മാലിദ്വീപിന്റെ വശ്യസൗന്ദര്യം അയാൾക്ക് എന്നും ഒരു ഹരമായിരുന്നു. കേരളം അതിനോട് കിടപിടിക്കുമെങ്കിലും അവിടുത്തെ സമുദ്ര കാഴ്ചകൾ മനസ്സിലെ ഏത് ഉണങ്ങാത്ത മുറിവുകളും ഉണക്കുന്നതായിരുന്നു. അവിടുത്തെ കാഴ്ചകളും അനുഭവങ്ങളും അയാളിലെ മനുഷ്യനെ കണ്ടെത്താൻ സഹായിച്ചിരുന്നതായി അയാൾ വിശ്വസിച്ചിരുന്നു.
അന്നൊരിക്കൽ അയാൾ മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയിൽ നിന്നും ജോലി ചെയ്തതിരുന്ന മടവേലിദ്വീപിലേക്ക് പോകുമ്പോഴാണ് അവിസ്മരണീയമായ ആ അനുഭവം ഉണ്ടായത്.
എൻജിൻ ഘടിപ്പിച്ച് തടികൊണ്ട് ഉണ്ടാക്കിയ ഏകദേശം മുപ്പതോളം പേർ കയറുന്ന ഒരു ബോട്ട് ആയിരുന്നു അത്. അപ്പോൾ സമയം ഏതാണ്ട് രണ്ടരയായി. എന്നും ആ സമയത്താണ് ‘ഫെറി’എന്നറിയപ്പെടുന്ന ആ ബോട്ട് യാത്രയാകുക. ബോട്ടിന്റെ മധ്യഭാഗത്തായിരുന്നു എൻജിൻ എങ്കിലും ക്യാപ്റ്റന്റെ മുറി മുൻ ഭാഗത്തായിരുന്നു. വശങ്ങളെല്ലാം പടുതാ കൊണ്ടു മറച്ചിരുന്നതിനാൽ എപ്പോൾ വേണമെങ്കിലും ചുരുട്ടി വെച്ച് വശങ്ങളിലുള്ള കാഴ്ചകൾ കാണാൻ കഴിയുമായിരുന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സാധാരണ അയാൾ വെള്ളിയാഴ്ചകളിൽ തലസ്ഥാനത്ത് പോയി ഒരാഴ്ചത്തേക്ക് വേണ്ട സാധനങ്ങൾ എല്ലാം സംഭരിക്കുക പതിവായിരുന്നു. അന്നും അയാൾ അതിന് ഇറങ്ങിയതായിരുന്നു. സാധനങ്ങളെല്ലാം വാങ്ങി ബോട്ടിൽ കയറ്റുന്നതിനിടയിലാണ് അയാൾ ആ ദൃശ്യം കണ്ടത്. ഒരമ്മയും മകളും ബോട്ടിനകത്തിരിക്കുന്നു.അയാൾ അവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് അഞ്ചുവർഷമായെങ്കിലും ഇതിനുമുമ്പ് അവിടെങ്ങും കണ്ടിട്ടേ ഇല്ലാത്ത രണ്ട് മുഖങ്ങൾ.വേറെ യാത്രക്കാർ ആരും തന്നെ അപ്പോൾ ബോട്ടിൽ കയറിയിരുന്നില്ല. ബോട്ട് ജെട്ടി വിടാൻ ഇനിയും അധികം സമയമുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു. അവരെ കണ്ടപ്പോൾ തന്നെ അവർ മലയാളികൾ ആണെന്ന് അയാൾക്ക് മനസ്സിലായി. ആ ഇരിപ്പ് കണ്ടപ്പോൾ അവിടം അധികം പരിചയം ആയിട്ടില്ല എന്നും മനസ്സിലായി. അയാൾ അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു :
“ ഇവിടെ പുതിയ ആളാണെന്ന് തോന്നുന്നു, അല്ലേ?”
“അതെ,ഈ ബോട്ട് ചെല്ലുന്ന മാടവളിയിൽ നിയമിതയാ യിരിക്കുന്ന അധ്യാപികയാണ്”.
“ ആ സംസാരം കേട്ടപ്പോൾ അയാൾക്ക് ചിരി വന്നു.
“അത് മാടവളി അല്ല.മടവേലി”.
“ഓ… സോറി മടവേലി”.
അത് പറഞ്ഞിട്ട് അവരും ചിരിയിൽ പങ്കുചേർന്നു.
“ എന്താ പേര്?”.
“ ബ്രിജിത്ത്.ബ്രിജിത്ത് സോമൻ”.
നിർവികാരതയോടെ അവൾ പറഞ്ഞു.
അവർക്ക് നേരെ എതിർവശത്ത് തടികൊണ്ടുള്ള ബെഞ്ചിൽ അയാൾ ഇരുന്നു. അപ്പോൾ അയാൾക്ക് അവരെ രണ്ടുപേരെയും നന്നായി കാണാമായിരുന്നു. അമ്മയ്ക്ക് ഏകദേശം മുപ്പതു വയസ്സ് പ്രായം തോന്നിക്കും. മകൾക്ക് അഞ്ചും.കാഴ്ചയിൽ സുന്ദരിയായിരുന്നു അമ്മ. സംസാരിക്കുന്നതിനിടയിൽ അവരു ടെ നീണ്ട മുടി അവർ എടുത്ത് മുന്നോട്ടിട്ടിരുന്നു . ധരിച്ചിരുന്ന ഇളം റോസ് നിറമുള്ള ചുരിദാറിന്റെ കടും ചുവപ്പു നിറമുള്ള ഷാൾ കഴുത്തിൽ ചുറ്റി ഇട്ടിരുന്നു.
വളരെ സ്നേഹത്തോടെ അയാൾ മോളോട് ചോദിച്ചു:
“ എന്താ മോളുടെ പേര്?“
പേര് പറയുന്നതിന് മുൻപേ അവൾ അമ്മയെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു:
“ അന്ന”.
അവളോട് അടുത്ത ചോദ്യം ചോദിക്കുന്നതിനു മുൻപായി തന്നെ ബ്രിജിത്തിൽ നിന്നും ഒരു ചോദ്യം വന്നു.
“ ഇവിടെ ടീച്ചർ ആയിരിക്കും, അല്ലേ?”.
അതെ ഞാൻ ഇവിടെ മടവേലിയിൽ കണക്കു പഠിപ്പിക്കുന്നു. നാട്ടിൽ കുറെ പ്രൈവറ്റ് സ്കൂളുകളിൽ ഒക്കെ പഠിപ്പിച്ചു. ശമ്പളം കുറവ്. ഗവൺമെന്റ് ജോലി കിട്ടാൻ ഇനിയും കാത്തിരിക്കണം. പി എസ് സി പരീക്ഷ എഴുതിയിട്ടുണ്ട്.!”
ഒരു കാറ്റടിക്കുമ്പോൾ പത്തോളങ്ങൾ കടലിൽ ഉണ്ടാകുന്നതുപോലെയായിരുന്നു അയാളുടെ ഉത്തരങ്ങൾ.
“എന്താ പേര്?” വളരെ സൗഹാർദ്ദത്തോടെ ബ്രിജിത്ത് ചോദിച്ചു.
“മനോജ് മാത്യു”
“ എന്താ ടീച്ചറിന്റെ വിഷയം?“
“ ഇംഗ്ലീഷ്”.
അപ്പോഴേക്കും ബോട്ട് വിടാൻ സമയമായി. ആളുകൾ ഒന്നൊന്നായി അകത്തേക്ക് കടന്നു വന്നു. ഏകദേശം മുപ്പതു പേർ.
“ ഇവിടെനിന്ന് എത്ര മണിക്കൂർ യാത്ര ചെയ്യണം മടവേലിയിൽ എത്താൻ?”
ജിജ്ഞാസയോടെ ബ്രിജിത്ത് ചോദിച്ചു.
“ഒരു മുക്കാൽ മണിക്കൂർ. അതിൽ കൂടുതൽ വേണ്ടി വരില്ല”.
അയാൾ പറഞ്ഞു.
യാത്ര തുടങ്ങി ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ബോട്ടിന്റെ ഇരുവശങ്ങളിലുമായി ഡോൾഫിൻസ് വന്ന് ചാടാൻ തുടങ്ങി. കിളയായി വന്ന് അവ ഓരോന്നായി മുകളിലേക്ക് ചാടി രസിച്ചിരുന്നെങ്കിലും അവ വരാനിരിക്കുന്ന അപകടത്തിന് മുന്നറിയിപ്പ് നൽകുന്നതു പോലെ തോന്നി. കടലിലും കരയിലും നടക്കുന്ന ഓരോ മാറ്റവും വളരെ കൃത്യമായി അവ മനസ്സിലാക്കുന്നു. എത്ര വലിയ കൊടുങ്കാറ്റ് അടിച്ചാലും കടൽ എത്ര ഇളകിയിരുന്നാലും ഡോൾഫിൻകളെ അതൊന്നും ബാധിച്ചിരുന്നില്ല. പുറമേയുള്ള എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതു പോലെ അവ കളിച്ചുകൊണ്ടിരുന്നു.ഇത്രയും മനുഷ്യസഹായിയായ ജീവി ഭൂമിയിൽ വേറെ ഒന്ന് ഉണ്ടോയെന്ന് അയാൾക്ക് സംശയം തോന്നി.
“ നോക്കൂ മോളെ, ഡോൾഫിൻസ്!”
അയാൾ ഡോൾഫിനുകളെ അന്നയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. അപ്പോൾ അമ്മയും മകളും തല പുറത്തേക്കിട്ട് അവകളുടെ ചേഷ്ഠകൾ ആസ്വദിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന് അന്തരീക്ഷം ആകെ ഇരുണ്ടു. മാലിയിലെ പെണ്ണിന്റെ മനസ്സും അതിന്റെ കാലാവസ്ഥയും ഏത് നിമിഷവും മാറും എന്ന് ഏതോ എഴുത്തുകാരൻ എഴുതിയത് അയാൾ ഓർത്തു. ഒരഞ്ചുമിനിറ്റ് കഴിഞ്ഞു കാണും, കാറ്റും പിശറും തുടങ്ങി. ആദ്യം ചെറിയതോതിൽ തുടങ്ങിയത് വൻതോതിൽ ആകാൻ അധികസമയം വേണ്ടിവന്നില്ല. ഇരുണ്ട അന്തരീക്ഷത്തിനൊപ്പം ബോട്ടിന്റെ വശങ്ങളിലെ പടുത താഴ്ത്തിയിട്ടതോടുകൂടി ബോട്ടിനകത്ത് രാത്രിയുടെ പ്രതീതിയായിരുന്നു. തിരമാലകളിൽ പെട്ട ബോട്ട് അമ്മാനമാടി കൊണ്ടിരുന്നു. ബോട്ടിനകത്ത് സ്ത്രീകളും കുഞ്ഞുങ്ങളും അലമുറയിട്ട് കരയാൻ തുടങ്ങി. ബോട്ട് കടലിന്റെ നടുക്ക് തന്നെ നങ്കൂരമിട്ടു നിർത്തി.ബോട്ടലിലെ ജോലിക്കാർ ബോട്ടിനകത്ത് ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ഓരോന്നായി പുറത്തേക്ക് കടലിലേക്ക് വലിച്ചെറിഞ്ഞു. അക്കൂട്ടത്തിൽ സിമന്റ് ബാഗുകളും അരിയുടെയും മൈദയുടെയും ചാക്കുകളും ഒക്കെ ഉണ്ടായിരുന്നു.
ബ്രിജിത്ത് അന്നയെ മടിയിലെടുത്ത് വെച്ച് സ്തബ്ദയാ യി ഇരുന്നു.ബോട്ട് മുങ്ങി പോയാൽ തങ്ങളുടെ സ്ഥിതി എന്താകുമെന്ന് ആലോചിച്ച് വേവലാതിപൂണ്ടിരിക്കുകയായിരുന്നു അവൾ .
“പേടിക്കേണ്ട ഇത് ഇവിടെ സർവ്വസാധാരണമാണ്. “
ധൈര്യം കൊടുക്കാൻ വേണ്ടി അയാൾ പറഞ്ഞു.
കടലിലെ കൊടുങ്കാറ്റിന്റെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ ജീവിതത്തിൽ ഉണ്ടായ കൊടുങ്കാറ്റും പിശറും അവളുടെ മനസ്സിലേക്ക് ഓടി വന്നു. ജീവിതത്തിൽ അവരെ നിലംപരിശാക്കിയത് ഭർത്താവെ ന്ന ചുഴലിക്കാറ്റായിരുന്നു. അതോർത്തപ്പോൾ ആ മനസ്സ് വിങ്ങി. പക്ഷേ ആ തേങ്ങൽ അവർ പുറത്ത് കാണിച്ചില്ല.വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷങ്ങൾ മാത്രമേആയുള്ളൂവെങ്കിലും അഞ്ചു യുഗങ്ങൾ പോലെ അവൾക്ക് തോന്നി.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു പ്രൈവറ്റ് സ്കൂളിൽ അധ്യാപികയായി ജോലി നോക്കുമ്പോൾ തികച്ചും അപ്രതീക്ഷിതമായിട്ടാണ് സോമനെ പരിചയപ്പെട്ടത്. അന്ന് അയാൾ ജോലി അന്വേഷിച്ചു നടക്കുകയായിരുന്നു. ഒരു ദിവസം അയാളുടെ മരിച്ചുപോയ പെങ്ങളുടെ മകനെ സ്കൂളിൽ അഞ്ചാം ക്ലാസിൽ ചേർക്കുന്നതിനായി വന്നപ്പോഴാണ് ആദ്യമായി ബ്രിജിത്ത് അയാളെ കാണുന്നത്. പിന്നെ അയാൾ തുടരെത്തുടരെ അനന്തരവന്റെ ക്ഷേമാന്വേഷണത്തിനായി സ്കൂളിൽ വന്നു തുടങ്ങി.ആ പരിചയം സൗഹൃദമായും പ്രേമമായും മാറി. മറ്റൊരു മതത്തിൽ പെട്ടവനാണെങ്കിലും സോമൻ നല്ലവനാണെന്ന് ബ്രിജിത്ത് വിചാരിച്ചു. അയാളുടെ പെരുമാറ്റം അങ്ങനെയായിരുന്നു.
അന്നൊരിക്കൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി ബ്രിജിത്ത് ഒരു അപകടത്തിൽപ്പെട്ടു. റോഡിൽകൂടി നടന്നു പോവുകയായിരുന്ന ബ്രിഡ്ജിത്തിനെ ഒരു കാർ വന്നിടിച്ചു. സ്ഥലത്തെ ഒരു പ്രധാന ബിസിനസ്കാരനായ അവറാച്ചന്റെ കാറായിരുന്നു അത്. ആ നാട്ടിലെങ്ങും അയാൾ അറിക്കീസ് അവറാച്ചൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ധനികനായിരുന്നു എങ്കിലും പണം ചെലവാക്കുന്നത് വളരെ പിശുക്കിയായിരുന്നതുകൊണ്ടാണ് ആ പേരിൽ അയാൾ അറിയപ്പെട്ടിരുന്നത്.
ബ്രിജിത്തിനെ കാറിടിച്ചെങ്കിലും അവൾക്ക് സാരമായ മുറിവൊന്നും ഉണ്ടായില്ല. കൈമുട്ട് കുത്തി വീണത് മൂലം കുറച്ച് തൊലിപോയിരുന്നു. അവറാച്ചൻ ബ്രിജിത്തിനെ അപ്പോൾ തന്നെ ആ കാറിൽ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു.അപകട സ്ഥലത്ത് സോമൻ ഉണ്ടായിരുന്നു. അയാൾ അതിൽ ഇടപെടുകയും ആശുപത്രി ചെലവുകൾ കൂടാതെ ഒരു നല്ല തുക അവറാച്ചനിൽ നിന്ന് അടിച്ചു മാറ്റുകയും ചെയ്തു. പക്ഷേ ആ വിവരം ബ്രിജിത്ത് അന്ന് അറിഞ്ഞിരുന്നില്ല.
അന്നൊരു ദിവസം സോമൻ വീട്ടിലേക്ക് വന്നത് ഇപ്പോഴത്തേതുപോലെ ബ്രിജിത്ത് ഓർക്കുന്നു. ബ്രിജിത്തിന്റെ അപ്പൻ പാപ്പച്ചൻ ഒരു കർഷകനായിരുന്നു.അയാൾ അന്ന് രാവിലെ കൃഷിയിടത്തിലേക്ക് പോകാൻ ഇറങ്ങുമ്പോൾ സോമൻ അവിടെ കയറി വന്നു. ബ്രിജിത്ത് അടുക്കളയിൽ എന്തോ പെരുമാറ്റിക്കൊണ്ട് നിൽക്കുകയായിരുന്നു.പെട്ടെന്നുള്ള സോമന്റെ പെരുമാറ്റം കണ്ട് പാപ്പച്ചൻ ഞെട്ടിപ്പോയി.
“ അങ്കിൾ ഞാൻ വന്നത് ഒരു പ്രധാന കാര്യം പറയാനാണ്. എനിക്ക് ബ്രിജിത്തിനെ വളരെ ഇഷ്ടമാണ്. ഞാൻ അവളെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു. എതിർത്തൊന്നും പറയരുത്”.
പാപ്പച്ചൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുനേരം അങ്ങനെ നിന്നിട്ട് സോമൻ വീട്ടിലേക്ക് പോയി. സോമന്റെ സ്വരം കേട്ട് ബ്രിജിത്ത് പുറത്തേക്ക് വന്നപ്പോൾ സോമനെ അവിടെയെങ്ങും കണ്ടില്ല.
“ എന്താ അച്ഛാ,എന്താ ഇവിടെ ഉണ്ടായത്”?
ബ്രിജിത്ത് വളരെ ആകാംക്ഷയോടെ ചോദിച്ചു.
“ ആ സോമൻ ഇപ്പോൾ ഇവിടെ വന്നിരുന്നു. നിന്നെ ഇഷ്ടമാണെന്നും കല്യാണം കഴിപ്പിച്ചു കൊടുക്കണമെന്നും പറഞ്ഞു “.
ഒരു മുന്നറിയിപ്പും കൂടാതെ സോമൻ അങ്ങനെ വന്നത് ബ്രിജിത്തിനെയും ഞെട്ടിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ നടന്നതെല്ലാം ഒരത്ഭുതം പോലെ ആയിരുന്നു. സോമൻ മതം മാറാൻ തയ്യാറായി. പള്ളിയിൽ വെച്ച് ബ്രിജിത്തിനെ വിവാഹം കഴിച്ചു.
വിവാഹം പോലെതന്നെ പെട്ടെന്നായിരുന്നു വിവാഹമോചനവും.
ആ ബന്ധം ഒരു വർഷം നീണ്ടു. അതിനിടയ്ക്ക് മൂന്നുമാസം മാത്രമേ ബ്രിജിത്ത് സോമനോടൊത്ത് കഴിഞ്ഞുള്ളൂ. നല്ലൊരു തുകയും പണ്ടവും ബ്രിജിത്തിന് ഷെയർ ആയി അപ്പൻ കൊടുത്തിരുന്നു. അതെല്ലാം സോമൻ നശിപ്പിച്ചു. അതിനുള്ളിൽ ബ്രിജിത്ത് ഗർഭിണിയാവുകയും ചെയ്തു.
“ എന്താ ടീച്ചറിന്റെ മുഖം വല്ലാതെ ഇരിക്കുന്നല്ലോ. ഈ അന്തരീക്ഷം കണ്ട് ഭയപ്പെട്ടോ? !” മനോജ് സൗമ്യമായി ചോദിച്ചു.
“ ഇതിനെക്കാൾ വലിയ ഒരു കൊടുങ്കാറ്റ് കടന്നു വന്നവളാണ് ഞാൻ. ഇത് എത്രയോ നിസ്സാരം. പുറത്തേക്കു നോക്കൂ. വന്ന കാറ്റും മഴയും അതുപോലെ പോയി. എല്ലാം പെട്ടെന്ന് ശാന്തമായി. പക്ഷേ ജീവിതം… അത് അത്ര പെട്ടെന്നങ്ങ് തീരുന്നില്ലല്ലോ….!!!!”
ബ്രിജിത്ത് അത് പറയുമ്പോൾ അത്രയും കാലം കൊണ്ട് അനുഭവിച്ച ദുഃഖം മുഴുവൻ ആമുഖത്ത് പ്രതിഫലിച്ചിരുന്നു.
“ ടീച്ചർ എത്രയോ വലിയ ദുഃഖം അനുഭവിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. വിരോധമില്ലെങ്കിൽ എന്നോട് പങ്കുവെക്കാം. ഇപ്പോൾ അല്ലെങ്കിൽ പിന്നീട് ….”
“ ശരി.”
“ നോക്കൂ, ടീച്ചർ, ഇതാണ് ഇന്നലെ ടീച്ചർ വന്നിറങ്ങിയ ഡൊമസ്റ്റിക് എയർപോർട്ട്.” ബോട്ട് മുന്നോട്ട് പാഞ്ഞ് പെയ്ക്കൊണ്ടിരിക്കെ കാണ്ടെദ്ദു എയർപോർട്ടിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മനോജ് പറഞ്ഞു.
“ ആ…. എയർപോർട്ട് ആണിത്, അല്ലേ?”
എയർപോർട്ടിനെ കുറിച്ചുള്ള ചിന്ത വീണ്ടും ബ്രിജിത്തിനെ നാട്ടിലേക്ക് കൊണ്ടു പോയി.
സോമൻ എന്നും രാവിലെ വീട്ടിൽ നിന്ന് പോകും. എവിടേക്കാണ് പോകുന്നതെന്ന് ബ്രിജിത്തിന് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല. ഫോൺ എപ്പോഴും ഓഫ് ആയിരിക്കും. വീട്ടിൽ വല്ലപ്പോഴേ വരികയുള്ളൂ. വീട്ടിൽ വന്നാൽ മകളോട് ഒന്നും മിണ്ടില്ല. ആഹാരത്തോടും വലിയ താല്പര്യം ഇല്ലായിരുന്നു. രാത്രിയിൽ വന്നാൽ ഉറങ്ങും.നേരം വെളുത്താൽ എഴുന്നേറ്റു പോകും
വിവാഹം കഴിഞ്ഞ് ഏകദേശം രണ്ടു മാസം കഴിഞ്ഞു കാണും. അന്നൊരിക്കൽ അന്നയ്ക്ക് കശലായ പനി വന്നു. സോമനെ പലപ്രാവശ്യം വിളിച്ചിട്ടും കിട്ടിയില്ല. മോളെയും കൊണ്ട് പട്ടണത്തിലുള്ള ഡോക്ടറെ കാണാൻ പോയി. ഡോക്ടറെ കണ്ടശേഷം അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് മരുന്ന് വാങ്ങാൻ പോകുമ്പോൾ ആ ദൃശ്യം കണ്ട് ബ്രിജിത്ത് ഞെട്ടിപ്പോയി. സ്ഥലത്തെ കള്ള് ഷാപ്പ് ഉടമയുടെ മകളുമായി കൈകോർത്ത് പിടിച്ചു നടന്നു പോകുന്നു സോമൻ.
മറ്റൊരു ദിവസം സോമന്റെ വസ്ത്രങ്ങൾ അലക്കാൻ എടുക്കുമ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതി ബ്രിജിത്തിന് കിട്ടി. വളരെ ആകാംക്ഷയോടെ അവൾ അത് തുറന്നു നോക്കി. എന്തോ വെളുത്ത പൊടിയായിരുന്നു അതിനുള്ളിൽ. എത്രയാലോചിച്ചിട്ടും അത് എന്താണെന്ന് ബ്രിജിത്തിനു മനസ്സിലായില്ല. എങ്കിലും അത് ഏതോ മയക്കുമരുന്നാണെന്ന് ബ്രിജിത്തിന് വളരെ സംശയമുണ്ടായിരുന്നു. ബ്രിജിത്ത് അവളുടെ കൂട്ടുകാരി പ്രിയങ്കയെ വിളിച്ചു ചോദിച്ചു:
“ എടി ഇങ്ങനെ ഒരു പൊടി സോമന്റെ പോക്കറ്റിൽ നിന്ന് കിട്ടി എന്തായിരിക്കും അത്?”
“ എടീ അത് മയക്കുമരുന്നാണ്. നീ ഒരു പൊട്ടി പെണ്ണാണ്. നിന്റെ ചേട്ടൻ സോമൻ മയക്കുമരുന്ന് കടത്തുകാരൻ ആണെന്ന് നാട്ടിലെല്ലാം പാട്ടാണ്. നീ മാത്രം എന്തേ ഇത് അറിയാതെ പോയത്”?
ഇത്രയും പറഞ്ഞിട്ട് പ്രിയങ്ക ഫോൺ വെച്ചു.
അന്ന് വൈകിട്ട് സോമൻ വന്നപ്പോൾ ബ്രിജിത്ത് ചോദിച്ചു :
“ ഇതെന്താ ചേട്ടാ. ചേട്ടന്റെ പോക്കറ്റിൽ നിന്ന് കിട്ടിയതാണ്. ഇത് ഞാൻ അല്പം കഴിച്ചോട്ടെ?”
“എന്താ? പോക്കറ്റിൽ നിന്ന് കിട്ടിയോ? കഴിച്ചോട്ടെയെന്നോ?”
ബ്രിജിത്തിന്റെ ചോദ്യം കേട്ട് സോമൻ കലിതുള്ളി. എന്നിട്ട് ആ പൊതി അവളുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു. നിർവികാരയായി നിന്ന് ബ്രിജിത്ത് ചോദിച്ചു :
“ അപ്പോൾ വീട്ടിൽ നിന്ന് പോകുന്നത് ഇത് കച്ചവടം ചെയ്യാനാണ്,അല്ലേ? ഇടയ്ക്കിടയ്ക്ക് കഴിക്കുന്നുമുണ്ട്. എന്തോ കഴിക്കുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. കഴിക്കുന്ന സാധനം ഇതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്താണ് ഇതിന്റെ പേര് എൽ എസ് ഡി യോ”?
ആ ചോദ്യം ചോദിക്കുമ്പോൾ ബ്രിജിത്തിന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പിന്നെ തമ്മിൽ വലിയൊരു വാഗ്വാദം നടന്നു.
പിറ്റേന്ന് രാവിലെ രണ്ടു പോലീസുകാർ വീട്ടിലേക്ക് വന്നു. അവരുടെ കയ്യിൽ സർച്ച് വാറണ്ട് ഉണ്ടായിരുന്നു.സോമൻ എഴുന്നേറ്റ് വരുന്നതേയുണ്ടായിരുന്നുള്ളു. അകത്തു കടന്ന പോലീസ് സോമന്റെ മുറി മുഴുവൻ പരിശോധിച്ചു. കൂടുതൽ പൊതി അവർ അവിടെ കണ്ടെടുത്തു. സോമനെ അറസ്റ്റ് ചെയ്തുകൊണ്ട് അവർ പോലീസ് സ്റ്റേഷനിലേക്ക്പോയി. കോടതിയിൽ കൊണ്ടുവന്ന അയാളെ റിമാൻഡ് ചെയ്തു.
അന്ന് തന്നെ ബ്രിജിത്ത് വീട്ടിലേക്ക് പോയി. പിന്നെ അവർ തമ്മിൽ കണ്ടിട്ടില്ല.
പഴയ കാലത്തിന്റെ ഓർമ്മ ചൂളയിൽ കിടന്നുരുകിയ ബ്രിജിത്ത് ബോട്ട് മടവേലയിൽ വന്നെത്തിയത് അറിഞ്ഞില്ല. ജെട്ടിയിലേക്ക് ചാടി ഇറങ്ങിയ മനോജ് കൈനീട്ടി ബ്രിജിത്തിനെയും കുഞ്ഞിനെയും കരയിലേക്ക് ഇറക്കി.
“ ഈ ദീപിൽ ലോഡ്ജുകളോ ഹോസ്റ്റലുകളോ ഒന്നും ഇല്ലെന്ന് അറിയാമല്ലോ! ടീച്ചർക്ക് ഇഷ്ടമാണെങ്കിൽ എന്റെ മുറിയിൽ കിടക്കാം. ഇവിടുത്തെ ഐലൻഡ് ചീഫിന്റെ വീടിന്റെ ഒരു ഭാഗമാണ്. അറ്റാച്ച്ഡ് ടോയ്ലറ്റും മറ്റ് സൗകര്യങ്ങളും എല്ലാം ഉണ്ട്.ഞാൻ എന്റെ സുഹൃത്ത് തോമസിന്റെ വീട്ടിലേക്ക് പൊയ്ക്കോളാം. ടീച്ചർക്ക് ഒരു വീട് കണ്ടു പിടിക്കുന്നത് വരെ ഇവിടെ താമസിക്കാം.” ബ്രിജിത്തും മകളും അന്ന് മനോജിന്റെ മുറിയിൽ കിടന്നു.
പിറ്റേന്ന് ബ്രിജിത്ത് സ്കൂളിൽ ജോയിൻ ചെയ്തു.വൈകിട്ട് മറ്റു മലയാളി അധ്യാപകരുമൊത്ത് ബീച്ചിൽ ഇരിക്കുമ്പോൾ കൊമേഴ്സ് പഠിപ്പിക്കുന്ന തോമസും അക്കൗണ്ട്സ് പഠിപ്പിക്കുന്ന ഷിബുവും സോഷ്യൽ സ്റ്റഡീസ് പഠിപ്പിക്കുന്ന ബിജുവും എല്ലാവരും പരസ്പരം പരിചയപ്പെടുത്തി. അങ്ങനെ മനോജ് സ്വയം പരിചയപ്പെടുത്തുമ്പോൾ പറഞ്ഞു:
“ ഞാനും ബ്രിജിത്ത് ടീച്ചറും ഒരേ നാട്ടുകാരാണ്. എന്റെ അച്ഛന്റെ പേര് അവറാച്ചൻ. അരിക്കീസ് അവറാച്ചൻ എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്.
പെട്ടെന്ന് ബ്രിഡ്ജിത്തിന് പണ്ടത്തെ അപകടം ഓർമ്മയിൽ വന്നു. അത് ടീച്ചർ മനോജിനോട് പറയുകയും ചെയ്തു. അപ്പോൾ മനോജ് പറഞ്ഞു:
“എനിക്കറിയാം. അന്ന് ഇരുപത്തയ്യായിരം രൂപയാണ് സോമൻ വാങ്ങിയത്. അപകടം നടക്കുമ്പോൾ ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. അപ്പച്ചൻ വീട്ടിൽ വന്നത് വ്യസനത്തോടെ പറയുന്നത് ഞാൻ കേട്ടിരുന്നു. ടീച്ചർ സ്വയം പരിചയപ്പെടുത്തിയപ്പോൾ തന്നെ എനിക്ക് ഈ കാര്യങ്ങൾ എല്ലാം ഓർമ്മയിൽ വന്നിരുന്നു.“
അന്ന് സോമൻ ഈ കാര്യങ്ങൾ പറഞ്ഞില്ലല്ലോ എന്നോർത്ത് ബ്രിജിത്തിനു നാണക്കേട് തോന്നി.
അങ്ങനിരിക്കെ ഒരു ദിവസം വീട്ടിൽ നിന്ന് ബ്രിജിത്തിന്റെ അപ്പൻ വിളിച്ചുപറഞ്ഞു:
“ ലഹരി കടത്തുക കേസിൽ നീയും ഉൾപ്പെട്ടിരുന്നതുകൊണ്ട് നീ നാട്ടിലുണ്ടാകേണ്ടത് ആവശ്യമാണ്. എത്രയും വേഗം വരണം”.
ഉടൻ ബ്രിജിത്ത് നോട്ടീസ് കൊടുത്തു. അങ്ങനെ മൂന്നു മാസത്തെ ശമ്പളവും വാങ്ങി ബ്രിഡ്ജിത്തും മകളും മാലിദ്വീപിനോട് യാത്ര പറഞ്ഞു.
കേസിന്റെ കാര്യം ഒന്നും മനോജിനോട് ബ്രിജിത്ത് മറച്ചു വെച്ചില്ല. ഈ കഥകളുടെയെല്ലാം സംഗ്രഹം മനോജിന് കൊടുക്കാനും ബ്രിജിത്ത് മറന്നില്ല. കുറെയധികം കഥകൾ നാട്ടുകാരിൽ നിന്നും മനോജ് അറിയുന്നുണ്ടായിരുന്നു.
ബ്രിജിത്തിനും മകൾക്കും ഒരു ജീവിതം കൊടുക്കണമെന്ന് മനോജിന് ആഗ്രഹമുണ്ടായിരുന്നു. അവന്റെ മനസ്സ് ഒരു ഡോൾഫിന്റെതുപോലെ ആയിരുന്നു. കടലിലെ മാലാഖ.എപ്പോഴും സഹായഹസ്തം നീട്ടി…..അടുത്ത അവധിക്ക് നാട്ടിൽ ചെന്നപ്പോൾ അവൻ അത് അപ്പനോട് പറയുകയും ചെയ്തു. പക്ഷേ അപ്പൻ അമ്പിനും വില്ലിനും അടുത്തില്ല. അപ്പൻ പറഞ്ഞു :
“ മോനേ, ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും”.
അവധി കഴിഞ്ഞ് മാലിദ്വീപിലേക്ക് മടങ്ങിയ മനോജിന് ജീവിതം വളരെ വിരസമായി തോന്നി. മാലിയിൽ നിന്നും ദ്വീപിലേക്ക് പോകുമ്പോൾ ആ പഴയ സ്ഥലത്ത് വീണ്ടും ഡോൾഫിനുകൾ ഒത്തുകൂടി കളിക്കുന്നുണ്ടായിരുന്നു. അപ്പോൾ ബ്രിജിത്തിന്റെ ദുഃഖകഥകൾ ഒന്നൊന്നായി അവന്റെ മനസ്സിലേക്ക് കടന്നുവന്നു. എങ്കിലും ഡോൾഫിനുകളുടെ കളികൾ കണ്ടിരിക്കെ അതെല്ലാം അവൻ മറന്നു. ആ ഡോൾഫിനുകളിൽ ഒന്നായി തീർന്നിരുന്നെങ്കിൽ എന്നുപോലും അവൻ ആഗ്രഹിച്ചു.

തോമസ് കാവാലം

By ivayana