കവി, ഞാൻ കിടക്കുന്നു
കടലിൻ തീരത്തുള്ളം
കവിയും വിഷാദങ്ങൾ
പേറുമീ സായാഹ്നത്തിൽ.
തിരമാലകൾ വന്നു
തഴുകിപ്പോകുന്നേരം
വിരഹം മറക്കുന്നു
തീരമുത്സാഹത്തോടെ.
എങ്കിലും പരിഭവ-
മുണ്ടത്രേ,യാവോളവും
സങ്കടം പറയുവാൻ
സമയം കിട്ടുന്നില്ല.
തെളിവാനിലെ മിന്നി-
നില്ക്കുന്ന താരാജാലം
ഒളികണ്ണാലേ ഭൂവിൻ
സൗന്ദര്യം നുകരുന്നു.
കഥകൾ ചൊല്ലിക്കൊണ്ടു
കടല കൊറിക്കുന്ന
മിഥുനങ്ങളീ കടൽ-
ക്കരയിൽ നടക്കുന്നു.
അറിയാമെനിക്കങ്ങു
ദൂരെയായാഴക്കടൽ
മരുവീടുന്നു ശാന്തം,
ഗംഭീര,മന്യാദൃശം.
ഈവിധമഗാധമീ
ഭവസാഗരം, മർത്ത്യ-
ജീവിതം തേടും പവി-
ഴങ്ങൾതൻ ഭണ്ഡാഗാരം.
ഇനിയും കണ്ടെത്താത്ത
സർഗ്ഗചാരുതയുടെ
കനികൾ നേടാനർത്ഥ-
തലങ്ങൾ തിരയവേ,
നാമറിയുന്നു, വീണ്ടും,
മാനവ ചിത്തങ്ങൾതൻ
കാമനയെന്നും കാണാ-
ക്കയത്തിലുഴലുന്നു!

മംഗളാനന്ദൻ).

By ivayana