തലേന്നു രാത്രി വായിച്ചു മടക്കിയ എം മുകുന്ദന്‍റെ ”മയ്യഴിപ്പുഴയുടെ തീരങ്ങളില്‍” എന്ന നോവലിന്‍റെ അവസാന അദ്ധ്യായങ്ങള്‍ അതികാലെ തന്നെ വായിച്ചു തീര്‍ക്കണമെന്നു ഉറച്ചുതന്നെ ഉറങ്ങാന്‍ കിടന്നത് . ദാസന്‍ എന്ന ആ മയ്യഴിപ്പുഴക്കാരൻ അത്രമേല്‍ ഉള്ളില്‍ സ്വാധീനം ചെലത്തി. അവന്‍റെ വിഷാദങ്ങള്‍ തന്‍റെയുമെന്നു തോന്നി തുടങ്ങിയ നിമിഷങ്ങളായിരുന്നു ആ നോവല്‍ വായിച്ചു കൊണ്ടിരുന്നപ്പോള്‍ . അവന്റെയാ വേദനയില്‍ ഉറക്കം കണ്‍പ്പീലികളെ തലോടി എത്തിയില്ല. പിന്നെ എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി.
ആറു മണിക്കുതന്നെ കണ്ണു തുറന്നു. കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ മേശപ്പുറത്തു നിന്നും നോവല്‍ എടുത്തു. വായന അതിന്‍റെ ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങിയപ്പോൾ ശരിക്കും അതൊരു അനുഭവം തന്നെയായി മാറി. ചുവരില്‍ നാഴിക മണി പത്തു വട്ടം വിളിച്ചു ഉണര്‍ത്തിയപ്പോള്‍ നോവല്‍ തീര്‍ന്നിരുന്നു. പിന്നെ മനസ്സില്‍ കുറെ നേരം ദാസനും മാഗി മദാമ്മയും സയിപിന്‍റെ കൊച്ചു കൊച്ചു മാന്ത്രിക വിദ്യകളും മയ്യഴിപ്പുഴയും വെള്ളരംകല്ലും മാത്രം.
പല്ലുതേച്ചു കവലയിലെ ദാമോദരന്‍റെ ചായകടയിലേയ്ക്കു നടന്നു. ഒരു ചായ എന്നുമവിടെനിന്നും പതിവുള്ളതാണ്. ശരിക്കുമൊരു ദിവസത്തിന്‍റെ ആരംഭം ദാമുവേട്ടന്‍റെ ചായ ആണെന്നുള്ളതു ഒഴിച്ചു കൂടാനാവാത്ത ഉല്‍പ്പന്നം.
ദാമോദരനെന്ന ദാമുവേട്ടന്‍, ഭാര്യ കല്യാണി പിന്നെ മകള്‍ കാവേരി ഈ ത്രിമൂര്‍ത്തികള്‍ അടങ്ങുന്നതാണാ കുടുംബം. മൂന്നു മുറികളുള്ള വീടിന്റെ മുന്നിലേയ്ക്കു നീട്ടിയ ഷെട്ടിലാണു ”കാവേരി ടി സ്റ്റാള്‍” എന്ന നിറം മങ്ങിയ ബോര്‍ഡ്‌ തൂങ്ങുന്നത്.
കാലപ്പഴക്കത്താല്‍ അക്ഷരങ്ങള്‍ മാഞ്ഞുതുടങ്ങിരിക്കുന്നു. മറ്റൊരു ചെല്ല പേരുകൂടി ദാമുവേട്ടെനു ചാര്‍ത്തി കൊടുത്തിട്ടുണ്ടെൻറെ നാട്ടുകാര്‍ . നാട്ടിലെ എല്ലാ വാര്‍ത്തകളും ഇവിടെ പ്രസിദ്ധീകരിക്കുന്നു എന്നതു കൊണ്ടു ബീ.ബീ.സീ. ദാമു എന്നും അറിയപ്പെടുന്നു. നല്ലതും ചീത്തയുമായ എല്ലാ വാര്‍ത്തകളും ദാമുവേട്ടനിലൂടെ വിതരണം ചെയ്യപ്പെടുന്നു. ഒരു കണക്കില്‍ എന്‍റെ ഓണംകേറമൂല പഞ്ചായത്തിലെ ഒരു സര്‍വവിജ്ജ്നകോശം ആണ് ദാമോദരന്‍ എന്ന ദാമുവേട്ടന്‍.
ദാമുവേട്ടനെക്കുറിച്ചു നാട്ടില്‍ ഒരു പഴയ കഥയുണ്ട് . ഏതാണ്ടഞ്ചാറു യസുള്ളപ്പോള്‍ ഒരുനാടോടി കൂട്ടത്തിന്‍റെ കൂടെയെത്തപ്പെട്ടതാണ് .
”ശരീരം മുഴുവന്‍ ചുട്ടുപ്പൊള്ളിയ ഒരു ഞരന്തു ചെക്കന്‍. പക്ഷെ നല്ല ഭംഗി ഉണ്ടായിരുന്നത്രെ കാണാന്‍. ഏതോ വല്യ തറവാട്ടിലെ കുട്ടിയാകും അത്. നല്ല പൂവന്‍ പഴത്തിന്റെ നിറം. കഷ്ടം അതിന്‍റെ ഗതി എങ്ങിനെ വന്നല്ലോ കൃഷ്ണ”. മുത്തശ്ശി പറഞ്ഞു കേട്ട കഥകള്‍ . അവനും നിന്‍റെ അമ്മയ്ക്കും ഒരേ പ്രായം.
ഇന്നേതാണ്ടു അറുപതുവയസ്സിനടുത്തു പ്രായം വരും ദാമുവേട്ടന്. ഭാര്യ കല്യാണി നാല്‍പ്പത്തി അഞ്ചിന് താഴെ നിറഞ്ഞു നില്‍ക്കുന്ന ഒരു ആകര്‍ഷണം. ഈ ആകര്‍ഷണമാണ് ദാമുവേട്ടന്‍റെ ഭാഗ്യം എന്ന് പുറമെ ഉള്ള സംസാരം. എന്തായാലും കല്യാണി ചേച്ചി ഉണ്ടെങ്കില്‍ കട ഹൌസ് ഫുള്‍. നല്ല കച്ചവടം നടക്കുന്നതു അവരുടെ കൈപ്പുണ്യം എന്നും ഒരു മറു പക്ഷം. ഇവരുടെ ഏക മകള്‍ കാവേരി എന്ന പത്താം ക്ലാസ്സുകാരി. ദാമുവേട്ടനു ഒരു ആഗ്രഹം മാത്രം തന്‍റെ മോളെ ഒരു കലക്ടര്‍ ആക്കണം. അതിനുള്ള പെടാപ്പാടിലാണ് പുള്ളിക്കാരന്‍. മകളുടെ കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ.
ചായക്കടയുടെ പലകകള്‍ മാറ്റി കഴിഞ്ഞാല്‍ പിന്നെ കാവേരിയെ അവിടെ കാണില്ല. അതു ദാമുവേട്ടാണ് നിര്‍ബന്ധമാണ്‌.. ഒരു തള്ള കോഴിയുടെ കരുതലാണ് ആ അച്ഛന്. അതുമൂലം മറ്റൊരു സ്ഥാനപേര് കൂടി കിട്ടി മൂരാച്ചി ദാമു. കാവേരിയുടെ ജനനം ദാമുവേട്ടന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. മുഴുകുടിയില്‍ നിന്നു പൂര്‍ണ മോചിതന്‍ . അവളാണീ മാറ്റത്തിനു കാരണം – ദാമുവേട്ടാണ് കല്യാണി ചേച്ചിയില്‍ നിന്നും കിട്ടുന്ന കമന്റ്‌ ഇതു മാത്രം.
കല്യാണി ആ ജീവിതത്തില്‍ കടന്നു വരും മുന്നേ കുടിയും ഇടിയും ആയിരുന്നത്രെ. അതുകൊണ്ടാണു ആദ്യഭാര്യ ഉപേഷിച്ചു പോകാന്‍ കാരണം എന്നും. അതല്ല ലഹരിമൂത്ത ദാമുവേട്ടൻ അസ്ഥാനത്തു കൊടുത്ത ചവിട്ടേറ്റു മരിച്ചുപ്പോയ ആദ്യ ഭാരയുടെ ജഡം ആ കോരിച്ചൊരിയുന്ന മഴയത്തു അടുക്കള മാന്തി കുഴിചിട്ടെന്നും ഒരു പക്ഷം. അതല്ല അയല്‍ക്കാരനോടുകൂടി അന്നവള്‍ ഒളിച്ചോടി പോയീ എന്നും ഒരു കഥ നാട്ടില്‍ പാട്ടായി. അയല്‍ക്കാരനായ രാമകൃഷ്ണന്‍ അന്നേദിവസം നാടുവിട്ടതും ദാമുവേട്ടനു തുണയായി. അതൊന്നുമല്ല പാലുകൊണ്ടുവരുന്ന ഈ പതിനെട്ടുകാരി കല്യാണിയില്‍ ദാമുവിനു ഒരു നോട്ടം ഉണ്ടായിരുന്നു എന്നും പറഞ്ഞു കേള്‍ക്കുന്നു.
എന്തായാലും അധികം താമസിക്കാതെ കല്യാണി ദാമുവിന്‍റെ പുരയില്‍ കുടിയേറി എന്നതുസത്യം. എന്തായാലും തനിക്കു പറ്റിയത് തന്‍റെ മോള്‍ക്കും പറ്റരുതെന്നും കല്യാണിക്കും ബോധ്യമുണ്ട്.
എങ്കിലും ചില വാര്‍ത്തകള്‍ ദാമുവേട്ടന്‍റെ ചെവിയില്‍ എത്തിക്കാറുണ്ടായിരുന്നു ചിലര്‍ കാവേരിയെ പറ്റി. അതില്‍ പ്രധാനി അയല്‍ക്കാരന്‍ ഭാസ്കരന്‍ ആയിരുന്നു. എന്തും തന്നോടു ദാമുവേട്ടന്‍ പറയുമായിരുന്നു.
വാതില്‍ കൊളുത്തിട്ടു കര്‍ക്കടകത്തിലെ ചെറിയ കുളിരിന്‍റെ ആലസ്യത്തില്‍ ഒരു സിഗരറ്റു കത്തിച്ചു തുറന്നിട്ട ജാലകത്തിലൂടെ മഴയുടെ ഭംഗി നോക്കിഇരിക്കെ, മഴത്തുള്ളികള്‍ വെളിയില്‍ ഉണര്‍ത്തുന്ന സംഗീതത്തില്‍ ലയിച്ചു ഇരുന്നനപ്പോള്‍ വീണ്ടും മയ്യഴിപുഴ കടന്നു ദാസന്‍ വരുന്നു. വെറുതെ ഓരോന്നു ആലോചിച്ചു കൂട്ടി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായീ അമ്മ പറയുന്നു, അമ്മയ്ക്കു ഗുരുവായൂര്‍ കണ്ണനെ ഒന്നു പോയി കാണണമെന്ന് . എന്തായാലും നാളെ ആ ആഗ്രഹം സാധിച്ചു കൊടുക്കാം. അമ്മക്ക് ബസ്സ്‌ യാത്ര വലിയ ബുദ്ധിമുട്ടായാത്തതുകൊണ്ടു ശങ്കരനെ വിളിച്ചു കാര്‍ ഏര്‍പ്പാടാക്കി . വിവരം പറഞ്ഞപ്പോള്‍ ആ മുഖത്തൊരു പൂര്‍ണ്ണചന്ദ്രപ്രഭ.
തിരികെ മുറിയില്‍വന്നു കിടക്കാന്‍ തുടങ്ങവേ പൂമുഖത്തെ വാതലില്‍ ഒരു മുട്ടു കേള്‍ക്കുന്നു. മനസ്സില്ലാമനസ്സോടെ ചെന്നു വാതിൽ തുറന്നപ്പോള്‍ മഴയില്‍ നനഞ്ഞു കുളിച്ചു ദാമുവേട്ടന്‍.
“”എന്താ ദമൂവേട്ട ഈരാത്രിയില്‍ . എന്റെ ചോദ്യം കേട്ടതായി ഭാവിച്ചില്ല. പിന്നെ നീണ്ടയൗർമൗനത്തിനിടയില്‍ പറഞ്ഞു പതിഞ്ഞ സ്വരത്തില്‍.
“എല്ലാം തകര്‍ത്തു കളഞ്ഞു അവള്‍”. എന്റെ സ്വപ്നങ്ങളും മോഹങ്ങളും എല്ലാം.
“ആ നശിച്ചവള്‍ ഗതി പിടിക്കില്ല അവള്‍ക്കു” ഒരു ദീര്‍ഘ നിശ്വാസത്തോടെ ദാമുവേട്ടന്‍ തറയില്‍ ഇരുന്നു.
കാര്യം അറിയാതെ നിന്ന് ഞാന്‍ പിന്നെ ചോദിച്ചു.
“എന്താ സംഭവിച്ചത് – തെളിച്ചു പറയൂ ദാമുവേട്ടാ”-
ഒന്നു സൂക്ഷിച്ചു നോക്കി പിന്നെ ആ ചുണ്ടുകള്‍ വിടര്‍ത്തി പല്ലുകടിച്ചു കൊണ്ടു പറഞ്ഞു. ” ആ മുധേവി എന്നെ ചതിച്ചു. ഉള്ള പണ്ടവും പണവും എല്ലാം എടുത്തു അവള്‍ അവന്‍റെ കൂടെ പോയീ. ഞങ്ങളെ തനിച്ചാക്കി. ഒരിക്കലും അവള്‍ക്കു ഗതി പിടിക്കില്ല.തലയ്ക്കു കൈവെച്ചു ശപിച്ചു.
എന്റെ മനസ്സില്‍ കാവേരിയുടെ മുഖം തെളിഞ്ഞു വന്നു. അവള്‍, ഈ മനുഷ്യനെ എത്രയേറെ അവളെ സ്നേഹിച്ച അച്ഛനെ— ഓര്‍ത്തപ്പോള്‍ മനസ്സില്‍ അവളോടു നീരസവും ദാമുവേട്ടനോട് സഹതാപവും ദു:ഖവും തോന്നി. പിന്നെ ആ തോളില്‍ കൈവെച്ചു ചോദിച്ചു.
”എപ്പോഴാ കാവേരി പോയാത് ”. കത്ത് വല്ലതുമവൾ എഴുതിവെച്ചിരുന്നോ. എന്‍റെ ചോദ്യത്തിനു നേരെ ഗൗരവത്തിലൊന്നു മൂളി. പിന്നെ പറഞ്ഞു.
” നിനക്കു തെറ്റി ഹരി, ‘ കാവേരി അല്ല പോയത്. അവള്‍ എന്നെ ചതിക്കില്ല. അവളെ എനിക്കും അവള്‍ക്കു എന്നെയും അറിയാം.
അവള്‍ ഇരുപത്തി അഞ്ചു കൊല്ലം എന്‍റെ കൂടെ കഴിഞ്ഞവള്‍ നിങ്ങള്‍ പറഞ്ഞില്ലേ എന്‍റെ ഭാഗ്യമെന്നു. കല്യാണി, അവളാണവന്റെ കൂടെ ആ ഭാസ്കരന്‍റെ കൂടെ.
പിന്നെ ദാമുവേട്ടന്‍ അവിടെ നിന്നില്ല. മഴയത്തിറങ്ങി നടന്നു. അതിന്‍റെ പിന്‍വിളി പോലെ ഒരു മര്‍മരം കാറ്റില്‍ ഒഴുകിവന്നു. ഗുരുവായൂരില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ ആദ്യം കാതിലെത്തിയ വാര്‍ത്ത‍ ദാമുവേട്ടനും കാവേരിയും കൂട്ടി സ്ഥലം വിറ്റു എങ്ങോട്ടോ പോയി എന്നാണ്.

മാധവ് കെ വാസുദേവ്

By ivayana