മുഖത്തേക്ക് സൂര്യ കിരണങ്ങൾ പതിച്ചപ്പോൾ .പതുക്കെ കണ്ണ് തുറന്നു .. അടുത്ത അലാറത്തിലെ ചുവന്ന അക്കങ്ങൾ വായിച്ചു കൊണ്ട് വീണ്ടും പുതപ്പു തലയിലേക്ക് മൂടി ചെരിഞ്ഞു കിടന്നു .ഇനിയും കുറച്ചു സമയമുണ്ട് . കണ്ണുകൾ മെല്ലെ അടഞ്ഞു . ഒരു താഴ്വര അവിടെ ആ തടാകത്തിൽ അരയന്നങ്ങൾ ചിറകുകൾ അടിച്ചു നീന്തി രസിക്കുന്നു .. ഇടയ്ക്കു ചെറിയൊരു ശബ്ദം പുറപ്പെടുവിക്കുന്നു , തൊട്ടടുത്ത് ചെറിയ പുല്ലു മേഞ്ഞ കുടിലിൽ നിന്നും ഒരു വയസ്സൻ ഒരു ബക്കറ്റിൽ കുറച്ചു അരിമണികളുമായി പുറത്തേക്കു വരുന്നു ..
അയാൾ ആ തടാകത്തിലേക്ക് അരിമണികൾ വിതറുന്നു ..അവിടെ മൽസ്യങ്ങൾ ഓടിക്കൂടുന്നു .. അത് കൊത്തിപ്പറിക്കാൻ മത്സരിക്കുന്നു .. അതിൽ പല വർണ്ണങ്ങളുള്ള പല വലുപ്പത്തിലുള്ള മൽസ്യങ്ങൾ .. അയാൾ വീണ്ടും പുൽകുടിലിൽ കയറി മൂലയിൽ ചാരിവച്ചിരിക്കുന്ന നല്ല മൂർച്ചയുള്ള കുന്തം കൈയ്യിലെടുത്തൂ .. നേരെ മൽസ്യങ്ങൾ പൊങ്ങിച്ചാടി കൂട്ടമായി നിൽക്കുന്നിടത്തേക്കു വീണ്ടും വന്നു വീണ്ടും അയാൾ അരിമണികൾ വിതറി .. മൽസ്യങ്ങൾ വീണ്ടും കൂട്ടമായി മത്സരം തുടങ്ങി ..
അയാളുടെ കണ്ണുകൾ അതിൽ വലുപ്പം കൂടിയ മത്സ്യത്തെ തിരഞ്ഞു ..അതാ അവിടെ ആ കണ്ണുകൾ ഉടക്കി …..അതിനൊപ്പം അയാളുടെ വലതു കൈ ഉയർന്നു പൊങ്ങി ..കുന്തത്തിന്റ മൂർച്ചയുള്ള ഭാഗത്തു ആ വലുപ്പമുള്ള മീൻ കിടന്നു പിടയുന്നു .. ചോര വാർന്നു ഒഴുകിക്കൊണ്ടിരുന്നു ..ആ വയസ്സൻ ജട പിടിച്ച താടികൾ വകഞ്ഞു മാറ്റി ഒന്ന് പുഞ്ചിരിച്ചു ..നിന്നെ ഞാൻ ഒത്തിരി ആയി നോട്ടമിട്ടിട്ട് ഇന്ന് നീ എനിക്ക് ഭക്ഷണമാകുന്നു .. അയാൾ അട്ടഹസിച്ചു ..
ആ അട്ടഹാസം …എന്റെ ചെവിയിൽ മുഴങ്ങി…ഞാൻ പയ്യെ തലയുയർത്തി ചുറ്റും നോക്കി .. ഒന്നും കാണുന്നില്ല അലാറം അടിച്ചതാണോ യെ ..ഇന്ന് അവധി ആയതുകൊണ്ട് അലാറം വച്ചില്ലല്ലോ .. തൊട്ടടുത്ത് നിന്നും ഒരുകൈ എന്റെ മുഖത്തേക്ക് വരുന്നു .. മുഖം ചേർത്ത് പിടിച്ചു എന്റെ തല താഴേക്ക് ബലമായി അമർത്തുന്നു .. ഇന്നവധിയല്ലേ ..അവിടെ കിടക്കു .. നിങ്ങൾ എങ്ങോട്ടാ എണീറ്റ് ..കുറച്ചുകൂടി കിടക്കാം ..അവൾ കൈ എന്റെ ദേഹത്തേക്കിട്ടു .. ഞാൻ വീണ്ടും കണ്ണ് തുറന്നു കിടന്നു .
കുറച്ചു കഴിഞ്ഞു അവളുടെ കൈ എടുത്തുമാറ്റി ഒച്ച വയ്ക്കാതെ..
നേരെ ബാത്ത് റൂമിലേക്ക് ..പിന്നെ കിച്ചണിൽ കയറി കാപ്പി ഉണ്ടാക്കി .. തിരിഞ്ഞതും കാപ്പി എന്റെ കയ്യിൽ നിന്നും വാങ്ങി അവൾ ഇങ്ങു താ ..മോൻ വേണമെങ്കിൽ അടുത്ത കപ്പിൽ എടുത്തോ?
അടുത്ത കപ്പു കാപ്പിയുമായി ഹാളിൽ എത്തി ..വാ നമുക്ക് ടിവി കാണാം ഞാൻ അവളോടായി പറഞ്ഞു .. ഒച്ച കുറച്ചു വച്ചാമതി .. മക്കൾ കിടന്നുറങ്ങുന്നു . ആ ഏഷ്യാനെറ്റിൽ തർക്കിക്കുന്നത് കാണാൻ ആർക്കാണ് താത്പര്യം ഹ നമുക്ക് ന്യൂസ് നോക്കാം .. പ്ലെയിൻ അപകടത്തിന്റെയും ഉരുൾപൊട്ടലിന്റെയും കണ്ണ് നനയിക്കുന്ന ദ്രശ്യങ്ങൾ .. ഒന്ന് മിണ്ടാതെ ഞങ്ങൾ രണ്ടാളും അത് കണ്ടിരുന്നു .. മൗനം തളംകെട്ടി നിന്നു .പിന്നെ ടിവി ഓഫ് ചെയ്തു .
ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ടേബിൾ ടോപ് ലാന്ഡിങ്ങിനെക്കുറിച്ചും മണ്ണിടിച്ചിലിനെയും കുറിച്ചു സംസാരിച്ചു . ഞാൻ എണീറ്റ് നേരെ ഗാർഡനിലേക്കുള്ള വാതിൽ തുറന്നു ..കിളികളുടെ ചൂളം വിളി ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ടായി .പ്ലംസ് മുഴുവൻ പാകമായി കിടക്കുന്നു ഇന്ന് അതെല്ലാം പറിക്കണം ..അവൾ പറഞ്ഞു നിർത്തി .. ഞാൻ പയ്യെ പറഞ്ഞു വല്ല ബംഗാളികളെ കിട്ടുമോയെന്നു നോക്കാം .. അവിടെ സ്റ്റോറിൽ ചെറിയ ഏണി ഇരിപ്പുണ്ട് അതെടുത്തു കൂടെആ വള്ളി നിക്കറും എടുത്തോ അപ്പോൾ ബംഗാളിലുക്ക് കിട്ടും … രാവിലെ ഈ ബംഗാളി പണിതുടങ്ങിക്കോ . . ശരിയാണ് ..
നേരെ താഴെപ്പോയി ഏണിഎടുത്തു ..പ്ലം മരത്തിന്റെ ചുവട്ടിലെത്തി .. അതിൽനിന്നും രണ്ടെണ്ണം പറിച്ചു തൊട്ടടുത്ത പൈപ്പിൽ കഴുകി ഒന്നവൾക്കായി നീട്ടി മറ്റൊന്ന് എന്റെ വായിലേക്കും ..ഹാവ് എന്താ ..ചെറു പുളിയും മധുരവുമായി .. ഇനി നോക്കേണ്ട പറിച്ചോ മുഴുവനും ..അല്ലെങ്കിൽ അടുത്ത ഫ്രീ വരെ കാണില്ല.. ഒക്കെ ചാടിപ്പോകും ..
അപ്പോൾ അവിടെ രണ്ടു മൈനകൾ വട്ടം ചുറ്റിപ്പറക്കുന്നുണ്ട് .ചൂളം വിളിക്കുന്ന ഒച്ചയും കേൾക്കാം .കുറെ നാളുകളായി അവർ അങ്ങനെ വട്ടം ചുറ്റിപ്പറക്കുന്നതു സ്ഥിരം കാഴ്ച ആയിരുന്നു .ഒന്നോ രണ്ടോ പഴങ്ങൾ കൊത്തിപ്പെറുക്കി പോകട്ടെ എന്ന് ഞങ്ങൾ കരുതി . മൂന്നു നാല് വല്യകുട്ടക്ക് പറിച്ചു .. ഏറ്റവും മുകളിലെ ചില്ലയിലേക്കു ഞാൻ തലയുയർത്തി നോക്കി എന്റെ തലയ്ക്കു മുകളിലായി അതാ നിൽക്കുന്നു ആ മൈനകൾ . അതിൽ ആൺ മൈന എന്റെ തലയ്ക്കു വട്ടം പറക്കുന്നു.
പെൺ മൈന തൊട്ടടുത്ത ചില്ലയിൽ ഇരുന്നു ചിലക്കുന്നു ..ഞാൻ മൂടിക്കിടന്ന ഇലകൾ വകഞ്ഞുമാറ്റി .. അപ്പോൾ അവിടെ ഒരു ചെറിയ കിളിക്കൂട് .. നല്ല നാരുകൾ കൊണ്ട് നല്ല ഭംഗിയായി ഉണ്ടാക്കിയിരിക്കുന്ന കിളിക്കൂട് .. ഞാൻ അവളോട് വിളിച്ചു പറഞ്ഞു ..ഡി ഇക്കൊല്ലം പ്രസവമുറി ഇങ്ങോട്ടു മാറിയിരിക്കുന്നു .. ങേ .അവൾ പറഞ്ഞു ..ഓ നിങ്ങളും നിങ്ങളുടെ കുറെ കഥകളും ..അല്ലെടി നേരാണ് അവൾ അടുത്ത് വന്നു ..ഞാൻ ഇലകൾ മാറ്റി കാട്ടിക്കൊടുത്തു ..
ങ്ഹാ അപ്പൊ പ്രസവമുറി മൂന്നാം ഭാഗം നിങ്ങൾക്കെഴുതാമല്ലോ .. ഡി നീ ആ ക്യാമറ എടുത്തുകൊണ്ടു വാ ..ഇതൊന്നു അഭ്ര പാളികളിൽ പകർത്തട്ടെ .. ഇതെല്ലം കേട്ട് പുറത്തെ ചാരുകസേരയിൽ ഇരുന്ന മോൻ അകത്തുപോയി ക്യാമറയുമായി വന്നു .. അപ്പ താഴെ ഇറങ്ങിക്കെ ഞാൻ ഒന്ന് നോക്കട്ടെ ..അയാൾ എന്നെ ഉന്തി തള്ളി ഏണിയിലൂടെ മുകളിലെത്തി ..’അമ്മ ഇതിൽ മൂന്നു കുഞ്ഞു മൈനകൾ ഉണ്ട് ദെ ചുണ്ടുകൾ വിടർത്തി തീറ്റ ചോദിക്കുന്നു ..
മോൻ അവന്റെ മൊബൈലിൽ ആ കിളിക്കൂടിനെ പല ആംഗിളുകളിൽ പകർത്തിക്കൊണ്ടിരുന്നു .. നീ ഇങ്ങു ഇറങ്ങു ഞാൻ എന്റെ ക്യാമറയിൽ ഒരു സ്നാപ്പെടുക്കട്ടെ .. ഞാൻ വീണ്ടും മുകളിലെത്തി ..ഇതൊക്കെ കണ്ടും ഉറക്കെ ചിലച്ചും .. വട്ടം പറന്നുകൊണ്ടും ആ അച്ഛൻമൈനയും ‘അമ്മ മൈനയും അവരുടെ വിഷമം അറിയിക്കുന്നുണ്ട് .. രാജൻ പി ദേവിന്റെ ചില സിനിമകളിലെ കഥാപാത്രത്തെപ്പോലെ .. അതൊന്നും കാര്യമാക്കാതെ ഞാൻ ആ മൂന്നു കുഞ്ഞു മൈനകളെയും ..കിളിക്കൂടും.. പ്രസവമുറിയും ..അങ്ങനെ പകർത്തിക്കൊണ്ടിരുന്നു .
പെട്ടെന്ന് മോൻ വിളിച്ചു പറഞ്ഞു അപ്പ വേഗം ഇറങ്ങിക്കോ ആ അച്ഛൻ മൈന അപ്പയുടെ തലക്കു വട്ടം ചുറ്റുന്നു.. ഇപ്പോൾ അപ്പയെ കൊത്തും ..അവനു പേടിയായി .ഒരു കോറസുപോലെ അവളും ഇങ്ങു ഇറങ്ങു .. അവർ ബഹളം വച്ചു . ഇല്ല .. നിങ്ങൾ ബഹളം വെക്കേണ്ട.. ബാലൻ കെ നായരുടെ ചില കഥാപാത്രം പോലെ അല്ല ഞാൻ.. ഞാൻ.. അതിനെ ഉപദ്രവിക്കുന്നില്ല അത് എന്നെ ഒന്നും ചെയ്യില്ല ..
ഞാൻ ഒന്നുകൂടി ..ആ കുഞ്ഞു മൈനകളെ വീക്ഷിച്ചു .. ചുണ്ടുകൾ വിടർത്തി അവ ആഹാരത്തിനായി കുറുകുന്നു ..പപ്പും ..ചെറിയ കുട്ടിച്ചിറകുകളും വിടർത്തി ആ പട്ടുമെത്തയിലേക്കു മറിയുന്നു വീണ്ടും ഉരുണ്ടു പിടഞ്ഞു എണീക്കുന്നു …കൗതുകത്തോടെ ഞാൻ എല്ലാം നോക്കി അഭ്രപാളികയിൽ പകർത്തിക്കൊണ്ടിരുന്നു . പിന്നെ താഴെ നിൽക്കുന്ന അമ്മയുടെയും മകന്റെയും മുഖം വാടുന്ന കണ്ടപ്പോൾ .. ഞാൻ പ്ലംസ് ബാക്കി പറിച്ചു ..താഴെയിറങ്ങി ..
ആ ചില്ലയിൽ എന്നെ വീക്ഷിച്ചു കൊണ്ട് ആ മൈനകൾ .. ‘അമ്മ മൈന പറന്നു ആ കിളിക്കൂട്ടിൽ എത്തി ചുണ്ടിൽ ശേഖരിച്ച ആഹാരം പകർന്നു നൽകുന്നു .. വീണ്ടും പറന്നു അടുത്ത ഇലക്ട്രിക് കമ്പിയിൽ ഇരിക്കുന്നു ..അടുത്തതു അച്ഛൻ മൈനയുടെ ഊഴം .. അങ്ങനെ അത് തുടർന്ന് കൊണ്ടിരുന്നു ..പറിച്ച പ്ലംസ് എല്ലാം ഒതുക്കി വച്ച് ബ്രേക്ക് ഫാസ്റ്റിനായി ഞങ്ങൾ ഇരുന്നു ..
അപ്പോൾ ഞാൻ പറഞ്ഞു കണ്ടോ ഇങ്ങനെ കരുതലോടെ തീറ്റ കൊടുത്തും പറക്കാൻ പഠിപ്പിച്ചും വലുതാക്കുന്നു ആ മൈനകൾ ..പിന്നെ തന്നെ പറന്നു തുടങ്ങിയാൽ അവർ ആ ‘അമ്മ മൈനയേയും അച്ഛൻമൈനയേയും ഉപേക്ഷിച്ചു പറന്നകലുന്നു .. പിന്നെ ആരും കൂട്ടിരിക്കാനും അടയിരിക്കാനുമില്ലാതെ ..ആ ചില്ലയിൽ ആ കൂടു ഉണങ്ങി കരിഞ്ഞു.. ശക്തിയായി വീശിയടിക്കുന്ന ഒരു കാറ്റിൽ താഴെ വീഴുന്നു .. വളരെ മനോഹരമായി ചുണ്ടുകൾ കൊണ്ട് പണിതെടുത്ത ആ മണിമാളിക തകർന്നു വീഴുന്നു ..
അതെ മതി ,തോളിൽ തട്ടിക്കൊണ്ടു അവൾ പുറത്തുപോകേണ്ടേ ..ഓ നിങ്ങൾ റെഡി ആയിക്കോ ഞാൻ എത്തി .. നിങ്ങൾ കേട്ടോ… ഈ പ്രസവമുറി മൂന്നാം ഭാഗം ഇവിടെ നിർത്തുന്നു .. ഈ പുസ്തകപ്പെട്ടി ഇന്ന് അടച്ചു വക്കുന്നു ..നാളെ വീണ്ടും തുറക്കും വരെ .. വീണ്ടും വട്ടംപറക്കുന്ന മൈനകളെ നോക്കി .. മനസ്സിൽ പറഞ്ഞു . ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ.. സുരേഷ് തിരിഞ്ഞുനോക്കി.. അതാ മുറ്റത്തൊരു മൈന… വീണ്ടും ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ.. മുറ്റത്തൊരു മൈന സുരേഷ് തിരിഞ്ഞു നോക്കി …..ചുണ്ടിൽ ചെറു ചിരിയോടെ ഞങ്ങൾ നടന്നു …
ജോർജ് കക്കാട്ട്