“പുഷ്പിത ജീവിതവാടിയിലൊ-
രപ്സരസുന്ദരി, യാണനീസ്യ”
എന്ന്, വി. സാംബശിവന്‍ കഥാപ്രസംഗവേദിയില്‍ പാടുമ്പോള്‍ ഒരു കര മുഴുവനം അല്ലെങ്കില്‍ ഒരു നഗരം മുഴുവനും നിശ്ശബ്ദമായിരിക്കും!!
ഓരോ മലയാളിയുടെയും മനസ്സില്‍ ആവേശം നിറയ്ക്കുന്ന കാഥികള്‍… മനോഹരമായ ഗാനങ്ങള്‍ ….
“അപ്സരസ്സാണെന്റെ ഡെസ്റ്റമൺ നിത്യവും
പാടുമാടും സുഹൃത് സമ്മേളനങ്ങളില്‍.
സല്‍സ്വഭാവത്തിന്റെ ദേവതയാണവള്‍
സംശയിക്കില്ലൊരു കാലവും, നിന്നെ ഞാന്‍
സംശയിക്കില്ലൊരു കാലവും, നിന്നെ ഞാന്‍ “
“ചൊല്ലുകെമീലിയാ കാന്തനെ വഞ്ചിക്കും
വല്ലഭമാര്‍ ഭൂവിലുണ്ടോ?
ഈ യുലകൊന്നായ് നിനക്കു നല്കീടിലും
നീയതുചെയ്യുമെന്നുണ്ടോ?
ഇങ്ങനെ ഓരോ വരികളും ഇന്നും മലയാളിമനസ്സില്‍ നൃത്തംചെയ്ക്കുയിമാറ് മാസ്മരശബ്ദവും അതിന്റെ മോഡിലേഷനും!
കഥാപാത്രങ്ങള്‍ക്കനുസൃതമായി വ്യത്യസ്തശബ്ദങ്ങളില്‍ ചടുലമായ ആഖ്യാനം. അദ്ദേഹം കഥ പറയുകയല്ല. കഥയുടെ ഒഴുക്കിലൂടെ അനുവാചകനെ വലിച്ചുകൊണ്ടുപോവുകയാണ് ചെയ്യുക. സാംബശിന്റെ‍ കഥാപ്രസംഗത്തെ കലയുടെ കലയെന്നുപറയാം. അതില്‍ കഥയുണ്ട്, കവിതയുണ്ട്, പാട്ടുണ്ട്, സംഗീതമുണ്ട്, മിമിക്രിയുണ്ട് എല്ലാമുണ്ട്. മര്‍മ്മം തുളയ്ക്കുന്ന വിമര്‍ശനങ്ങള്‍…. നര്‍മ്മം തുളുമ്പുന്ന ഉപകഥകള്‍…
പല ഗാനശകലങ്ങളും നമുക്ക് ഒരിക്കല്‍ കേട്ടാല്‍ ഹൃദിസ്ഥമായിക്കഴിഞ്ഞിരിയ്ക്കും! അനീസ്യയിലെ നായികാവര്‍ണ്ണനതന്നെ നോക്കൂ…
“നന്മേനി വാകതന്‍ പൂക്കളാല്‍ത്തുന്നിയ
നിന്മേനിതന്‍ രൂപശില്പഭംഗി”
“ചൊല്ലെന്റെ മീലിയാ കാന്തനെ വഞ്ചിക്കും
വല്ലഭമാര്‍ ഭൂവിലുണ്ടോ?
‘ഒഥല്ലോ’യില്‍ ഡസ്ഡമന തോഴിയായ എമീലിയയോട് ചോദിക്കുന്ന ചോദ്യം ഗാനരൂപത്തില്‍. ഇതുപോലെയുള്ള കഥാമുഹൂര്‍ത്തങ്ങള്‍ എത്ര ഭാവതീവ്രതയോടെയാണ് അദ്ദേഹം അവതരിപ്പിച്ചു പൊലിപ്പിച്ചത്!
“അപ്സരസ്സാണെന്റെ ഡെസ്റ്റമോണ…”
സാംബന്റെ ആ മുഴങ്ങുന്ന ശബ്ദം കേരളമൊട്ടുക്കുമുള്ള ഉത്സവപ്പറമ്പിലെ നിത്യസാന്നിധ്യമായായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ എത്രമാത്രം കഥകളാണ് അദ്ദേഹം കലാകേരളത്തിന് സംഭാവനചെയ്തിരിക്കുന്നത്. സ്റ്റേജിനു മുന്നില്‍ പരന്നുകിടക്കുന്ന കാണികള്‍ നിശബ്ദതയോടെ ശ്രദ്ധയോടെ കഥകള്‍ കേട്ടിരിക്കുമായിരുന്ന ഒരു കാലം. ആ വാക്കുകളിലെ ചടുലതയും ശൃംഗാരവും സ്ത്രൈണഭാവങ്ങളും നര്‍മ്മമേമ്പൊടികളും എത്ര കേട്ടിരുന്നാലും മതിവരുമായിരുന്നില്ല!
കഥാപ്രസംഗം ഒരുകാലത്തു മലയാളികള്‍ക്ക് ഒരനുഭവമായിരുന്നു. കഥാപ്രസംഗവേദികൾ മലയാളികളുടെ അനൗപചാരിക വിശ്വവിദ്യാലയങ്ങളായിരുന്ന, വൻജനാവലി കഥാപ്രസംഗം കേൾക്കാനെത്തിയിരുന്ന, സാധാരണക്കാരായ മലയാളികളുടെ സാംസ്കാരികമനസ്സ് പരുവപ്പെട്ടുവന്ന ഒരു കാലഘട്ടത്തെ കഥാപ്രസംഗത്തിന്റെ സുവർണ്ണകാലഘട്ടം ഓർമ്മപ്പെടുത്തുന്നു. ഏറ്റവും കൂടുതല്‍ മനുഷ്യരിലൂടെ പകര്‍ന്നാട്ടം നടത്തിയ മലയാളി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം, വി. സാംബശിവന്‍. വിശ്വസാഹിത്യ കൃതികളുടെ വാതായനങ്ങള്‍ സാധാരണക്കാരായ മലയാളികളുടെ മുന്‍പില്‍ തുറന്നിട്ട അനശ്വരകാഥികനായിരുന്നു വി.സാംബശിവന്‍. അതിരും എതിരുമില്ലാത്ത ഭാവപ്പെരുമയോടെ, നവോന്മേഷശാലിയായ പ്രതിഭയുമായി, മലയാളമനസ്സുകൾക്കുമേൽ കലാചാരുതയുടെ ശ്യാമമേഘമായി, അരനൂറ്റാണ്ടുകാലം കഥപറഞ്ഞ കാഥാപ്രസംഗസമ്രാട്ട്, വി.സാംബശിവൻ!
ഹൃദയഹാരികളായ കഥനത്തിലൂടെ, ശ്രുതിമധുരമായ ഗാനങ്ങളിലൂടെ, പുരാണകഥകളും കഥാപാത്രങ്ങളും ചരിത്രകഥകളോടപ്പം ചരിത്രപുരുഷന്മാരെയും എന്തിനേറെ ലോകോത്തര ക്ലാസ്സിക്കുകള്‍വരെ ആസ്വാദകരുടെ മനസ്സുകളിലെക്ക്, പണ്ഡിതനും പാമരനും സമ്മിശ്രമായി സമ്മേളിച്ച ഉത്സവസദസ്സുകളില്‍ ഏവര്‍ക്കും രുചിക്കുന്ന ശൈലിയില്‍ ഭദ്രമായി അവതരിപ്പിച്ചിരുന്നു…
നിരക്ഷരരും നിരാലംബരുമായവരുടെ മനസ്സിലേക്കു പ്രസിദ്ധരായ മലയാളത്തിന്റെ കവികളുടെ കവിതയും സ്വസിദ്ധിയില്‍ എഴുതിയ കഥയും കവിതയും അവതരിപ്പിച്ചാണ് വി. സാംബശിവന്‍. കഥപറഞ്ഞിരുന്നത്. സാധാരണക്കാരന്‍റെ മനസ്സിലേക്ക് അനായാസം ഇറങ്ങിച്ചെല്ലുന്ന സുലളിതമായ പ്രയോഗരീതികളിലൂടെ സഞ്ചരിച്ച്, ഉന്നതവിദ്യാഭ്യാസത്തിന് സൗഭാഗ്യം സിദ്ധിച്ചവര്‍മാത്രം പരിചയപ്പെട്ടിരുന്ന ‘ഷേക്സ്പീരിയന്‍ കൃതികള്‍’ കഥാപ്രസംഗം ആക്കുന്നതുവഴി കലാശാലകളില്‍ പഠിക്കുവാന്‍ ഭാഗ്യമില്ലാത്ത സാധാരണക്കരനും അതുപകര്‍ന്നു കിട്ടുവാന്‍ സാധിക്കുംവിധം സഹൃദയപക്ഷപാതിയായ വി. സാംബശിവന്‍ തനതായ വൈദഗ്ദ്ധ്യത്തോടെ അവെയെല്ലാം വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി! ഡസ്ഡമോണയും ഒഥല്ലോയും ഇയാഗോയും ബ്രബാഷ്യോയും പുസ്തകത്തിനുംമുന്നേ പലരിലുമെത്തിയത് ഈ അനശ്വരപ്രതിഭയുടെ പ്രൗഢഗംഭീരശബ്ദത്തിലൂടെയായിരുന്നു!
കൊല്ലം ബാബുവിന്‍റെ “രണ്ടു നഗരങ്ങളുടെ ഒരു കഥ”, വി. സാംബശിവന്‍റെ “ഒഥല്ലോ”, എന്നിവ ദുരന്തനാടകങ്ങളുടെ നീറ്റലായും വി ഡി രാജപ്പന്‍റെ “ചികയുന്ന സുന്ദരി” നര്‍മ്മത്തെ ചിക്കിച്ചികഞ്ഞും പഴയ മലയാളിമനസ്സുകളില്‍ ഇന്നും നിറഞ്ഞു നില്ക്കുന്നു…
കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അവതരിപ്പിക്കപ്പെട്ട കലാരൂപം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, കഥാപ്രസംഗം! കേരളത്തില്‍ കഥാപ്രസംഗകലയുടെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന വി സാംബശിവനാണ്, ‘ഹരികഥ’ എന്നപേരില്‍ അമ്പലത്തിന്റെ മതില്‍കെട്ടില്‍ ഒതുങ്ങിനിന്നിരുന്ന കലയെ ജനപ്രിയമാക്കിയതിന്റെ മുഖ്യശില്പി. വയലാറിന്റെ ‘ആയിഷ’, പൊറ്റെക്കാട്ടിന്റെ ‘പ്രേമശില്പി’, തിരുനെല്ലൂരിന്റെ ‘റാണി’, ജി ശങ്കരക്കുറുപ്പിന്റെ ‘ചന്ദനക്കട്ടില്‍’ എന്നീ കാവ്യങ്ങളില്‍ തുടങ്ങി അത് ഭാരതീയ സാഹിത്യത്തിലേക്കും വിശ്വസാഹിത്യത്തിലേക്കും പരന്നൊഴുകി. അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണജനങ്ങള്‍ ഷേക്സ്പിയര്‍, ദസ്തയേവ്സ്കി, ടോള്‍സ്റ്റോയി തുടങ്ങിയവരേയും അവരുടെ കൃതികളേയും അറിഞ്ഞു തുടങ്ങി. ബിമല്‍മിത്ര, സാവിത്രീറോയ് തുടങ്ങിയരുടെ വിലയ്ക്കുവാങ്ങാം, നെല്ലിന്റെ ഗീതം, പ്രഭുക്കളും ഭൃത്യരും, ഇരുപതാം നൂറ്റാണ്ട്, പത്മാ മേഘ്നാ, വിശ്വസാഹിത്യത്തിലെ കുറ്റവും ശിക്ഷയും, കാരമ്സോവ് സഹോദരന്മാര്‍, അന്നാകരനീന, മാക്ബെത്ത്, ഒഥല്ലൊ, റോമിയോ&ജൂലിയറ്റ്, മലയാറ്റൂരിന്റെ യന്ത്രം, മഹാകവി കുമാരനാശാന്‍ തുടങ്ങിയവ വി സാംബശിവനിലൂടെ കഥാപ്രസംഗരൂപത്തില്‍ കലാകേരളം കേട്ടൂ!
കേരളത്തിലെ ആസ്വാദനകലകളില്‍ കഥാപ്രസംഗത്തിനു വലിയൊരു സ്ഥാനമുണ്ട്. കാലം മായ്ക്കാത്ത, സുവര്‍ണ്ണലിപികളില്‍ എഴുതിവയ്ക്കേണ്ട പേരുകള്‍ ധാരാളമുണ്ട്. മലയാള കഥ, കവിതാപ്രസ്ഥാനങ്ങളെ ജനകീയമാകുന്നതിനു കഥാപ്രസംഗം എന്നകല എത്രത്തോളം ഇഴപാകിയിട്ടുണ്ടെന്ന് അറിയണമെങ്കില്‍ കുറച്ചു കാലങ്ങള്‍ പിന്നിലോട്ടുപോകണം! കഥാപ്രസംഗകല ഒരുകാലത്ത് മലയാളികളുടെ സാംസ്കാരികചിന്തകളെ സ്വാധീനിക്കുകയും പരുവപ്പെടുത്തുകയുംചെയ്ത കലാരൂപമാണ്. പണ്ഡിതന്മാരായ സാഹിത്യപ്രേമികളുടെ അലമാരകളിൽമാത്രം ഒതുങ്ങിക്കിടന്ന വള്ളത്തോൾ, ഉള്ളൂർ, ആശാൻ എന്നീ മഹാകവികളുടെ കാവ്യാംഗനമാരെ ചുമട്ടുകാരന്റേയും കർഷകത്തൊഴിലാളികളുടേയുമൊക്കെ മുൻപിൽ തെരുവീഥികളിൽ കൊണ്ടുവന്നു പരിചയപ്പെടുത്തുന്നത് തനിക്ക് സാഹിത്യസേവനമായിരുന്നെന്ന് കാഥികനായിരുന്ന എം. പി. മന്മഥൻ, സ്മൃതിദർപ്പണം എന്ന തന്നെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഥാപ്രസംഗത്തിലൂടെ കവിതയുടെ അത്ഭുതശക്തി ബോദ്ധ്യപ്പെടുത്താനും സമൂഹത്തിൽ അടിഞ്ഞുകിടക്കുന്ന തിന്മകൾക്കെതിരെ ജനമനസ്സാക്ഷിയെ ഉണർത്താനും അവസരം ലഭിച്ചതിൽ അതീവധന്യനായായി താനെന്നും കേരളം കണ്ട മികച്ച പ്രഭാഷകന്മാരിലൊരാളായിരുന്ന എം. പി. മന്മഥൻ തന്റെ ആത്മകഥയിൽ പറയുന്നു. ഇങ്ങനെയൊക്കെ സുവർണ്ണമായൊരു ഭൂതകാലത്തിന്റെ കനത്ത ഈടുവെയ്പ് അവകാശപ്പെടാവുന്ന കലയാണ് കഥാപ്രസംഗകല!
‘1919ൽ എസ് എൻ ഡി പി യോഗം ജനറൽസെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ചതിനൊക്കെശേഷം മഹാകവി കുമാരനാശാൻ ആലപ്പുഴ ജില്ലയിൽ ചേർത്തല അന്ധകാരനഴിയിലുള്ള കളത്തിൽ പറമ്പിൽ രാമന്റെ വസതി സന്ദർശിക്കുന്നു. തന്റെ ദുരവസ്ഥ എന്ന കൃതി ഭംഗിയായി ചൊല്ലാൻ കഴിവുളള ഒരാളെ കിട്ടുമോ എന്നന്വേഷിക്കുന്നു. മനക്കോടത്തുള്ള കേശവൻവൈദ്യരെ രാമൻ വിളിപ്പിക്കുന്നു. ആശാന്റെ വരവറിഞ്ഞ് ധാരാളം പേർ കളത്തിൽ പറമ്പിലേക്ക് എത്തിച്ചേരുന്നു. നേരം സന്ധ്യയായി. ഏഴുതിരിനിലവിളക്കു തെളിഞ്ഞു. കേശവൻവൈദ്യർ അതീവഹൃദ്യമായി ദുരവസ്ഥ ചൊല്ലികേൾപ്പിച്ചു. തന്റെ കൃതികൾ ഇതുപോലെ ജനഹൃദയങ്ങളിൽ എത്തണമെന്ന് വികാരഭരിതനായി ആശാൻ പറഞ്ഞുപോലം. ഇതും കഥാപ്രസംഗത്തിന്റെ നാൾവഴികളിലെ ചരിത്രഭാഗം!
കഥാപ്രസംഗകലയെ കേരളത്തില്‍ ഒരു ജനകീയ കലയാക്കിത്തീര്‍ത്തതിനുള്ള മുഖ്യകാര്‍മ്മികത്ത്വം ശ്രീ നാരായണഗുരുവിന്റെ ശിഷ്യനായ സത്യദേവനുള്ളതാണ്. 1921ല്‍ കോവളത്തിനടുത്തുള്ള കുന്നുപാറ ക്ഷേത്രത്തില്‍ മഹാകവി കുമാരനാശാന്‍ രചിച്ച മാര്‍ക്കാണ്ഡേയചരിതം അവതരിപ്പിച്ചുകൊണ്ടാണ് സത്യദേവന്‍ കഥാപ്രസംഗകലയ്ക്കു തുടക്കം കുറിച്ചത്. എന്നാല്‍ ലക്ഷണയുക്തമായ ആദ്യത്തെ കഥാപ്രസംഗമായി കഥാപ്രസംഗചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് 1924 മെയ് മാസത്തില്‍ സത്യദേവന്‍ വടക്കന്‍ പറവൂരിലെ ചേന്ദമംഗലം കേളപ്പനാശാന്റെ സ്കൂളില്‍ അവതരിപ്പിച്ച മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തിന്റെ ആവിഷ്ക്കാരത്തേടെയാണ്. ഹരികഥാകാലക്ഷേപത്തിന്റെ ചുവടുപിടിച്ച് കഥാകാലക്ഷേപം, കഥാപ്രഭാഷണം, കാവ്യപ്രഭാഷണം എന്നിങ്ങനെ പല പേരുകള്‍ പൊന്തിവന്നുവെങ്കിലും ‘കഥാപ്രസംഗം’ എന്ന പേര്‍ തലശ്ശേരി സ്വദേശിയായ പി. കെ. കുഞ്ഞിരാമനാണ് നിര്‍ദ്ദേശിച്ചത്!
ജോസഫ് കൈമാപ്പറമ്പന്‍,‍ കേളപ്പനാശാന്‍, കെടാമംഗലം സദാനന്ദന്‍, എം.പി.മന്മഥന്‍, പി. സി. എബ്രഹാം, കെ. കെ. വാദ്ധ്യാര്‍, ‍വെട്ടീയാര്‍ പി.കെ , കെ. കെ. തോമസ്, പണ്ഡിറ്റ് വാമനന്‍ മാസ്റ്റര്‍, കെ. ജി. കേശവപ്പണിക്കര്‍, ഓച്ചിറ രാമചന്ദ്രന്‍, കൊല്ലം ബാബു, വെളിനെല്ലൂര്‍ വസന്തകുമാരി, ചിങ്ങവനം സിസ്റ്റേഴ്സ്, തിരുവല്ലം പൊന്നമ്മ, തഴവ കെ.പി. ജാനമ്മ, തൊടിയൂര്‍ വസന്തകുമാരി, മലയാലപ്പുഴ സൗദാമിനിയമ്മ, അയിലം ഉണ്ണിക്കൃഷ്ണന്‍, കൊല്ലങ്കോട് ബാബുരാജ്, വി. ഹര്‍ഷകുമാര്‍, കല്ലട വി. വി. കുട്ടി(കാഥികന്‍ കല്ലട വി. വി. ജോസ്സിന്റെ പിതാവ്), ആര്യാട് ഗോപി, ചേര്‍ത്തല ബാലചന്ദ്രന്‍,‍ തേവര്‍തോട്ടം സുകുമാരന്‍,‍ ഇരവിപുരം ഭാസി, കടയ്ക്കോട് വിശ്വംഭരന്‍, കുണ്ടറ സോമന്‍, തെക്കുംഭാഗം വിശ്വംഭരന്‍, മാവേലിക്കര എസ്.എസ്. ഉണ്ണിത്താന്‍, ചേര്‍ത്തല ശശികുമാര്‍, വി ഡി രാജപ്പന്‍, കലാലയ ജി റാവു, കെ കെ ജി നായർ, ജോര്‍ജ്ജ് പള്ളിപ്പറമ്പന്‍,‍ ടി എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍, വടകര അശോകന്‍, കാരുണ്യ സ്വാമി, എൻ ഡി കെ നമ്പ്യാര്‍. ഇവര്‍ക്കെല്ലാം ഇടയില്‍ സുപ്രസിദ്ധ കാഥികന്‍ പ്രഫ: വി. സാംബശിവന്‍ കാഥികരിലെ മുടിചൂടാമന്നനായിരുന്നു. കഥാപ്രസംഗകലയിലെ സൂര്യതേജസ്സായിരുന്നു! അദ്ദേഹമിരുന്ന സിംഹസനത്തില്‍ മറ്റാര്‍ക്കുമിന്നുവരെ ഇരിക്കാന്‍ കഴിഞ്ഞിട്ടില്ല! കഥാപ്രസംഗകല മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ശ്രീ സാംബശിവന്റെ മകന്‍ ശ്രീ വസന്തകുമാര്‍ ഇപ്പോഴും ബദ്ധശ്രദ്ധനാണ്. ശ്രീ വസന്തകുമാര്‍, അച്ഛന്റെ വഴിയിലൂടെ ഇപ്പോഴും ക്ഷണിക്കപ്പെട്ട അതിഥികളുടെ മുമ്പില്‍ മാത്രമായി കഥാപ്രസംഗം പറയുന്നുണ്ട്!
വർഷം 1949, ഒരോണക്കാലം, കൊല്ലം ജില്ലയിലെ ചവറ ഗുഹാനന്ദപുരം എന്ന ഗ്രാമത്തിലെ ക്ഷേത്രസന്നിധിയിൽ ഒരു ഇരുപതു വയസ്സുകാരൻ മൈക്കില്ലാതെ, ആലക്തികദീപങ്ങളുടെ വർണ്ണപ്രസരിമയോ ഇല്ലാതെ ഒരു പെട്രോമാക്സിൻ്റെ വെളിച്ചത്തിൽ ഒരു കഥാപ്രസംഗം അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ ‘ദേവത’. കഥാപ്രസംഗം തുടങ്ങുന്നതിനുമുൻപായി അത് കേൾക്കാൻവന്ന നാട്ടിൻപുറത്തുകാരോട് ഇങ്ങനെ പറഞ്ഞു. “വിദ്യാഭ്യാസം ചെയ്യാൻ എനിക്കതിയായ ആഗ്രഹമുണ്ട്. പക്ഷേ, അതിനുള്ള സാമ്പത്തിക സാഹചര്യം വീട്ടിലില്ല. ഞാനൊരു കഥ പറയാം. അത് കേട്ട് നിങ്ങളെന്നെ സഹായിക്കണം”. ആദ്യവേദിയിലെ ആമുഖം കേട്ടവർ സാമ്പത്തികസഹായം ചെയ്തു. ആ പയ്യൻ തടർന്ന് പഠനവും കഥാപ്രസംഗവുമായി നീങ്ങി! ആ പയ്യനാണ് പിൻകാലത്തു കഥാപ്രസംഗരംഗത്ത്, പകരംവെക്കാനില്ലാത്ത ഒരു അതുല്യകലാകാരനായ, കാലംമായ്ക്കാത്ത പേരുകാരനായ സാക്ഷാൽ വി.സാംബശിവൻ!
ആദ്യ കഥപറയാൻ പോകുമ്പോൾ നല്ലൊരു കുപ്പായംപോലുമില്ലായിരുന്നു. ചെക്കാലയിൽ കുട്ടൻ എന്ന ആളിന്റെ ഷർട്ട് കടംവാങ്ങിയിട്ടാണ്‌ പോയത്. “എനിക്ക് കോളേജിൽ ചേരണം, പണമില്ല, നിങ്ങളെന്നെ സഹായിക്കണം. ഞാൻ കഥ പറഞ്ഞുകേൾപ്പിക്കാം”. എന്നു പറഞ്ഞാണ് തുടക്കം. ‘ദേവത’ എന്ന ആദ്യകഥാപ്രസംഗം അരങ്ങേറി കഥപറഞ്ഞുതീർന്നപ്പോൾ സദസ്യരുടെ കണ്ണു നിറഞ്ഞു, കാഥികനും കണ്ണീരൊപ്പി. സ്റ്റേജും മൈക്കും ഇല്ലാതാരംഭിച്ച ആദ്യകഥാപ്രസംഗം. പിന്നെ, സാംബൻ എന്ന കാഥികനെ അരനൂറ്റാണ്ടുകാലം മലയാളം നെഞ്ചോടു ചേർത്തുവച്ചു എന്നത് മലയാളനാടിന്റെ കഥാപ്രസംഗചരിത്രം!
വെട്ടിയാര്‍ പീ.കെ യുടെ അവതരണരീതി അനുകരിച്ചാണ് സാംബശിവന്‍ കഥ പറഞ്ഞുതുടങ്ങിയതെന്നു പറയപ്പെടുന്നു. വെട്ടീയാര്‍ പി.കെ അമ്പലങ്ങളില്‍ അരങ്ങുതകര്‍ത്തപ്പോള്‍ സാംബശിവന്‍ കമ്മ്യൂണിസ്റ്റ് വേദികളില്‍ ആവേശമായി. വെട്ടിയാര്‍ പീ.കെ അകാലത്തില്‍ ലോകത്തോടു വിടപറഞ്ഞതേത്തുടര്‍ന്ന് അമ്പലപ്പറമ്പുകളില്‍ പിന്നീട് സാംബശിവന്‍ നിറഞ്ഞുനിന്നു മുടിചൂടാമന്നനായി! അമ്പതിലേറെ കഥകള്‍ പതിനായിരത്തിലധികം നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചു. ഇതിലെ അദ്‌ഭുതമായ കാര്യം, ഒരു ശ്രോതാവുപോലും കഥ തീരുന്നതുവരെ സദസ്സില്‍നിന്നു പോകില്ല. അത്രക്ക് ആവിഷ്കാരശൈലിയാണ് അദ്ദേഹത്തിന്റെ കഥപറച്ചിലിന്!
‍1963-ല്‍ വിശ്വസാഹിത്യകാരനായ ടോള്‍സ്റ്റോയിയുടെ ‘ദ പവര്‍ ഓഫ് ഡാര്‍ക്നെസ് ‘ (=തമശ്ശക്തി) എന്ന നാടകം ‘അനീസ്യ’ എന്ന പേരില്‍ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. കഥാപ്രസംഗലോകത്ത് ഒരു വഴിത്തിരിവു സൃഷ്ടിച്ച, വി. സാംബശിവന്റെ‍ ‘അനീസ്യ’ എന്ന കഥ അദ്ദേഹത്തിന്‍റെ ആദ്യത്തെ വിശ്വസാഹിത്യകൃതിയായി അറിയപ്പെടുന്നു!
വി. സാംബശിവനുമുമ്പ് വിശ്വസാഹിത്യകൃതികള്‍ക്ക് കഥാപ്രസംഗാവിഷ്ക്കാരം നല്‍കിയ ആദ്യവ്യക്തി പാലാക്കാരനായ, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോലി രാജിവെച്ച് 1945ല്‍ കഥാപ്രസംഗരംഗത്തേക്കുവന്ന, കെ.കെ.തോമസ് (1911-1988) ആണ്. അദ്ദേഹം കഥാപ്രസംഗരൂപേണേ അവതരിപ്പിച്ചത് ബെന്‍ഹര്‍, ജൂലിയസ് സീസര്‍, ക്ളിയോപാട്ര എന്നീ വിദേശസാഹിത്യകൃതികളാണ്! ലോഡ് ടെന്നിസന്റെ ‘അനോക് ആർഡൻ’ എന്ന കൃതിയുടെ കഥാപ്രസംഗാവിഷ്കാരമായിരുന്നു കഥാപ്രസംഗലോകത്തെ ആദ്യത്തെ വിശ്വസാഹിത്യകൃതി. ‘ത്യാഗം’ എന്ന പേരിലാണ് ആ കഥ അവതരിപ്പിക്കുകയുണ്ടായത്. ആ കഥയ്ക്ക് കഥാപ്രസംഗാവിഷ്കാരം നൽകിയത് പൊൻകുന്നം വർക്കിയും കവിതകളെഴുതിയത് പാലാ നാരായണൻ നായരും!
ഏറ്റവും കൂടുതൽ കഥകളിലൂടെ, കഥാപാത്രങ്ങളിലൂടെ, കഥാസന്ദർഭങ്ങളിലൂടെ പകർന്നാട്ടം നടത്തിയ കാഥികൾ ആരെന്ന ചോദ്യത്തിന് ഒറ്റയുത്തരം മാത്രം, വി. സാംബശിവൻ. വി. സാംബശിവന്റെ അവസാനത്തെക്കഥ ഏഴ് നിമിഷങ്ങള്‍ (1996). കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല, റാണി, പ്രേമശില്പി, അനീസ്യ, ഒഥല്ലോ, ആന്‍റിഗണി, അന്നാകരീനിന, റൊമിയോ & ജൂലിയറ്റ്, ഡോണ്‍ ശാന്തമായൊഴുകുന്നു, ഇരുപതാം നൂറ്റാണ്ട്, ദിവ്യതീര്‍ത്ഥം, കുമാരനാശാന്‍, യന്ത്രം, ദേവലോകം, ലാഭം ലാഭം, വ്യാസനും മാര്‍ക്സും ,1857, കുറ്റവും ശികഷയും, സെഡ്, സിദ്ധാര്‍ത്ഥ, അയിഷ, വിലയ്ക്കുവാങ്ങാം, ഹേന, തുടങ്ങിയവ പ്രശസ്തകഥകളാണ്. 1996 മാര്‍ച്ച് 7 ന് പാങ്കുളം മാടന്‍നടയില്‍ അവസാനത്തെ കഥ അവതരിപ്പിച്ചു. ആ ഒറ്റനാവിലൂടെ മലയാളികള്‍ കേട്ടത് ഒരായിരം കഥാമുഹൂര്‍ത്തങ്ങള്‍! കെ പി എ സിയുടെ ആദ്യനാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയില്‍ അഭിനയിച്ച സാംബശിവന്‍ ‘പല്ലാങ്കുഴി’ എന്നൊരു സിനിമയില്‍ നായകനായും വേഷമിട്ടിരുന്നു!
കഥാപ്രസംഗകലയിലൂടെ ഒരു ജനതയെ രാഷ്ട്രീയസാമൂഹ്യബോധത്തിലേക്കുയര്‍ത്തിയ മഹാനായ ഈ കാഥികന് കാലമെത്ര കഴിഞ്ഞാലും മലയാളമനസ്സുകളിൽ വലിയൊരു ഇടമുണ്ടാകും!
🙏

കുറുങ്ങാട്ട് വിജയൻ

By ivayana