അമ്പിളിമാമനെ പിടിക്കാൻ പോയ എന്റമ്മ എന്താ വരാത്തെ അമ്മമ്മേ..?
അമ്പിളി മാമൻ ഒത്തിരി ദൂരെയല്ലേ റിഷൂട്ടാ.. അതോണ്ടൊ അമ്മ വരാത്തെ..
അമ്മ വേഗം വരൂട്ടോ..
“അമ്മ പോയിട്ട് കൊറേ ദിവസായല്ലോ..
ഇത്രേം ദിവസം വേണോ അമ്മക്ക് പോയി വരാൻ..? അമ്മക്ക് വിശക്കൂല്ലേ.. അമ്മമ്മേ..!”
റിഷൂട്ടന്റെ ചോദ്യത്തിൽ അമ്മമ്മ
ആകെ വിഷമിച്ച് പോയി..
എങ്കിലും.. അമ്മമ്മ സംയമനം പാലിച്ച് പറഞ്ഞു..
“റിഷൂട്ടന്റെ അമ്മ നാളെ വരൂട്ടോ..
അമ്മ വരുമ്പോഴേക്കും വയറു നിറച്ച് മാമു ഉണ്ണണം.. ഇല്ലേൽ അമ്മക്ക് സങ്കടാവും.. അമ്മമ്മേടെ റിഷൂട്ടൻ വാ പൊളിച്ചെ.. എന്നിട്ട് ഈ മാമു വേഗം തിന്നെ..”
“എനിച്ച് വേണ്ടാ.. എനിക്കെന്റെ അമ്മ തന്നാൽ മതി.. എന്റെ അമ്മ തന്നാൽ മാത്രം റിഷൂട്ടൻ തിന്നാം..”
”അങ്ങനെ പറയല്ലേ മോനെ.. അമ്മമ്മയല്ലേ പറയണത്.. വാ വേഗം വായ പൊളിച്ചെ.. മീമി കൂട്ടി തരാട്ടോ..”
“ഞാൻ തിന്നൂല്ല.. എനിച്ച് വേണ്ട അമ്മമ്മേ..”
“റിഷൂട്ടൻ വേഗം മാമുണ്ടാൽ അമ്മ വേഗം വരും.. മാമുണ്ടില്ലേൽ അമ്മക്ക് സങ്കടാവില്ലേ..”
“ഞാനിന്നും കൂടി അമ്മമ്മേടെ കയ്യിന്ന് മാമു ഉണ്ണാട്ടോ അമ്മമ്മേ.. നാളേം അമ്മ വന്നില്ലേൽ റിഷൂട്ടൻ ഒരിക്കലും മാമു ഉണ്ണില്ല..”
അന്ന് റിഷൂട്ടൻ വയറു നിറച്ച് മാമു ഉണ്ടു..
റിഷൂട്ടന് അഞ്ചു വയസ്സായപ്പോഴാണ് അവന്റെ അമ്മ എന്നന്നേക്കുമായി യാത്ര പറഞ്ഞത്..
റിഷൂട്ടനൊരു അനിയത്തി വരാൻ പോകുന്നെന്നറിഞ്ഞപ്പോൾ ആ വീട്ടിൽ
ആകെ സന്തോഷംവും ഉത്സവവുമായി..
അമ്മയുടെ വീർത്ത് വരുന്ന വയർ
കാണുമ്പോൾ റിഷൂട്ടൻ ചോദിക്കും.
“അമ്മേ.. കുഞ്ഞാവ എന്നാ വരാ..”
“കുറച്ചീസം കഴിയുമ്പോ വരൂട്ടോ..”
വരാൻ പോകുന്ന കുഞ്ഞാവയെ
നോക്കി റിഷൂട്ടൻ എന്നും അമ്മയുടെ വയറിൽ കുഞ്ഞാവക്ക് ഉമ്മ കൊടുക്കുമായിരുന്നു..
അത് കണ്ടു അമ്മയുടെ മനസ്സും തണുക്കുമായിരുന്നു..
റിഷൂട്ടൻ വികൃതി കാണിക്കുമ്പോഴും.. മാമുണ്ണാൻ മടി കാണിക്കുമ്പോഴും അമ്മ അവനെ അരികിൽ വിളിച്ച് ഉമ്മ കൊടുക്കുകയും.. അമ്പിളിമാമനെ പിടിച്ച് കൊടുക്കാമെന്ന് പറഞ്ഞും പാട്ടുപാടിയും കഥകൾ പറഞ്ഞും റിഷൂട്ടന്റെ വയർ നിറക്കുമായിരുന്നു..
“അമ്മേ.. റിഷൂട്ടൻ വയർ നിറച്ച് മാമുണ്ടാൽ അമ്പിളി മാമനെ പിടിച്ച് തരോ..”
“പിന്നില്ലാതെ.. അമ്മയുടെ പൊന്നുമോന് അമ്മ പിടിച്ച് തരാട്ടോ.. വേറെ ആർക്കും കൊടുക്കൂല്ല.. വേഗം വാ പൊളിച്ചെ.. അങ്ങനെ നല്ല കുട്ടൻ..അം.!”
എത്ര വാശിയാണെങ്കിലും അമ്മയുടെ
തലോടലും ഒരുമ്മയും മതിയായിരുന്നു റിഷൂട്ടന്റെ വാശിയൊക്കെ പോയി നല്ല കുട്ടിയാവാൻ..
എല്ലാ ദിവസവും അമ്മയുടെ താരാട്ട്
കേട്ടാലേ റിഷൂട്ടനുറക്കം വരുമായിരുന്നുള്ളു..
താരാട്ട് പാടി കഴിയുമ്പോഴേക്കും അവനുറങ്ങിയിരിക്കും..
റിഷൂട്ടന്റെ അമ്മയെ പ്രസവത്തിനു
കൊണ്ട് പോകുന്ന തലേ ദിവസം..
അമ്മ അവനെ കുറെ നേരം കെട്ടിപിടിച്ച് കിടന്നു.. അവനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു..
“അമ്മ ആശുത്രീക്ക് പോവാണോ..? വരുമ്പോൾ റിഷൂട്ടന് അമ്പിളി മാമനേം കൊണ്ടോരണം.. അമ്മ വേഗം വരണേ.. റിഷൂട്ടൻ കാത്തിരിക്കും..”
“അമ്മ കുഞ്ഞാവനേം അമ്പിളി മാമനേം കൊണ്ട് വേഗം വരാട്ടോ.. അത് വരെ..
റിഷൂട്ടൻ നല്ല കുട്ടിയായി അമ്മമ്മേടെ അടുത്തിരിക്കണം..”
“ഉം..അമ്മക്ക്..ഉമ്മ.!.”
അമ്മയുടെ കവിളിൽ അവൻ ഉമ്മ കൊടുത്തു. എല്ലാ ദിവസവും അമ്മയുടെ കവിളിൽ അവനുമ്മ കൊടുക്കുമായിരുന്നു..
ആശുപത്രിയിലേക്ക് പോകുവാൻ നേരവും റിഷൂട്ടനെ കുറെ നേരം കെട്ടിപിടിച്ച് കരഞ്ഞിട്ടാണവൾ പോയത്..
എന്തോ എന്നന്നേക്കുമവൾ
യാത്ര പറഞ്ഞു പോകുന്ന പോലെ..
കണ്ടു നിൽക്കുന്നവർക്ക് തോന്നി..!
അവരുടെ ചിന്തകൾ തെറ്റിയില്ല..
റിഷൂട്ടന്റെ അമ്മ അമ്പിളിമാമനെ
കൊണ്ട് വരാൻ യാത്രയായി..
ഇനിയൊരിക്കലും വരാത്തൊരു
ലോകത്തേക്ക് അവ൪ യാത്രയായി..
വീട്ടിൽ അമ്മയുടെ മൃതശരീരം
കാണുമ്പോഴും റിഷൂട്ടന് ഒന്നും മനസ്സിലായില്ല.. എല്ലാവരും അലമുറയിട്ട് കരയുന്നത് കണ്ടപ്പോൾ അവനും കരഞ്ഞു..
റിഷൂട്ടനെ എടുത്തോണ്ട്
ആരോ പുറത്തേക്ക് കൊണ്ടുപോയി..
“അമ്മ എന്താ ഉറങ്ങികിടക്കണേ..?”
“അത് മോനെ.. അമ്മക്ക് ഉറക്കം വന്നിട്ട്..”
“അമ്മ അമ്പിളി മാമനെ കൊണ്ട് വന്നോ..?”
“ഇല്ല മോനെ.. അമ്മ ഇപ്പൊ പോകും കൊണ്ടുവരാൻ..”
“റിഷൂട്ടൻ കരയണ്ടാട്ടോ..”
“ഉം..”
അന്ന് മുതൽ എന്നും അവൻ ചോദിക്കും..
‘അമ്മ അമ്പിളി മാമനെ കൊണ്ട് വരാൻ
പോയിട്ട് വന്നില്ലല്ലോന്ന്..’
ഇന്ന് വരും.. നാളെ വരും.. എന്ന് പറയുമ്പോൾ ആശ്വസിക്കും.. രാത്രിയിൽ ആര് താരാട്ട് പാടിയാലും അവനിഷ്ടപ്പെടില്ല..
അമ്മ തന്നെ പാടണമെന്ന് വാശിപിടിച്ച് കരയും.. പിന്നെ കുറെ നേരം കഴിയുമ്പോൾ തളർന്നുറങ്ങി പോവും..
അവന്റെ അമ്മമ്മയാണ് പിന്നെ അവനെ വളർത്തിയത്.. തിരിച്ചറിവായപ്പോൾ അവനു മനസ്സിലായി.. അമ്മ എന്നന്നേക്കുമായി
തന്നേ വിട്ട് പോയെന്ന്…!
എങ്കിലും നിലാവുള്ള രാത്രിയിൽ അവൻ മുറ്റത്തിറങ്ങി മുകളിലോട്ട് നോക്കി നിൽക്കും..
അമ്മ വരില്ലെന്നറിയുമെങ്കിലും..
അമ്പിളിമാമനേം കൊണ്ട്
അമ്മ വരുമെന്ന വെറുതെ ആശിക്കും..
അമ്മയെ കാണാനുള്ള ആഗ്രഹത്തോടെ..
ഒരിക്കൽ കൂടി ആ മാറിൽ ചാരി ഉറങ്ങാനും.. ആ കൈ കൊണ്ട് മാമു ഉണ്ണാനും.. ആ താരാട്ട് കേട്ട് ഉറങ്ങാനും…
ആരുമറിയാതെ അപ്പോൾ റിഷൂട്ടന്റെ
കണ്ണ് നിറയും.. ദിവസങ്ങൾ കഴിയും തോറും അവനമ്മയോടുള്ള സ്നേഹം കൂടി കൂടി വന്നു..
അമ്മയില്ലാതിരുന്നിട്ടും ഉണ്ടെന്നുള്ള
ചിന്തയിൽ അവൻ വളർന്നു..
വളർന്ന് വലുതായിട്ടും ഇപ്പോഴും റിഷൂട്ടൻ മുറ്റത്തിറങ്ങി മുകളിലേക്ക് നോക്കും..!
എന്നിട്ട് ചുമ്മാ മന്ത്രിക്കും..
അമ്പിളിമാമനേം കൊണ്ട് ഇനി
എന്നാ അമ്മ വരിക..?.

റിഷു.

By ivayana