രചന : ബാബു ഡാനിയല്‍ ✍
ദൂരേ മിഴിചിമ്മിനില്‍ക്കുന്നു താരകള്‍
താഴേ മിഴിവാര്‍ത്തു നില്‍ക്കുന്നു ബാലകര്‍
പട്ടിണി മാത്രമാണവര്‍ക്കെന്നുമൂഴിയില്‍
പട്ടണംതോറുമലയുന്നിതേഴകള്‍
ഇഷ്ടമോടെ ഭുജിക്കുവാനില്ലൊട്ടുമീ
നഷ്ടസൗഭാഗ്യലോകത്തിലിന്നഹോ.!
അഷ്ടിക്കുപായം തിരക്കി നടക്കുന്നവര്‍
കഷ്ടിയാര്‍ന്നോരു ജീവിതപ്പടവുകള്‍
സംസ്ക്കാരസഞ്ചയം തേടിയലഞ്ഞവര്‍
തസ്ക്കരന്‍മാരായീ മാറുന്നു മേല്‍ക്കുമേല്‍
കണ്ടതില്ലവര്‍ പട്ടിണിക്കോലങ്ങള്‍തന്‍
ഇണ്ടലാര്‍ന്നോരു ജീവിതക്കുരുക്കുകള്‍
തിരശ്ശീലകെട്ടി മറയ്ക്കുന്നുചുറ്റും
തരിശായ ജീവിതം കാണാതിരിക്കാന്‍
വേലിതന്നേവിളവുതിന്നുന്നകാലത്ത്
തോലുചുറ്റിയോരെല്ലുപോല്‍ മാനവര്‍
രക്ഷനല്‍കേണ്ടവര്‍ മേലാളലായവര്‍
കക്ഷിരാഷ്ടീയ പകിടയുരുട്ടുവോര്‍
പക്ഷംതിരിഞ്ഞു വാദിക്കുവോരെങ്കിലും
നിക്ഷേപമേറ്റുവാന്‍ ഒന്നായി നില്‍ക്കുവോര്‍
ഭിക്ഷയാചിക്കയാണപ്പോഴുമേഴകള്‍
ഭക്ഷണത്തിന്നായ് തെരുവുകള്‍ തോറുമേ