ഞാൻ നട്ടുനനച്ചു കുറെതണൽ-
മരങ്ങളെന്റെ പറമ്പിലെ വെള്ളാരം
കല്ലുകൾക്കിടയിൽ, ഒരിക്കലുംമുന്നേറി
വേരുപിടിക്കാത്തൊരുവരണ്ടജീവിത-
സത്യത്തിൻ മൂർച്ചകൾക്കിടയിൽ!
ചില ചിത്രങ്ങളെന്നെനോക്കിയിപ്പോഴും
കൊതിപ്പിക്കാറുണ്ട്
നിറഞ്ഞഹരിതത്തിന്റെ ദേവരചനയിൽ,
എന്നെങ്കിലുമെൻമനസ്സിന്റെ
ചീങ്കല്ലുകൾക്കിടയിൽ കൊതിക്കാറുണ്ട്,
ഏറെ വളർന്നുകിട്ടുമെൻ
പ്രതീക്ഷതൻ ജീവിതഹരിതങ്ങൾ!
കാലം പലപ്പോഴുംകൊഞ്ഞനം-
കുത്തി ചിരിക്കാറുണ്ട്
എന്റെ ജീവിതമാകും വരണ്ടനിലത്തിൽ
തണൽമരങ്ങളെ കണ്ടിട്ട്
ജീവിതപച്ചപ്പുകളെല്ലാം പഴുക്കാതെ
വാടിക്കൊഴിയുന്നതുകണ്ടിട്ട്
സ്വപ്നങ്ങൾപ്പൂക്കും ചെറുകായ്കൾ
ഒരുവാക്കുപോലും ചൊല്ലാതെ
വിണ്ടുകീറി പൊഴിയുന്നതു കണ്ടിട്ട്,
വാനത്തിൽതാരനിരകളും
കൺചിമ്മുന്നുണ്ട് മൗനമായ്!
എന്നെങ്കിലും പൂക്കുംകായ്‌ക്കുമെന്ന്
ചിന്തിക്കുന്നുണ്ടാവുമീ സമത്വസുന്ദര
തണൽമരങ്ങളെങ്കിലുമെൻ
ജീവിതസായാഹ്നത്തിലെങ്കിലും,
ഒരുപറ്റംകിളികളുടെ സന്തോഷാരവങ്ങൾ
കേൾക്കുവാൻ കഴിയട്ടെയെന്നു
ജ്വാലിക്കുന്നുണ്ട്, യെൻമനം
മലർപ്പൊടിക്കാരന്റെ സ്വപ്‌നം പോൽ!

By ivayana