രചന : എസ് കെ കൊപ്രാപുര.✍
കാലേ ഉണരണംകൂട്ടുകാരെ..
അംഗശുദ്ധി തീർത്തിട്ടീശ്വര മുന്നിൽ
സ്തുതിഗീതമോതണം കൂട്ടുകാരെ..
മാതാപിതാക്കൾക്കു വന്ദനം ചൊല്ലി
സ്കൂളിലേക്കെത്തണം കൂട്ടുകാരെ..
അറിവുകളേകിടുമക്ഷര മുറ്റത്തെ
തൊട്ടു വന്ദിക്കേണം കൂട്ടുകാരെ..
ഈശ്വരതുല്യരാം ഗുരുനാഥരെത്തുമ്പോൾ
കാൽക്കൽ വണങ്ങണം കൂട്ടുകാരെ..
കൂടെ പഠിക്കും കൂട്ടുകാരോടൊത്തു
അല്പം കളിക്കണം കൂട്ടുകാരെ..
ഗുരുനാഥരെത്തീട്ടുരക്കുമറിവിനെ
ഉള്ളിൽ നിറക്കണം കൂട്ടുകാരെ..
വാക്കാലുരക്കുമറിവിനെ നിത്യവും
എഴുതി പഠിക്കണം കൂട്ടുകാരെ..
വിദ്യയിലൂടെ ലഭിക്കും അറിവുകൾ
വെറുതെ കളയല്ലേ കൂട്ടുകാരെ..
നന്മയാലുള്ളം തെളിഞ്ഞുകൊണ്ടാവോളം
നല്ലവരാകണം കൂട്ടുകാരെ..
കീഴേ പഠിക്കും കുഞ്ഞനുജർക്ക് നാം
മാതൃകയാകണം കൂട്ടുകാരെ..
ഉത്തമരായി പഠിച്ചു നാം നാളെയിൽ
ഉയരങ്ങൾ തേടണം കൂട്ടുകാരെ..
പഠനം കഴിഞ്ഞുള്ള വേളയിലെന്നും നാം
ഓടിക്കളിക്കണം കൂട്ടുകാരെ..
വിദ്യായാലുള്ളു നിറക്കണം പിന്നെയോ
കായികം കൊണ്ടൂവളർന്നിടേണം..
അംഗശുദ്ധീ വരുത്തീട്ടു സന്ധ്യയിൽ
ഈശ്വരനാമം ജപിച്ചിടേണം..
നന്ദിയാലീശ്വരനോടുര ചെയ്തിട്ട്
പുസ്തകം ചൊല്ലി പഠിച്ചിടേണം..
പഠനംകഴിഞ്ഞു നാം നാളേക്കുപാഠങ്ങൾ
ചിട്ടയിലാക്കണം കൂട്ടുകാരെ..
മിതമായിട്ടത്താഴം കഴിച്ചിട്ട് നാമല്പം
കാര്യം പറയേണം കൂട്ടുകാരെ..
മാതാപിതാക്കൾ തൻ മൂർദ്ധാവിൽ
സ്നേഹചുംബനം നൽകണം കൂട്ടുകാരെ..
നാളേക്കു നന്മകളേകുവാൻ പ്രാർത്ഥിച്ചു
റങ്ങീയെണീക്കണം കൂട്ടുകാരെ..
പുത്തൻയുഗത്തിലായെത്തിനാമെങ്കിലും
മുൻചൊല്ല് കേൾക്കണം കൂട്ടുകാരെ…