രചന : ഹാരിസ് എടവന ✍
ഫെബ്രുവരി കഴിയുന്നതോടു കൂടി മാങ്ങാകാലമായി….
മാങ്ങാകാലം എന്നു കേൾക്കുമ്പോൾ മാമ്പൂക്കളും,ഉണ്ണിമാങ്ങയും
പഴുത്തമാങ്ങയും ,മാങ്ങയിട്ട കറികളും ,മാങ്ങാത്തോലും അങ്ങിനെ
മാവും മാങ്ങയുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളും മനസ്സിലേക്കോടിയെത്തും.
പലതരം മാങ്ങകൾ,പലരുചികൾ,
പലപേരുകൾ അങ്ങിനെ
മാങ്ങയെക്കുറിച്ചു എഴുതാൻ ഏറെയുണ്ട്….
ആയഞ്ചേരിയും സമീപ പ്രദേശങ്ങളും ഒരു കാലത്ത് പലതരം മാവുകളാൽ സമ്പന്നമായിരുന്നു…ഒരോ മാങ്ങക്കും പ്രാദേശികമായ പേരുകൾ…
ഓർത്തെടുത്താൽ ഇങ്ങിനെ പറയാം..കുറുക്കൻ മാങ്ങ,കപ്പായിമാങ്ങ,
പുളിയൻമാങ്ങ,നീലപ്പറങ്കി,
തത്തകൊത്തൻ,കോമാങ്ങ,നാട്ടുമാങ്ങ
തൊണ്ടൻ മാങ്ങ,കല്ലുമാങ്ങ ,ഒളോർ മാങ്ങ,അങ്ങിനെ പലതരം,
കാഴ്ച്ചയിലും നിറത്തിലും രൂപത്തിലും ഏറെ വ്യത്യാസങ്ങൾ.
മാങ്ങാക്കാലത്തിന്റെ വരവറിയിച്ചു ആദ്യം പൂക്കുക നാട്ടു മാവും തത്തകൊത്തനും തന്നെ..തത്തകൊത്തൻ
നന്നായി പഴുത്താൽ തിന്നാൻ ബഹു കേമം,മാവു വിശാലമായി
പടർന്നു പന്തലിക്കുന്ന തരത്തിലല്ല,
കിളിച്ചുണ്ടൻ എന്നാണോ യഥാർത്ഥ പേരെന്നറിയില്ല…
കോ മാങ്ങ അധികം പഴുത്താൽ ചീഞ്ഞളിയും..പാതി പഴുത്ത കോമാങ്ങയാണു ഏറെ രുചികരം,മീനിനിലും കറിയിലുമൊക്കെ പച്ചമാങ്ങയായി ചെത്തിയിടും…മാവിനു അത്യാവശ്യം നല്ല തടിയും വണ്ണവുമൊക്കെ കണ്ടിട്ടുണ്ട്…
നാട്ടുമാങ്ങയെന്നത് ആദ്യം ഉണ്ടാവുന്നതാണു..കണ്ണിമാങ്ങ കുടുംബത്തിൽ പെട്ടതു തന്നെ..മാവു കുത്തനെ ആകാശത്തേക്ക് വളർന്നു പോവും. നാട്ടുമാങ്ങതന്നെ പല തരത്തിലുണ്ട് .പലരുചിയുള്ള നാട്ടുമാങ്ങകൾ, കാണാൻ ചെറുതു..മാവിൽ നിന്നും പഴുത്തു കാറ്റിൽ താഴെയെത്തുന്നു..
കുട്ടിക്കാലത്ത് രാവിലെ ആദ്യം മാഞ്ചോട്ടിലെത്തുന്നവർക്ക്
മഞ്ഞിൽ കുളിർത്ത പഴുത്ത മാങ്ങകിട്ടും..ചുന മാവിൽ തന്നെ
ഉരച്ചു കളഞ്ഞു അന്നേരം തിന്നുകയെന്നതാണു ആചാരം..
ചിലപ്പോൾ പല്ലുതേക്കാതെയും.
നല്ല കാറ്റടിച്ചാൽ കുറെയേറെ കിട്ടും..
വീട്ടിലുള്ളവർക്കും അയൽക്കാർക്കും കൊടുക്കും
ഓരോ മാങ്ങയെപ്പറ്റിയും ഇങ്ങിനെ എഴുതാൻ നൂറു കാര്യങ്ങളുണ്ടാവും..
എന്നാലും മാങ്ങയിൽ മുത്ത് ഒളോർ തന്നെ..
ഒളോർ പൂക്കാത്ത കൊല്ലം
മാവു പൂക്കാത്ത പോലെ തോന്നും
ഒളോർ തിന്നാത്ത കൊല്ലം
മാങ്ങ തിന്നാത്ത പോലെ തോന്നും.
ഒളോർ മൂത്തു പാകമാവുന്ന
കാലത്ത് മറ്റെല്ലാ മാങ്ങയുടെ രുചികളും അപ്രസക്തമാവും..
രാജകൊട്ടാരത്തിലേക്ക് സിൻഡ്രല്ല കടന്നു ചെന്നാലുള്ള അവസ്ഥപോലെ
പിന്നെ ആളുകളുടെ ശ്രദ്ധ മുഴുവൻ ഒളോറിലേക്കു തിരിയും
ഒളോറിനു അധികം പുളിയില്ല..നാവിൽ നിന്നു കരളിലേക്ക് പാഞ്ഞു കേറുന്ന
വല്ലാത്തൊരു രുചി..തൊലിക്കു അല്പം കട്ടി കൂടുതലാണു.
പറിച്ചെടുക്കുമ്പോൾ ശ്രദ്ധിക്കണം..നിലം തോടാതെ പറിച്ചെടുത്ത്
മൂക്കു പൊട്ടിച്ചു നിലത്തു വിരിച്ച പഴയ ചാക്കിൽ കമിഴ്ത്തി വെച്ചു
മാങ്ങാ ചുന മുഴുവൻ കളയണം.എന്നിട്ടു തുടച്ചു ചാക്കിലോ പാത്രത്തിലോ
ഉണങ്ങിയ പുല്ലു (വൈക്കോൽ) കൂടെ വെച്ചോ, പഴുപ്പിച്ചെടുക്കും മാങ്ങക്കു നല്ല നിറം കിട്ടണമെങ്കിൽ കൊറുക്കൂട്ടി ഇലയോ കടലാസോ പൊതിഞ്ഞു വെച്ചാൽ
മതി…കുട്ടികൾ വീട്ടിലുണ്ടെങ്കിൽ ഒരോ ദിവസവും ആരും കാണാതെ
മാങ്ങവെച്ച അകത്തു പോയി ഞെക്കി ഞെക്കി നോക്കും..അങ്ങിനെ
പഴുത്തു കിട്ടിയാൽ നല്ല രുചികരമായി കഴിക്കാം.ഒപ്പം കെട്ടു പോയ
മാങ്ങകളും കാണും…
മാങ്ങ ചെത്തി ഉണക്കിയെടുത്ത് മാങ്ങാത്തോലാക്കും,മാങ്ങ അച്ചാർ,
മാങ്ങ ഉപ്പിലിട്ടത് അങ്ങിനെ മാങ്ങാക്കാലം കഴിയുന്നതുവരെ മാങ്ങ വിഭവങ്ങളാൽ
സമൃദ്ധമായിരിക്കും ഒരോ വീടുകളും…
ഒരു കാലത്ത് കല്യാണ വീട്ടിലെ തലേ ദിവസത്തെ വിശിഷ്ട വിഭവത്തിൽ പെട്ടതായിരുന്നു മാങ്ങയിട്ട് വെച്ച തേങ്ങയരച്ച കല്ലുമ്മക്കായ കറി.
മാങ്ങ കൊടുക്കൽ വാങ്ങലുകളുടെ ,സ്നേഹത്തിന്റെ പ്രതീകം കൂടിയാണു. മാങ്ങയില്ലാത്ത അയൽ വീടുകളിലും കുടുംബക്കാർക്കും മാങ്ങ കൊടുത്തയക്കും ഇവിടെയില്ലാത്ത തരം അവിടെ നിന്നു വരും ,അവിടെ ഇല്ലാത്തത്
ഇവിടെ നിന്നും പോവും.. പലവീട്ടിലും പോകുമ്പോൾ മാങ്ങാക്കാലത്ത് മാങ്ങ ജ്യൂസും പഴുത്ത മാങ്ങ യും കിട്ടും..ചിലപ്പോൾ ഇറങ്ങുമ്പോൾ
വീട്ടിലേക്ക് കൊടുക്കാൻ സഞ്ചിയിലാക്കി തരും.. മാങ്ങയെ ആരും ഒരു കച്ചവടമായി കണ്ടിട്ടില്ല…വീണ മാങ്ങകൾ ആർക്കും പെറുക്കാം..
എത്ര ഉയരത്തിലുള്ള മാങ്ങയും എറിഞ്ഞിടുന്ന അതി വിദഗ്ധൻമാർ ഉണ്ടായിരുന്നു..
വീട്ടിൽ നിന്നും സ്ക്കൂളിലേക്കു പോവുന്ന
ഇടവഴികളിലെ മാവിനൊക്കെ
ഇങ്ങിനെ ഏറു കിട്ടിയിരുന്നു..ലക്ഷ്യം തെറ്റിയ ഏറുകൾ പുരപുറത്തു വീണു
ഓടു പൊളിച്ചു..വീട്ടുകാർ ശകാരിച്ചു..മാങ്ങയുള്ള മാവിനേ ഏറു കിട്ടൂ എന്ന പഴമൊഴി അന്വർത്ഥമായി പലപ്പോഴും..പലകുട്ടികൾക്കും മാങ്ങാ ചുന ചുണ്ടിലും കവിളിലും പൊള്ളലായി… ചെറുപ്പത്തിൽ മാങ്ങാ ചുന കവിളിൽ പൊള്ളിയപ്പോൾ ഒരു റമദാൻ കാലത്ത് ഞാനും നേരെ മൂത്ത പെങ്ങളും ഹോമിയോ പ്രാക്ടീസുള്ള മരിച്ചു പോയ പൊക്കൻ ഡോക്ടറുടെ തിരുവള്ളൂർ റോഡിലെ രണ്ടാമത്തെ നിലയിലെ ക്ലിനിക്കിൽ പോയത് ഇപ്പോഴും ഓർക്കുന്നു..ഇപ്പോഴല്ല ജീവിതകാലം മുഴുവനും ഓർക്കും.. മുകളിലേക്കുള്ള കോണിപ്പടിയിൽ നിന്നും താഴെ വീണു കീഴ് താടിക്കു മുറിവു പറ്റുകയും ഉടനെ ആളുകൾ ഓടിക്കൂടി തീക്കുനി റോഡിലെ ശശി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിക്കുകയും
ചെയ്തു..താടിയിലെ മൂന്നു തുന്നലുകൾ പിന്നീട് എസ് എസ് എൽ സി ബുക്കിൽ വിസിബിൾ മാർക്ക് ചേർക്കുന്ന അധ്യാപകനു വലിയ സഹായകമായി..
മധുരമുള്ള കാലത്തെ ആ തുന്നലിന്റെ അടയാളം ഇപ്പോഴുമുണ്ട്… മാമ്പഴക്കാലത്ത് മാവിൽ നിന്നും വീണു എല്ലൊടിഞ്ഞ മുഴുവൻ കുട്ടികളുടേയും ഓർമ്മകളെ ഇപ്പോഴുമതു വഹിക്കുന്നു… മാവിനെ നശിപ്പിക്കുന്ന പരാദമായ പുള്ളൂണിയെന്ന ചെടിയും
പുള്ളൂണിയിൽ വിരിയുന്ന ലൈലാക്ക് നിറമുള്ള പൂക്കളും മനസ്സിലുണ്ട്..
വൈലോപ്പള്ളി മാമ്പൂ ഒടിച്ച കുഞ്ഞിനെപ്പറ്റി മാമ്പഴമെന്ന കവിതയെഴുതിയിട്ടുണ്ട്…
പ്രിയപ്പെട്ട കൂട്ടുകാർക്കു ആരും കാണതെയെത്തിക്കുന്ന ഉണ്ണിമാങ്ങൾ,
ഉപ്പും മുളകും ചേർത്ത മാങ്ങയുടെ രുചി ഭേദങ്ങൾ….
വേനലവധികളെ ആഘോഷമാക്കുന്ന മാഞ്ചുവടുകൾ…. മാങ്ങയോളം ഓർമ്മകളെ ഇങ്ങിനെ പുളിപ്പിക്കുകയും മധുരിപ്പിക്കുകയും ചെയ്യുന്ന മറ്റെന്തുണ്ട്…..മാവിലകൾ ടൂത്ത് ബ്രഷായ കാലത്ത് മദ്രസ്സയിലെ അധ്യാപകനായ
ടികെ മമ്മു മൗലവി ഇടക്കിടെ പറയുന്നത് ഓർമ്മവരുന്നു. പഴുത്ത മാവിൻ ഇലകൊണ്ട് പല്ലു തേച്ചാൽ പുഴുത്ത പല്ലും വെളുത്ത് പോകും…..
മാവില കൊണ്ട് പങ്കയുണ്ടാക്കിയതും മാവിലപീപ്പിയും മാങ്ങാണ്ടിക്കൊപ്പം പോയതും നമ്മളെങ്ങിനെ മറക്കും..? പലതരം മാമ്പഴങ്ങൾ കഴിച്ചിട്ടുണ്ടെങ്കിലും സ്നേഹമുള്ള കൈകളിലൂടെ കിട്ടുന്ന ഓളോർ മാങ്ങ തന്നെ എന്നും പ്രിയതരം..
മൂത്ത മാങ്ങകൾ മാവിൽ നിന്നും മുഴുവനായി പറിച്ചെടുക്കതെ അണ്ണാനും കാക്കൾക്കുമുള്ള വിഹിതം മാവിൽ ബാക്കി വെക്കുന്നവരായിരുന്നു പഴമക്കാർ..
കവി പിടി അബ്ദുറഹിമാന്റെ വരികൾ ഈ രാത്രിയിലും മനസ്സിലേക്കോടിയെത്തുന്നു
കണ്ണി മാവിൻ ചോട്ടിലെന്നെ നീ വിളിച്ചില്ലേ…
പണ്ട് ഉണ്ണി മാങ്ങ പാഞ്ഞെടുക്കാൻ മത്സരിച്ചില്ലേ…
✍🏻