കൊവിഡിനെതിരായുള്ള വാക്സിൻ ആഗസ്റ്റ് 12ന് രജിസ്റ്റർ ചെയ്യുമെന്ന് റഷ്യൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വാക്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് റഷ്യ.

കൊവിഡിനെതിരെ വാക്സിൻ ആദ്യമായി വികസിപ്പിച്ച രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ഈ വാക്സിൻ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു. അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിൻ തയ്യാറാക്കിയിട്ടുള്ളത്. ഇത് ശരീരത്തിന് ഹാനികരമാകുമെന്ന ആശങ്ക വേണ്ട. തനിയെ പെരുകാൻ സാധിക്കുന്ന പദാര്‍ത്ഥങ്ങളെയാണ് ജീവനുള്ളതായി കണക്കാക്കുന്നത്. എന്നാൽ വാക്സിനിലുള്ള തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ക്ക് തനിയെ പെരുകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിൻ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വര്‍ദ്ധിക്കുമ്പോള്‍ ചിലര്‍ക്ക് പനിയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ജിൻന്റ്സ് ബർഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ വാക്സിന്റെ സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആന്റിബോഡികളുള്ളവരിൽ ഇത് ദോഷം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധമന്ത്രാലയവും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിൻ അവസാനഘട്ട പരിശോധനയ്ക്കായി ഔദ്യോഗിക രജിസ്ട്രേഷൻ തേടാനൊരുങ്ങുകയാണ്.

By ivayana