സമയത്തേക്കാൾ
പതിനഞ്ച് മിനിട്ട് നേരത്തെയാണ്
അലാറം മുഴങ്ങുക .

പത്ത് മിനിറ്റ് മുന്നേയാണ്
അടുക്കളയിലെ സമയ സൂചികൾ
ആ അക്കങ്ങളെ തൊടുന്നത് .

ഊണുമുറിയിലെ സമയത്തിനൊപ്പം
വിശക്കുന്ന വയറുകളുണ്ട്.

സൂചിക്കാലുകൾ
ചില നേരങ്ങളിൽ മെല്ലെയും
മറ്റു ചിലപ്പോൾ വേഗത്തിലും
ചലിക്കാറുണ്ട് .

വാച്ചിലെ സൂചി
നേരത്തെ ഓടിയിട്ടും
സമയത്തിന് എത്തപ്പെടാൻ കഴിയാറില്ല
പലപ്പോഴും, പലയിടത്തും .

തിരക്കിട്ട് ആളുകൾ ഓടുമ്പോഴും
നഗരഗോപുരത്തിലെ ഘടികാരചക്രം
നിശ്ചലമായത്
ആരും അറിയാത്തത് എന്താണ് ???

ഭരണസിരാകേന്ദ്രത്തിലെ
സമയം ചലിക്കുന്നത്
കാലത്തിനൊപ്പമോ ???
മുന്നിലോ ?? ? പിന്നിലോ ???

വില്പനശാലയിലെ
ഘടികാരങ്ങൾ ഓരോന്നിലും
ഓരോ സമയങ്ങൾ.

ഓരോ നിമിഷവും
ആ നിമിഷങ്ങളിൽ
ജീവിയ്ക്കുക; ഭാഗ്യം

പുഷ്പ ബേബി തോമസ്

By ivayana