കൊച്ചി എയർപോർട്ടിൽ നിന്ന് കോട്ടയം സ്വദേശിയെ കാറിൽ കൊണ്ട് ചെന്നാക്കിയതിന് ശേഷം തിരിച്ച് വരുന്ന വഴിയിൽ മഴവെള്ളപാച്ചിലിൽ പെട്ടുപോയ ടാക്സി ഡ്രൈവർ അങ്കമാലി മഞ്ഞപ്ര സ്വദേശിയായ പ്രിയപ്പെട്ട ജസ്റ്റിനെ….
എനിക്ക് നിന്നെ പരിചയമുള്ളത് രണ്ടു മാസം മുമ്പ് മുതൽ മാത്രമാണ്. നെടുമ്പാശേരി എർപോർട്ടിൽ ടാക്സി ഓടിക്കുന്ന നിന്നെ ആദ്യം കാണുന്നതും എർപോർട്ടിന്റെ മുന്നിലെ പാർക്കിങ്ങിൽ വെച്ചാണ്. ഇന്ന് കോട്ടയത്തു കായലിൽ നിന്നും, നിൻറെ തേജസ്സറ്റ ശരീരം കണ്ടപ്പോൾ താങ്ങാൻ കഴിയാത്ത വേദനയാണ് തോന്നിയത്. ടീവിയിൽ നിന്നെ കുറിച്ചുള്ള ന്യൂസ് വന്നപ്പോൾ കേട്ടുനിൽക്കാൻ സാധിക്കാത്തത് കൊണ്ട്
ടീവി നിർത്തി വെച്ച് ഞാനൊരു പിൻനടത്തം നടത്തിയിരുന്നു. നമ്മുടെ കൊച്ചി ഏർപോർട്ട് പാർക്കിങ്ങിൽ നീ കാർ വാഷ്ചെയ്യുന്നതും ട്രിപ്പുകൾ അന്വേഷിക്കുന്നതുമായ എന്റെയും നിന്റെയും ആ ദിനങ്ങളിലേക്ക്. കഠിനാദ്ധ്വാനം ചെയ്തിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ ഉഴറിയ നിൻറെ പച്ചയായ ജീവിത ദിനങ്ങളിലേക്ക്. ജെസ്റ്റിനെ നീ നിന്റെ കുടുംബത്തിന്റെ വിശപ്പാറ്റാൻ വേണ്ടിയാണല്ലോ ജോലിക്കു പോകുന്നത്. പക്ഷെ ഒരിക്കൽ നീ പറഞ്ഞു ഡ്രൈവർ ജോലി ചെയ്യുന്നത് കൊണ്ട് നാട്ടിൽ ചെല്ലാൻ നാട്ടുകാരിൽ ചിലർ അനുവദിക്കില്ല എന്ന്. നാടുമുഴുവൻ തെണ്ടിത്തിരിഞ്ഞു മാസ്ക്കും ക്‌ളൗസും വെക്കാതെ കാണുന്നിടത്തൊക്കെ കേറിയിറങ്ങി നടക്കുന്ന നാട്ടുകാരോട് പോയി പണിനോക്കാൻ പറയാർന്നില്ലേ എന്ന് ഞാൻ നിന്നോട് പറഞ്ഞപ്പോൾ നിന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു….💕😥
ജെസ്റ്റിനെ…
നീ സെമിത്തേരിയിലേക്ക് ഒളിച്ചോടിയ ഈ സന്ധ്യയിലും നമ്മുടെ നാട്ടിൽ പെരുമഴയായിരുന്നു… നമ്മൾ ഏർപ്പോർട്ടു പാർക്കിങ്ങിൽ കിടക്കുമ്പോൾ ഉണ്ടാകാറുള്ള പോലെ തോരാമഴ. മനസ്സുകൊണ്ട് നിനക്കായ് കരുതിയ ഒരുപിടിമണ്ണ് വാരിയിട്ട് നിന്നെ നോക്കാതെ, ഞാൻ തിരഞ്ഞു നടക്കുമ്പോഴും, ഓർമ്മകളിലും നിൻറെ വേർപാടിൻറെ ഈ സന്ധ്യയിലും, അതേ തോരാമഴയിൽ ഞാൻ നന്നായി നനഞ്ഞിരുന്നു. നനഞ്ഞു കുതിർന്നൊട്ടി വിറച്ചിരുന്നു. നിന്നെ സ്നേഹിച്ച ഞങ്ങളെല്ലാവരും..😥
ജെസ്റ്റിനെ….
നിന്റെ പ്രിയപെട്ടവരുടെ , സഹോദരങ്ങളുടെ കണ്ണുനീരായിരുന്നു ഈ ദിവസത്തെ എന്റെ വേദന. ഇക്കൊല്ലത്തെ മഴക്കാലത്ത് മഴയും മിഴികളും തോരുന്നേയില്ലല്ലോടാ. നമ്മളൊരിക്കലും ഇങ്ങനെയായിരുന്നില്ല. ഇത്രമേൽ ദുരിതപർവ്വങ്ങൾ താണ്ടിയിട്ടുണ്ടായിരുന്നില്ല. ഇന്ന് രാവിലെ എർപോർട്ടിലെ പാർക്കിങ്ങിൽ വന്നപ്പോൾ പെരുമഴയത്ത് ഞാൻ എന്റെ കാറിൻറെ ഗ്ളാസ് താഴ്ത്തി നിന്നെത്തിരഞ്ഞു. പലവട്ടം നിസ്സഹായനായി ഉഴറി. പലകുറി കറങ്ങി…യാഥാർഥ്യങ്ങളിലേക്ക് പതിയെ മടങ്ങി. നീ എവിടേക്കാണെടാ ഇത്രവേഗത്തിൽ പോയത്…?!🙁😥
സ്നേഹാശ്ലേഷങ്ങളോടെ, നിനക്ക് വിട….
കണ്ണീർ പ്രണാമങ്ങൾ…….!!!
ഈ രാത്രിയും ശുഭകരമല്ല…..!