പുല കഴിഞ്ഞ്
കുളിച്ചതേയുള്ളു;
വീണ്ടും ദുർകമ്പനങ്ങൾ.
നിറങ്ങൾ..
നിറവുകൾ..
എല്ലാം പുറത്ത്.
ജനം പന്തലഴിക്കുന്നു.
ആത്മശമലം-
പതിവ് തുണിയലക്കുന്നു.
ഈറനൊറ്റയിൽ
പകലുദിക്കുന്നു.
പ്രാഗ് മനം..
കരിനീലിമ..
അലിഞ്ഞിണങ്ങുന്ന-
തമോബാധകൾ.
കയ്യകലത്തിൽ-
കയ്ക്കുന്ന പടവലം.
ചിന്താജഡങ്ങൾ.
വെൺമണൽ തീരത്തെ-
അമ്മ സ്വരങ്ങൾ.
കൃപയറ്റ സൂര്യനെ നോക്കി-
മാമ്പൂ മരിപ്പുകൾ.
ചെറുതീയിൽ വേവുന്ന-
വ്രതസ്ഥന്റെ ദീനം.
വിറ്റുപോയിട്ടും-
കെട്ടുപോകാത്ത-
വ്യാധി വറ്റിന്റെ ശിഷ്ടം.
അദൃഷ്ട വാങ്മയം..
വിശ്വ ഭേഷജം വായന.
കുന്നിറങ്ങുന്ന
അഗ്നി അതിഥികൾ
നെടുതാം മരങ്ങൾ
തുറന്നിടുവാനൊരു-
വെളിവാതിലിന്നൊപ്പം-
പാളി ജനലും തുറന്നാൽ;
സ്ഥലം ധാരാളമായി.
നിഴലുപറ്റാതെ
അകത്തേക്കിരിയ്ക്കാം
മഴ തന്നൊരീർപ്പം
മടുപ്പിൽ പുരട്ടി
കേൾക്കാത്ത ഭാവം-
സഹിക്കാം.

ഹരിദാസ് കൊടകര

By ivayana