ഏറ്റവും ഭംഗിയുള്ള
വീടുകൾ കാണാനാണെങ്കിൽ
നമ്മളെപ്പോഴും
ഗ്രാമവഴികളിലൂടെ നടന്നുപോകണം.
വെള്ളപൂശിയിട്ടുണ്ടെങ്കിലും
വികൃതചിത്രങ്ങൾ നിറഞ്ഞ
ഗ്രാമഹൃദയങ്ങളിലെ
ഓരോ വീട്ടുചുമരുകളിലുമായി
നമുക്കപ്പോൾ
ഒരായിരം രവിവർമ്മമാരെ കാണാം.
വളഞ്ഞും പുളഞ്ഞും
ക്രമംതെറ്റിയും അവ്യക്തമായും
കുത്തിവരച്ച്
വീട്ടുചുമരുകളുടെ മുഖം
മുഷിഞ്ഞിട്ടുണ്ടെങ്കിൽ….
കാണാനഴകുള്ള ഏറ്റവും നല്ല വീട്
നമ്മൾ കണ്ടെത്തിയെന്നു സാരം.
നിറക്കൂട്ടുകൊണ്ട്
മിനുക്കിയൊരുക്കിയാലും
ഗ്രാമഹൃദയങ്ങളിലെ
വീട്ടുചുമരുകൾക്കെപ്പോഴുമിഷ്ടം
ഒരു കരിക്കട്ടയേയും
ഒരു ചോക്കുകഷ്ണത്തേയും
ഒരു കടലാസ്സുപെൻസിലിനേയും
കുസൃതിമാറാത്ത
വിരൽത്തുമ്പുകളേയുമായിരിക്കും.
കുത്തിവരകളാൽ
അലങ്കോലമായിനിൽക്കുന്ന
വീട്ടുചുമരുകളെപ്പോഴും
കുഞ്ഞുദൈവങ്ങളുടെ
കൂട്ടുകാരായതിനാൽ…
ഏറ്റവും ഭംഗിയുള്ള
വീടുകൾ കാണാനാണെങ്കിൽ
നമ്മളെപ്പോഴും
ഗ്രാമവഴികളിലൂടെ നടന്നുപോകണം.

പള്ളിയിൽ മണികണ്ഠൻ

By ivayana