ഇന്നുണ്ടെന്നോർമ്മയിൽ മിന്നിത്തിളങ്ങുന്ന
പൂവാടിയുള്ളൊരു കൊച്ചുവീട്.
തെങ്ങോല പാകി അഴകായ്മെനഞ്ഞൊരു
പൂവാടിയുള്ളൊരു കൊച്ചുവീട്.

സോദരർ ഞങ്ങളന്നാത്തുല്ലസിച്ചൊരു
മാമ്പഴക്കാലത്തിന്നോർമ്മകളെന്നിൽ.
മകരമാസത്തിലെ കുളിരുള്ള നാളിൽ
ഇളം വെയിൽ കൊള്ളുന്ന കുട്ടിക്കാലം.

പള്ളിക്കുടത്തിൽ പോകുന്ന നേരത്ത്
കൈതോലയൊന്നു മടക്കിക്കെട്ടും.
പഠിക്കാത്തപാഠങ്ങൾചോദിക്കുമ്പോൾതന്നെ
പൊട്ടിക്കരഞ്ഞാരാ കുട്ടിക്കാലം.

പൈക്കളെ മേയ്ക്കുവാൻ പോകുന്ന നേരത്ത്
അമ്മതൻ പിന്നാലെ പോയ കാലം
കൊയ്ത്തുകാലങ്ങളിൽ
പാടങ്ങളിൽ ചെന്ന്
കാഴ്ചകൾ കാണുന്ന കുട്ടിക്കാലം.

ഇടവപ്പാതി വന്നാൽ നിറയുന്ന പുഴകളിൽ
ചൂണ്ടയിടുന്നൊരു കുട്ടിക്കാലം
സായന്തനത്തിൽ പമ്പയാററിൽ ചെന്ന്
നീന്തിത്തുടിച്ചൊരാ കുട്ടിക്കാലം.

ഉത്രുട്ടാതി വന്നാൽ വള്ളംകളി കാണാൻ
വിരുന്നുകാരെത്തുന്ന കുട്ടിക്കാലം.
ആറൻമുളത്തേവർ പാദങ്ങളിൽ ചെന്ന്
മാപ്പപേക്ഷിച്ചൊരു കുട്ടിക്കാലം.

ചാണകം മെഴുകിയ തിണ്ണയിലിരുന്നിട്ട്
നാമം ജപിച്ചൊരു കുട്ടിക്കാലം
കൂട്ടുകാരൊന്നിച്ചൊളിച്ചു കളിച്ചതും
ഇന്നെന്റെ ഓർമ്മയിൽ വന്നീടുന്നു.

വാനത്തിലമ്പിളി നിറയുന്ന നേരത്ത്
എല്ലാരും മുറ്റത്ത് ഒത്തുകൂടും.
പഴമ്പാട്ടു പാടിയും കടങ്കഥ പറഞ്ഞും
ആർത്തുല്ലസിച്ചൊരു കുട്ടിക്കാലം.

കാലങ്ങൾ നീങ്ങവേ മനസിന്റെ വിങ്ങലായി
അഛനില്ലാതായ കുട്ടിക്കാലം.
കണ്ണീരിനുപ്പുണ്ട് തേങ്ങലിൻ പിടച്ചിലും
ശ്വാസനിശ്വാസവുമുള്ള വീട്.

രമണി ചന്ദ്രശേഖരൻ

By ivayana