രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍
തുടികൊട്ടിത്തുടിച്ചെത്തു-
ന്നിടവത്തിൻ മഴപ്പെയ്ത്തിൽ
കടുത്തനോവുകൾ പൂക്കു-
ന്നിടത്തു ഞാനും
പിടയ്ക്കുന്ന പുഴുവാർത്തു
കടിക്കുന്ന മനസ്സിന്റെ
പിടപ്പാണോയിടയ്ക്കിടെ-
യിടിവെട്ടുമ്പോൾ
ഇടം ചേർന്നിട്ടുടൽ പാടും
പടപ്പാട്ടിൻ ശ്രുതിക്കാലം
കടന്നുമുന്നിലേക്കായാൻ
തിടുക്കപ്പെട്ടും
തിടപ്പള്ളിക്കിരുന്നു ഞാൻ
കടുപ്പത്തിൽ തിളയ്ക്കുന്ന
കടുംചായത്തുടിപ്പുള്ളിൽ
കടത്തിടുമ്പോൾ
നിനക്കൊപ്പം നിനവിന്റെ
നനവൊട്ടിപ്പടർന്നെന്റെ
കിനാക്കാലം വസന്തമായ്
മനസ്സിലെത്തി
ഇരമ്പുന്ന ജലത്തുള്ളി
ശരം ചാർത്തിച്ചൊരിയുമ്പോൾ
കരം ചേർത്തു പിടിച്ചു നാ-
മിരു ദേഹങ്ങൾ
പിരിയില്ലെന്നുരചെയ്‌വേ
ചൊരിമണൽകിടക്കയിൽ
പിരിശത്താൽ പുണർന്നു നാ-
മിരവിലൊന്നായ്
പ്രണയത്തിന്നകം പുൽകി
ഇണയായെന്നിടത്തെന്നും
കണിയായും കനവായും
മണം ചൊരിഞ്ഞോൾ
പറയാതെയകന്ന നീ-
നിറഞ്ഞയോർമ്മകൾ നിത്യം
മറക്കാതെതലോടുന്നീ
കറുത്തകാലം
മരവിച്ചും വെറുത്തും തീ-
യെരിഞ്ഞേറ്റം പുകഞ്ഞിട്ടും
മരിച്ചിടാത്തുടിപ്പായ് നീ
തിരയടിക്കേ
പുതിയൊരു പകലെന്നിൽ
കൊതിയോടെയണയുമോ
ചതികോർത്ത ചിരിയെന്നിൽ
ചിത തീർക്കുമോ…
പുതിയൊരു പകലെന്നിൽ
കൊതിയോടെയണയുമോ
ചതികോർത്ത ചിരിയെന്നിൽ
ചിത തീർക്കുമോ…