അച്ഛന്റെ സ്നേഹം പറയും കഥകളിൽ
തുച്ഛമല്ലാത്തൊരു ഗന്ധമുണ്ട്
വൃശ്ചികക്കാറ്റതെടുത്തുകൊണ്ടോടുന്നു
വിയർപ്പിനൊപ്പം വിദൂരമെങ്ങോ.

കാലത്തെഴുന്നേറ്റു കൈക്കോട്ടെടുത്തിട്ടു
മേലോട്ടുപോകുന്നെന്നച്ഛനിന്നും
കണ്ണും തിരുമ്മിയാ കന്നിനെ പൂട്ടീട്ടു
വിണ്ണിനെനോക്കി വിതുമ്പുന്നച്ഛൻ:

“മണ്ണുകിളച്ചാലും,വിത്തുവിതച്ചാലും
മാനം കനിഞ്ഞാൽ മനം നിറയും
മാലോകർക്കെല്ലാർക്കും തിന്നുവാനന്നന്നു
മണ്ണിൽ പണിയാൻ മനസ്സു വേണം.”

സ്വത്തായികണ്ടവൻ പത്തരമാ റ്റുള്ള
പാടവരമ്പത്തു കാവലാകും
കത്തും വയറുമായത്താണിയില്ലാതെ
ചേർത്തുവയ്ക്കുന്നതു ഹൃത്തിലവൻ.

മുളപൊട്ടീടുമ്പോൾ വളമിട്ടീടുവാൻ
ഇളവില്ലാവെയിൽ കൊണ്ടീടുന്നു
തളംകെട്ടി നിൽക്കും മുട്ടറ്റം വെള്ളത്തിൽ
കളനീക്കിനീന്തിപ്പോകുന്നവൻ.

കന്നിനെ പോലവനിന്നും പണിയുന്നു
മന്നിൽ മനുഷ്യനായ് ജീവിച്ചീടാൻ
മന്നനായീടിലും തിന്നുവാൻ വേണമീ
പൊന്നായ് വിളയുന്നയന്നം തന്നെ.

അതിരുകാക്കുന്ന ജവാനെപോലല്ലോ
കതിരുകൊയ്യുന്ന കൃഷീവലൻ
എങ്കിലുമോർക്കുക വിശന്നിരിക്കുവോൻ
അങ്കംവെട്ടീടുവാൻ മുതിരില്ല.

വേലിതന്നെവിള തിന്നുന്നകാലത്തു
വേലയേറെ ചെയ്തിട്ടെന്തുകാര്യം
ചൂലുപോലല്ലയോ മേലെ നിൽക്കുന്നവർ
കാലുവാരീടുന്നു കർഷകനെ.

കാലിപോൽ കാലത്തു കഞ്ഞി കുടിച്ചിട്ടു
കാൽനടയായങ്ങു പോയയച്ഛൻ
കാരണമെന്തെന്നറിയില്ല പെട്ടിയിൽ
കേറിക്കിടന്നപോൽ വീട്ടിലെത്തി!!.

തോമസ് കാവാലം

By ivayana