വസന്തകാലം വന്നണഞ്ഞു !
മനോഹരമായ പനിനീർപ്പൂന്തോട്ടം !
കൈക്കുമ്പിൾ നിറയെ പനിനീർപ്പൂക്കളുമായ്
തോട്ടക്കാരൻ പറഞ്ഞു
“എത്ര മനോഹരമായ പൂക്കൾ
ദിവ്യപുഷ്പങ്ങൾ !
ദൈവത്തിന്റെ സ്വന്തം പൂക്കളാണിവ !”
പൂവിതരണക്കാരി ഏറ്റുപറഞ്ഞു,
“അതെ, ഏറ്റവും ശ്രേഷ്ഠമായവ !”
തേൻ നുകരുവാനെത്തിയ ശലഭങ്ങൾ
അത് ശരിവച്ചു.
പൂത്തുമ്പികളും കരിവണ്ടുകളും തേനീച്ചകളും
തല കുലുക്കി.
മറ്റൊരിടത്ത്
മുല്ലപ്പൂന്തോട്ടമാണ്.
തോട്ടക്കാരൻ മുല്ലപ്പൂങ്കുലകൾക്കിടയിൽ നിന്ന് നിർവൃതി കൊള്ളുന്നു!
” എന്തൊരു സുഗന്ധം ! എന്തൊരു വെൺമ !
ഇവയാണ് ദിവ്യപുഷ്പങ്ങൾ !
ദൈവത്തിന് സമർപ്പിയ്ക്കുവാൻ
ഏറ്റവും ശ്രേഷ്ഠമായവ !”
അവിടെയും പൂവിതരണക്കാരി പ്രതികരിച്ചു,
“അതെ, ഏറ്റവും ശ്രേഷ്ഠമായവ !”
മധുവുണ്ടു മതിമറന്ന പൂമ്പാറ്റകളും
പൂത്തുമ്പികളും തേനീച്ചകളും കൈയ്യടിച്ചു!
ഓർക്കിഡ് പൂക്കൾ, ലില്ലിപ്പൂക്കൾ
ജമന്തിപ്പൂക്കൾ തുടങ്ങി പലയിടത്തുമുള്ള
പൂന്തോട്ടങ്ങളിലും ഇപ്രകാരം
ദിവ്യത്വവും ദൈവീകതയും തങ്ങളുടേത്
മാLതമെന്ന് അത്യുച്ചത്തിൽ
അഭിമാനത്തോടെ വിളംബരം ചെയ്യപ്പെട്ടു.
അപ്പോൾ, ആകാശത്തിലൂടെ പാറി വന്ന
ദേശാടനക്കിളി വിളിച്ചു ചോദിച്ചു.
“എന്താ അവിടെ?”
പല ഭാഗങ്ങളിൽ നിന്നും അവർ വിളിച്ചു പറഞ്ഞു,
“ദിവ്യപുഷ്പങ്ങൾ!
ദൈവീക പുഷ്പങ്ങൾ “
ദേശാടനക്കിളി തിരുത്തി,
” കൂട്ടരെ, നോക്കൂ,
ഏത് പുഷ്പങ്ങളാണ് ദിവ്യങ്ങളല്ലാത്തത്?
എല്ലാം ദൈവത്തിന്റെ ദിവ്യങ്ങളും മനോഹരങ്ങളുമായ പുഷ്പങ്ങളാണ്.
ഓരോന്നിനും അതിന്റേതായ
നൈസർഗ്ഗിക ഗുണങ്ങളുണ്ട്.
ദൈവത്തിന് പ്രിയ്യ മല്ലാത്തവ എങ്ങനെയാണ്
ഈ ലോകത്ത് ഇത്ര മനോഹരമായി
വിടർന്നതും നിലനില്ക്കുന്നതും ?
അതാ, നിങ്ങൾ അവിടേയ്ക്കു നോക്കൂ “
എല്ലാവരും അവിടേയ്ക്കു നോക്കി.
അത്ഭുതം !
അവിടെ ഒരു ഭൂപ്രദേശമാകെ
വിശാലമായ പൂവ്വനങ്ങൾ!
വർണ്ണ വിസ്മയം തീർത്ത് വ്യത്യസ്തങ്ങളായ
ധാരാളം പൂത്തുലഞ്ഞ പൂമരങ്ങൾ ,
പൂച്ചെടികൾ, പുഷ്പവൃഷ്ടി നടത്തുന്ന പൂവ്വള്ളികൾ !
“ഏതാണ് ആ സ്ഥലം?”
അവർ ഒരേ സ്വരത്തിൽ ചോദിച്ചു.
കിളി സുസ്മിതയായി പറഞ്ഞു,
“ഭൂമിയുടെ മകുടമായ
ഹിമവാനിൽ നിന്നും ദക്ഷിണ സമുദ്രം വരെയുള്ള ഭൂപ്രദേശം!
ഭാരത ഭൂമി !”
” ആരാണ് അവ നട്ടുവളർത്തിയത്?”
“ആ പുരാതന ഭൂമിയിൽ ആദിമകാലം മുതൽ
പലപ്പോഴായി ജീവിച്ചിരുന്ന റ്ഷിവര്യൻമാർ
തങ്ങളുടെ പർണ്ണശാലകളിൽ
നട്ടുവളർത്തിയതാണ് അവയെല്ലാം.
എല്ലാ പൂക്കളും ദിവ്യമെന്നും,
ദൈവത്തിനായി സമർപ്പിയ്ക്കുന്ന
എല്ലാ പുഷ്പാർച്ചനകളും ദൈവത്തിലേക്ക്
എത്തിച്ചേരുമെന്നും അവിടെ
എല്ലാവർക്കും അറിയാം.
മലകളും മരങ്ങളും നദികളും
എന്നു വേണ്ട സമസ്തവും അവിടെ പവിത്രമാണ്!
ഭൂമിയും സൂര്യനും ചന്ദ്രനും നദികളും സമസ്ത പ്രകൃതിയും അവിടെ ദൈവാംശങ്ങളാണ് ! അവരുടെ പ്രാർത്ഥനകളിൽ ശാന്തി മന്ത്രങ്ങൾ നിറഞ്ഞു നില്ക്കുന്നു!
അവരുടെ നിത്യ പ്രാർത്ഥനകളിൽ സമസ്തലോകത്തിനും മംഗളം നേരുന്നു !
ഇക്കാലമത്രയും പലപ്പോഴായി അവിടെയെത്തിയവർ ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും അവർക്ക് പ്രിയ്യപ്പെട്ട പൂക്കൾ കൊണ്ടുപോയിട്ടുണ്ട്.
വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്ത പേരുകളിൽ അവ അറിയപ്പെടുന്നുണ്ടാകും!”
തോട്ടക്കാർ എല്ലാവരും മെല്ലെ തല താഴ്ത്തി.
പൂവ്വിതരണക്കാർ നിശബ്ദരായി.
അവരോടൊപ്പമുണ്ടായിരുന്ന ശലഭങ്ങളും
പൂത്തുമ്പികളും കരിവണ്ടുകളും തേനീച്ചകളും ഉൾവലിഞ്ഞു.
പവിത്രമായ പൂവ്വനങ്ങളുടെ
ഭൂപ്രദേശം! എല്ലാം ദിവ്യപുഷ്പങ്ങൾ !
എല്ലാ പുഷ്പാർച്ചനകളും ദൈവത്തിലേക്ക് .
സർവ്വതും ദൈവചൈതന്യത്താൽ പവിത്രമായിരിക്കുന്നു !
അതിന്റെ ഓർമ്മയും സുഗന്ധവും
അവരുടെ അവരുടെ മനസ്സുകളിൽ നിറഞ്ഞു നിന്നു.
ദൈവമെ, എത്ര ധന്യമാണത്!

എം പി ശ്രീകുമാർ

By ivayana