോടോ….”
പിന്നെ അദ്ദേഹം വീട്ടിലെയും നാട്ടിലെയും സകല വിശേഷങ്ങളും പറമ്പിൽ കണ്ട കുറ്റങ്ങളും കുറവുകളും അച്ഛനെ ധരിപ്പിക്കും..അച്ഛൻ നാട്ടിലില്ലാത്ത കാലത്ത് അരീക്കരയിലെ പ്രധാന സംഭവ വികാസങ്ങൾ എല്ലാം അച്ഛനെ ധരിപ്പിക്കും…വരുന്ന സമയം അനുസരിച്ച് ചായയോ അമ്മ വീട്ടിലുണ്ടെങ്കിൽ ഉച്ചക്ക് ഊണോ നൽകും..അമ്മയോട് വലിയ ബഹുമാനം ആണ്…മൂന്നു മക്കളേയും അമ്മ മുളക്കുഴ പഠിപ്പിച്ചതായതിനാൽ അമ്മയും ചിലപ്പോൾ അവരുടെ വിവരങ്ങൾ തിരക്കും…
അച്ഛൻ അവധിക്കു വന്നാൽ രാഘവൻ ചേട്ടൻ അച്ഛന്റെ സ്പോൺസർഷിപ്പിൽ‌ ഒന്നോ രണ്ടോ ഉൽസവങ്ങൾക്ക് പോകും..അച്ഛനു കഥകളി കാണാനും വെടിക്കെട്ട് കാണാനും ഒക്കെ ഇഷ്ടമായതിനാൽ അച്ഛന്റെ കൂടെ രാഘവൻ ചേട്ടനും കൂടും..പിറ്റെ ദിവസം അച്ഛൻ അവിടുത്ത ചില കാര്യങ്ങൾ ഞങ്ങളോടു പറയും…
അങ്ങിനെ ഒരു ദിവസം അച്ഛനും രാഘവൻ ചേട്ടനും കൂടി ഓച്ചിറ അമ്പലത്തിൽ പോയി…
അവിടെയൊക്കെ കറങ്ങി രാഘവൻ ചേട്ടനു ആവശ്യമുള്ള ചില ചില്ലറ സാധനങ്ങളും ഒക്കെ വാങ്ങി കൊടുത്ത് രണ്ടു പേരും കൂടി അവിടെയുള്ള ഒരു ഹോട്ടലിൽ ഊണു കഴിക്കാൻ കയറി…
അച്ഛൻ രണ്ടാമത് അൽപ്പം ചോറു കൂടി വാങ്ങി ഊണു അവസാനിപ്പിച്ചപ്പോൾ രാഘവൻ ചേട്ടൻ മൂന്നാമതും ചോറു വാങ്ങി തകൃതിയായി ഉണ്ണുകയാണ്..
അദ്ദേഹം ഉടൻ ഊണ് കഴിഞ്ഞ് എഴുനേൽക്കുമല്ലോ എന്ന് കരുതി അച്ഛൻ ക്ഷമയോടെ കാത്തിരിക്കുമ്പോൾ
” തങ്കപ്പാ…ദോഷം പറയരുത്….രസ്യൻ ഊണാ….അവിയലും തോരനും എല്ലാം ഫസ്റ്റ് ക്ലാസാ….”
അത് പറഞ്ഞ് നാലാമതും കുറച്ചു ചോറു വേണമെന്ന് പറഞ്ഞതോടെ ഊണു വിളമ്പിയ ഹോട്ടൽ ജീവനക്കാരെന്റെ മട്ടു മാറി…
” ഇവിടെ രണ്ടാമത് വിളമ്പി…കുഴപ്പമില്ല …മൂന്നാമതും തന്നു….ഇനി ചോറ് വേണമെങ്കിൽ എക്സ്റ്റ്രായാ…..അതിനു കാശ് വാങ്ങും…”
” വിശപ്പ് തീരാത്തതു കൊണ്ടല്ലെ ചോദിച്ചത്….അതിനു വേറെ കാശ് വേണം എന്ന് പറഞ്ഞാൽ അത് എന്തോ ന്യായമാ…”
അച്ഛൻ ആണെങ്കിൽ ഈ വാദപ്രതിവാദം ഉച്ചത്തിൽ ആയതോടെ എങ്ങിനെയും പ്രശ്നം പരിഹരിച്ച് അവിടെ നിന്നും രാഘവൻ ചേട്ടനെ ഇറക്കി കൊണ്ട് പോയാൽ മതി എന്നായി…
” എന്റെ മീശെ….ആളുകൾ കാണുകല്ലേ……താൻ ഉണ്ടത് മതി…നമുക്ക് പോകാം…”
” അയാൾ ചോറിടട്ടെ തങ്കപ്പാ….ഉണ്ണുന്നവർക്ക് ചോറില്ലാന്ന് പറഞ്ഞാൽ അതെങ്ങിനെ ശരിയാകും….മൂന്നോ നാലോ എന്നല്ലല്ലോ കണക്ക്…വിശപ്പ് തീരണ്ടെ ….”
അച്ഛൻ ഒടുവിൽ ഹോട്ടൽ വിളമ്പുകാരനോട് എക്സ്ട്രാ ചാർജ്ജ് ഒന്നും കുഴപ്പമില്ല …ചോറു വീണ്ടും കൊടുക്കാൻ പറഞ്ഞ് പ്രശ്നം പരിഹരിച്ചു‌…
അന്നത്തെ സുഹൃത്തുക്കൾ ഒക്കെ അങ്ങിനെയായിരുന്നു‌…അധികാരം കലർന്ന സ്നേഹം ആണ് അവർക്കെല്ലാം…അച്ഛന്റെ കൃഷികളും വീട്ടിലെ കാര്യങ്ങളും എല്ലാം അവർ ചോദ്യം ചെയ്യും…കുറ്റം കണ്ടു പിടിക്കും…ടൺ കണക്കിനു ഉപദേശിക്കും…അച്ഛൻ ആണെങ്കിൽ അവരുടെ സ്കൂൾ കാലത്തെ സൗഹൃദം പുതുക്കാൻ അവർക്ക് അല്ലറ ചില്ലറ സഹായങ്ങൾ ചെയ്യും..പട്ടാളത്തിൽ നിന്ന് കൊണ്ടു വരുന്ന സോപ്പോ പുതപ്പോ ഒക്കെ കൊടുക്കും….
ഒരിക്കൽ അച്ഛൻ പറമ്പിലൂടെ താഴെക്ക് നടന്നപ്പോൾ കയ്യാലയുടെ ഒരു കല്ല് ഇളകി അച്ഛന്റെ കാൽ ഉളുക്കി…വിവരം അറിഞ്ഞെത്തിയ രാഘവൻ ചേട്ടൻ ആദ്യം അച്ഛന്റെ സൂക്ഷ്മ ക്കുറവിനെ ശകാരിച്ചു‌…കയ്യാല കെട്ടിയ പണിക്കാരനെ ശകാരിച്ചു‌…ശകാരങ്ങൾ എല്ലാം കഴിഞ്ഞ് അച്ഛന്റെ കൈയ്യിൽ നിന്നു തന്നെ ഏതോ തൈലം വാങ്ങാൻ പണം വാങ്ങി അത് വാങ്ങി കൊണ്ടു വന്ന് എങ്ങിനെ പുരട്ടണം…എങ്ങിനെ തിരുമണം…എങ്ങിനെ കുളിക്കണം തുടങ്ങി നൂറു ഉപദേശവും…
” എന്റെ മീശെ …..ഇയ്യാളുടെ വർത്തമാനം കേട്ടാൽ തോന്നും ഞാൻ മനപ്പൂർവ്വം ചാടി കല്ല് ഇളക്കി വീണതാണെന്ന്…..എടോ ആർക്കും ഇതൊക്കെ പറ്റും..കാൽ ഒടിഞ്ഞൊന്നും ഇല്ലല്ലോ…ഒന്നു ഉളുക്കിയതല്ലെ ഉള്ളൂ…”
” അങ്ങിനെ പറഞ്ഞാലെങ്ങനാ തങ്കപ്പാ….സൂക്ഷിക്കേണ്ടെ …..ഞാൻ ഇന്നാളു വന്നപ്പോഴും ആ കല്ല് ഇളകിയിരിക്കുവാന്നു പറഞ്ഞതാണെ…..”
ഇങ്ങിനെയാണ് അദ്ദേഹം…ഈ കുറ്റങ്ങൾ ഒക്കെ പറയുമെങ്കിലും അച്ഛനോട് അദ്ദേഹത്തിനു എന്തു കരുതലും കാര്യവും ആണെന്ന് മനസ്സിലാക്കി തരുന്ന എത്രയോ സംഭവങ്ങൾ ആണ് ഒരോ അവധിക്കു അച്ഛൻ വരുമ്പോഴും ഞങ്ങൾ കണ്ടിട്ടുള്ളത് …ആ കുറ്റപ്പെടുത്തലും ഉപദേശവും എല്ലാം അച്ഛനോടുള്ള അടുപ്പവും സ്നേഹവും കൊണ്ടാണ് എന്നും ഗ്രാമത്തിലെ സൗഹൃദങ്ങളുടെ നിഷ്കളങ്കത ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നു..
മറ്റൊരവധിക്കാലത്ത് മീശ രാഘവൻ കാൽ ഉളുക്കി മുളക്കുഴ ഡോ.ഹരിദാസിന്റെ ആശുപത്രിയിൽ അഡ്മിറ്റ് ആയി…അച്ഛൻ വിവരം അറിഞ്ഞ് കാണാൻ ചെന്നു…
” തങ്കപ്പാ….കൊച്ചൊരു കല്ലായിരുന്നു…തെന്നി മാറിയതാ….”
” താൻ ഒന്നും പറയണ്ട….വീണു….കാലുളുക്കി…പോരേ …”
ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഡിസ്ചാർജ്ജ് ആകുന്ന ദിവസം അച്ഛൻ പോയി…കൂടെ ഞാനുമുണ്ട് .
” തങ്കപ്പാ….പയ്യൻ വീട്ടിലോട്ടു പോയി സൈക്കിളും പൈസയും ആയി ഉടനെ വരും…”
” സൈക്കിളും പൈസയും ഒക്കെ ഇവിടുണ്ട്…..താൻ സാധനങ്ങൾ ഒക്കെ പൊതിഞ്ഞ് വെച്ചെങ്കിൽ പോകാം..”
രാഘവൻ ചേട്ടന്റെ ചെറിയ ബാഗ് ഹാൻഡിലിൽ തൂക്കി അദ്ദേഹത്തെ പിന്നിൽ ഇരുത്തി അച്ഛൻ സൈക്കിളിൽ അദ്ദേഹത്തിന്റെ വീട്ടിലെക്ക് ഉരുട്ടിയപ്പോൾ അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു …
” മക്കളെ….തങ്കപ്പനെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല …തങ്കപ്പൻ തക്ക സമയത്ത് തന്നെ വരുമെന്ന് എനിക്കറിയാമായിരുന്നു‌…തങ്കപ്പൻ അങ്ങനാ….”
അരീക്കരയിലെ അച്ഛന്റെ മുൻ സഹപാഠികളോടും സുഹൃത്തുക്കളോടുമുള്ള കരുതലും സ്നേഹവും അവർക്ക് തിരിച്ചു അച്ഛനോടു ഉണ്ടായിരുന്നതും ഒക്കെ കണ്ടാണ് ഞങ്ങൾ വളർന്നത് ..
ഞാൻ മുംബയിൽ പഠിക്കാൻ പോയ കാലത്ത് രാഘവൻ ചെട്ടൻ യാത്ര ആയി എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ പണ്ടെങ്ങോ വെച്ചിരുന്ന വലിയ മീശയുടെ ഉടമ എത്രയോ നിഷ്കളങ്കനായ ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്ന് ഞാൻ ഓർത്തു .

സോമരാജൻ പണിക്കർ

By ivayana