രചന : ഷാജു. കെ. കടമേരി ✍
ഇണങ്ങിയും പിണങ്ങിയും
വഴിതെറ്റിയിറങ്ങുന്ന
മഴപ്പാതിരാവിനെ
മെരുക്കിയെടുത്ത്
അസ്തമിക്കുന്ന
ഉറവ് ചാലുകൾക്കിടയിൽ
വറ്റിവരളുന്ന നാളെയുടെ
മിടിപ്പുകളെ വരികളിലേക്കിറക്കി
വയ്ക്കുമ്പോൾ.
പാതിയടർന്നൊരു ദുഃസ്വപ്നം
എത്ര പെട്ടെന്നാണ്
വരികൾക്കിടയിൽ ചിതറിവീണ്
ഭയന്ന് നിലവിളിച്ചുകൊണ്ടിറങ്ങി
യോടിയത് .
അങ്ങനെ മഴച്ചിരികൾ
വിരിഞ്ഞൊരു
പാതിരാവിലായിരുന്നു
ഉറക്കത്തിനിടയിലേക്ക്
നുഴഞ്ഞ്കയറിയ ദുഃസ്വപ്നം
ഇരുളാഴങ്ങളിൽ കൊടുങ്കാറ്റ്
ചിതറിയിട്ടത് .
മുറ്റത്ത് മുറ്റത്ത് വീടുകൾ
ചുറ്റും കരകവിഞ്ഞൊഴുകുന്ന
സമുദ്രം
നടന്ന് പോകാൻ പോലും
ഒരടി മണ്ണില്ല
വിശക്കുന്നവരുടെ
പോർവിളികൾക്കിടയിൽ
ശവത്തെ തിന്നാൻ വേണ്ടിയും
പിന്നെയൊരു യുദ്ധം .
ഇല പൊഴിച്ചിട്ട
മരക്കൂട്ടങ്ങൾക്കിടയിൽ
ഉടുതുണിയില്ലാത്ത രൂപങ്ങൾ
ചിലര് ഇല കോർത്തെടുത്ത്
നാണം മറച്ചിരിക്കുന്നു .
അബോധമണ്ഡലത്തിന്റെ
ഭ്രമണപഥങ്ങളിൽ ദുഃസ്വപ്നം
വിയർത്ത് കിതച്ചുകൊണ്ടിരിക്കെ
ഫോണിലെ അലാറം
ദുഃസ്വപ്നത്തെ മുറിച്ചു .
അകലെ തീവണ്ടിയുടെ കിതപ്പ്
ചൂളംവിളി . മഴ തോർന്നിരിക്കുന്നു
പാതിയിൽ അവസാനിച്ച
ദുഃസ്വപ്നത്തിലെ ഇരുൾ ചുവക്കും
ഇടവഴികൾ വീണ്ടും
കവിതയിലേക്കിറങ്ങി
അക്ഷരക്കൂട്ടങ്ങളായ് തലതല്ലി
പിടഞ്ഞ് വീണ്
വരും നാളെകളിലേക്ക്
വിരൽചൂണ്ടുന്നു ………..