രചന : എം.എ.ഹസീബ് പൊന്നാനി✍
ഞാൻ ജനിച്ചതും വളർന്നതും ജീവിക്കുന്നതുമൊക്കെ, എന്റെ മാതാപിതാക്കളുടെ ജന്മനാടായ പൊന്നാനിയിൽ നിന്നും നാലു കിലോമീറ്ററുകൾക്കപ്പുറമുള്ള ‘പുറങ്ങ്’ എന്ന ഗ്രാമത്തിലാണ്. ചെറിയ വഴിദൂരത്തിനപ്പുറത്ത് വലിയ സാംസ്കാരിക അന്തരങ്ങൾ ഈ ഗ്രാമത്തിനും പൗരാണിക നഗരത്തിനുമിടയിൽ നിലകൊള്ളുന്നുണ്ട് എന്നത് കുഞ്ഞുനാൾ മുതലുള്ള അനുഭവബോദ്ധ്യവുമാണ്!
ഉമ്മാമയോടൊപ്പം പുറങ്ങിൽ നിന്നും പൊന്നാനിയിലേക്കുള്ള പൊതുഗതാഗത മാർഗ്ഗമായ എൻ.കെ.ടി, (നന്ദകുമാർ ട്രാൻസ്‌പോർട്ട്) ബി.കെ.ടി (ബാലകൃഷ്ണൻ ട്രാൻസ്‌പോർട്ട് ) ബസുകളിലുള്ള യാത്രകളിലൂടെ “പഴേകുടി” എന്ന് ഞങ്ങൾ വിളിച്ചു വന്നിരുന്ന ഉമ്മത്തറവാട്ടിലെത്തുമ്പോഴും, വർഷാവസാനങ്ങളിൽ അബൂദാബിയിൽ നിന്നും അവധിക്കെത്തിയിരുന്ന ഉപ്പയോടൊപ്പം പോയിരുന്ന “പഴയകം” എന്നു വിളിക്കപ്പെട്ടിരുന്ന ‘ഇല്ല’-ത്തേക്കെത്തുമ്പോഴും (പിതൃഗുഹങ്ങളെ “ഇല്ലം” എന്ന് പൊന്നാനിയിലെ കുട്ടികൾ വിളിക്കുന്നതും ഉയർന്ന ഹൈന്ദവത്തറവാടുകളിൽ എന്നതുപോലെ പൊന്നാനിയിലെ മുസ്ലിം കുടുബങ്ങളിൽ മരുമക്കത്തായ സമ്പ്രദായങ്ങൾ നിലനിന്നിരുന്നതും, ഭവനങ്ങളുടെ വിവിധ ഭാഗങ്ങളെ “കോലായി”, “പടാപ്പുറം”, “കൊട്ടിലി”, “നടുത്തളം”, “മണ്ഡകങ്ങൾ” എന്നിങ്ങനെ പേരിട്ടുവിളിക്കുന്നതുമൊക്കെ പൊന്നാനിയുടെ ഭൂതപശ്ചാത്തലങ്ങളോട് ബന്ധപ്പെട്ട ചരിത്രഖനനങ്ങളിലേക്കുള്ള പ്രവേശനാടയാളങ്ങളും കവാടങ്ങളുമാണ്.
എന്റെ “പൊന്നാനി ഒരു ‘ഠ’ വട്ട ദേശത്തിന്റെ കഥ” യിൽ ഇതിന്റെ കാര്യകാരണവിവരണങ്ങൾ ഉണ്ട്.) പിന്നീട് യൂപ്പി സ്കൂൾ കാലം മുതൽ എം.ഐ.ഹൈസ്‌കൂളിലേക്കുള്ള ദിനേനയുള്ള യാത്രകളിലുമൊക്കെ നാലുകിലോമീറ്ററുകൾക്കപ്പുറത്തുള്ള അത്ഭുത വൈജാത്യങ്ങൾ എങ്ങനെ ഉണ്ടായതാണ് എന്ന സ്വമേധയാ ഉള്ളിലൂറിയ സംശയമുള്ളതുകൊണ്ടായിരിക്കാം,ഒരു പക്ഷേ നാട്ടുചരിതത്തിന്റെ ആഴപ്പരപ്പുകൾ തേടിയുള്ള അന്വേഷണാത്മകതയിലേക്ക് ഞാനെത്തിപ്പെട്ടതെന്നാണ് എന്റെ വിശ്വാസം!
ഒരു കനാലിന്റെ മറുകരയിലുള്ള തൊട്ടടുത്ത ഗ്രാമങ്ങളുമായി പൊന്നാനിനഗരത്തിലുള്ളവരുടെ ജീവിതരീതികളിലും സംസാരഭാഷയിലെ ഉച്ചാരണങ്ങളിലെ വലിച്ചുനീട്ടലുകളിലും ഭക്ഷണവൈവിദ്ധ്യസവിശേഷതകളിലുമെല്ലാം അജഗജാന്തരങ്ങളുണ്ട്.
ആദിപുരാതന കാലം മുതലേ യവനന്മാരും അറബികളും ചീനന്മാരും പോർച്ചുഗീസുകാരും ഡച്ചും ഫ്രഞ്ചും ആംഗലേയരുമെല്ലാം ഭരണ വാണിജ്യ കുത്തകകളിലൂടെ ഇടകലർന്നും സമരസപ്പെട്ടും സംസ്കാരസങ്കലനങ്ങൾ പരുവപ്പെടുത്തിയതാണ് പൊന്നാനി നഗരത്തിന്റെ ഇന്നു കാണപ്പെടുന്ന പ്രത്യേകതകളുടെ വ്യതിരിക്തതാനിദാനം!
കുട്ടിക്കാലത്ത് ഇവിടെ എത്തിച്ചേരുമ്പോഴൊക്കെ പൗരാണികതയുടെ തിരുശേഷിപ്പുകൾ പലതായി കാഴ്ചപ്പുറത്തെത്തുമ്പോഴും ക്ലാവ് പിടിച്ച പഴമയോർമ്മകളുടെ ആഴങ്ങളിൽ നിന്നും ഉതിരുന്ന പൂപ്പൽ മണങ്ങളുമെല്ലാം അറബിക്കഥയിലെ ‘സിൻബാദ് ‘എന്ന നാവികസഞ്ചാരിയെ ഓർമ്മിപ്പിക്കുംവിധം ഞാനും അഞ്ഞൂറോ അറനൂറോ വർഷങ്ങൾക്കിപ്പുറമൊരു നഗരത്തിലെത്തിപ്പെട്ടവനെപ്പോലെ സ്തബ്ധാശ്ചര്യങ്ങളോടെ നിന്നുപോകാറുണ്ടായിരുന്നു.
പൊന്നാനിയിലേക്കുള്ള ഓരോ സഞ്ചാരങ്ങളും വർത്തമാനത്തിൽ നിന്നും പൊടുന്നനെ ഭൂതസ്പന്ദം ചെവിയോർക്കാനാകുന്ന ചരിത്രസ്ഥലിയിലേക്കുള്ള എത്തിപ്പെടലുകൂടിയായിരുന്നു!
ഇതുപോലൊരു ചെറുദേശം ലോകത്തിൽ തന്നെ അത്യപൂർവ്വമാണ്. വിദേശികൾക്ക് എളുപ്പമെത്താനാകുന്ന തിണ്ടീസിന്റെ തുറമുഖവാതിൽ ഉപയോഗപ്പെടുത്തി ഇവിടെ എത്തിയവർക്കുമുമ്പ് ഈശ്വരമംഗലം തലസ്ഥാനമാക്കി ഇന്നാടു ഭരിച്ച തിരുമനശ്ശേരി തമ്പ്രാക്കളും പിന്നീട് മേൽക്കോയ്മയായ് ഭരണം കിട്ടിയപ്പോൾ തങ്ങളുടെ വിശാലസാമ്രാജ്യത്തിന്റെ രണ്ടാം തലസ്ഥാനമാക്കി പരിഗണിക്കുകയും, പടത്തലവനായ കുഞ്ഞാലിമരക്കാരുടെ നാവികതലസ്ഥാനമാക്കുകയും ചെയ്ത് സാമൂതിരിമാരും അടക്കിവാണ സൈകതഭൂമി കാലാന്തരേണ സൈനുദ്ധീൻ മഖ്ദൂമാരാൽ ഇസ്ലാമിക മതാദ്ധ്യാപനങ്ങളുടെ സിരാകേന്ദ്രവുമായി മാറി!
“ചെറിയ മക്ക” യിൽ നാൽപ്പതരപള്ളികളും അതിലൊക്കെ നിറഞ്ഞുകവിയാൻ മാത്രമുള്ള ജനങ്ങളും തിങ്ങിവസിക്കുന്ന കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ ചെറുപട്ടണത്തിന്റെ മാത്രം സവിശേഷതകളായി കാണപ്പെടുന്ന പലതിനെക്കുറിച്ചും എന്റെ പുസ്തകത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്.
എന്നാൽ പരന്ന പ്രതിപാദനങ്ങളിലെ വിരസത ഒഴിവാക്കാൻ പലതിനേയും സൂചകങ്ങളിലൊതുക്കി അധികവിവരണങ്ങളായി കൊടുക്കാതെ വിട്ടിട്ടുമുണ്ട്. അതിലൊന്നാണ് “എഹരം വെക്കുക” എന്ന പൊന്നാനിയുടെ നാട്ടുഭാഷയിൽ മാത്രം കേട്ടിട്ടുള്ള, അപരത്വബോധങ്ങളെ നിഷ്പ്രഭമാക്കുന്ന കൂട്ടുചേരലിന്റെ സൗന്ദര്യത്തിൽ മാത്രം ഉടലെടുക്കുന്ന ഭക്ഷണവിരുന്നുകൾക്കായുള്ള ഇരുത്തങ്ങൾ!
വർഷങ്ങൾക്കിപ്പുറം എന്റെ ഉമ്മയുടെ തറവാടിന്റെ പേരിൽ ഒരു കുടുംബസംഗമം വെച്ചപ്പോൾ അതിനൊരു പേരു കണ്ടെത്തുവാൻ ഞാൻ നിയോഗിതനായപ്പോൾ അതിന് എഹരം എന്നു പേരിടുവാൻ എനിക്കു തോന്നിയതും ആ വാക്കു നൽകുന്ന ഓർമ്മസൗന്ദര്യം കൊണ്ടുതന്നെയാണ്!
സ്വന്തം വീട്ടിലെ പടാപ്പുറങ്ങളിലെ ഭക്ഷണയിരുത്തങ്ങളെയും “എഹരം വെക്കൽ” എന്നുപറയുമെങ്കിലും, നാട്ടുമ്പുറത്തെ വിശാലതയിൽ മുളങ്കാലുകളുടെ മേലെ തെങ്ങോല ഉണക്കിമെടഞ്ഞുമേഞ്ഞ മേൽക്കൂരയും വശങ്ങളിൽ കല്യാണവീട്ടിലെ പെൺപ്രജകളുടെ സാരികൾ കൊണ്ടുമറച്ച്, മുൻഭാഗം പനയോല കൊണ്ട് അലങ്കരിച്ച പന്തലുകളിൽ നിന്നുയരുന്ന ആവിപറക്കുന്ന നെയ്ച്ചോറിന്റെയും പോത്തിറച്ചിക്കറിയുടേയും ഗന്ധമോർമ്മകളായും “ഒന്നാമ്പി ഒന്നിലാമ്പി ഒരുമയില്ല പെണ്ണുങ്ങൾക്ക്… “മുതൽ “…പത്താമ്പി പത്തിലാമ്പി…” വരെ സ്വനഗ്രാഹിയിലൂടെ ലേഖനം ചെയ്യപ്പെടുന്ന പാട്ടിന്റെ ശബ്ദവീചികൾ കോളാമ്പിയിലൂടെ കേട്ടിരുന്നതും, മെടഞ്ഞ പുൽപായയിൽ കുന്നുപോലെ കുമിഞ്ഞുകൊട്ടിയ നെയ്‌ച്ചോർ കൂമ്പാരത്തിൽ നിന്നും മെടഞ്ഞ പുൽപാളകളിൽ കോരിയെടുത്ത് ആവശ്യക്കാർക്ക് വിളമ്പിയിരുന്നതുമെല്ലാം പുറങ്ങിലെ അയൽവീടുകളിലെ കല്യാണങ്ങളുടെ ഗൃഹാതുരത്വസ്മരണകളായി ഇന്നും നിലനിൽക്കുന്ന ഓർമ്മച്ചീന്തുകളായുണ്ടെങ്കിലും..
ഇന്നോർക്കുമ്പോൾ… നിലാക്കുളിരുപോലെ ഓർമ്മകളിൽ സ്നേഹസൗരഭം പരത്തി പെയ്തിറങ്ങുന്നത് പൊന്നാനിയുടെ നഗരയിടുക്കത്തിൽ അരങ്ങേറിയിരുന്ന പഴയ കല്യാണഘോഷങ്ങളാണ്!
മുറ്റവും പറമ്പുകളുമില്ലാത്ത.. തീവണ്ടി ബോഗികൾ പോലെ നീണ്ടുനീണ്ടു പോകുന്ന ഭവനനിരകളും ഇടയ്ക്കിടെ ചെറുപള്ളികളും മാത്രമുള്ള ജനനിബിഢനഗരത്തിൽ കല്യാണ മണ്ഡപങ്ങളും കൺവെൻഷൻ സെന്ററുകളും ഇല്ലാതിരുന്ന കാലത്ത് കല്യാണങ്ങളും വലിയ വിരുന്നുകളും ഉണ്ടാകുമ്പോൾ വന്നു ചേരുന്നവർക്ക് ഭക്ഷണം ഉണ്ടാക്കാൻ മാത്രമല്ല, അത് കഴിക്കുവാനുള്ള വേദിയാകുന്നതും അയൽവീടുകളാണ്.
ക്ഷണിക്കപ്പെട്ട പ്രിയപ്പെട്ടവർക്കുള്ള ഈ സ്നേഹസൗഹൃദവിളംബര ഭക്ഷണസൽക്കാരത്തെ “എഹരം വെക്കൽ” എന്നുപേരു ചൊല്ലിയാണ് വിളിച്ചിരുന്നത്. പഴയകാല നന്മയുടെ മാനവീയമായ ഉദാത്തതയുടെ നേർചിത്രമായാണ് ഇന്നത് ഹൃദയത്തിൽ തെളിയുന്നത്.
ഒരു വീട്ടിൽ കല്യാണം നടക്കുമ്പോൾ ഏറ്റവും ചുരുങ്ങിയത് അപ്പുറത്തും ഇപ്പുറത്തുമുള്ള രണ്ടുവീടുകളിൽ കല്യാണം നടക്കുന്നു എന്നാകുന്നു. അതുകൊണ്ടുതന്നെ ഒരു കല്യാണത്തിന്റെ സംഘാടകർ അയൽപക്കത്തെ രണ്ടുവീട്ടുകാർ കൂടി ചേർന്നതാകുന്നു.
ഒരു വീട്ടിലെ മകനോ മകളോ വരനോ വധുവോ ആകുമ്പോൾ അവനോ അവളോ എഹരം വെക്കലിന്റെയും ചേർന്നുനിൽപ്പിന്റെയും മഹാസൗന്ദര്യത്തിലൂടെയും ചുരുങ്ങിയപക്ഷം ഭവനത്രയങ്ങളുടെയെങ്കിലും വരനും വധുവും കൂടിയാകുന്നു!
നവകാലത്തെ പൊന്നാനിക്കുട്ടികൾക്ക് എഹരംവെക്കലിനെക്കുറിച്ചും അതിന്റെ സഹവർത്തിത്ത സൗന്ദര്യത്തെക്കുറിച്ചും പറഞ്ഞു കൊടുത്താലും അതെത്രത്തോളം അവരുൾകൊള്ളുമെന്നകാര്യത്തിൽ സംശയമുണ്ട്.
കൂട്ടുകുടുംബങ്ങളിലെ സാമൂഹികതയിലും വേറിട്ട മണ്ഡകക്കുടുംബമായി ജീവിച്ചപ്പോൾ പൊന്നാനിയിലെ കുട്ടികൾക്ക് തങ്ങളുടെ ജീവിതോത്തരവാദിത്തങ്ങളെക്കുറിച്ച് ഒരു പരിധിവരെയെങ്കിലും ബോധവാന്മാരാകുവാനായി എന്നത് ഈ ലേഖകന്റെ വിനീതനിരീക്ഷണമാണ്.
അതോടൊപ്പം എഹരം വെക്കലുകൾ പോലുള്ള സന്തോഷച്ചടങ്ങുകളിലും കണ്ണോക്ക് പോലുള്ള (മരണപ്പെട്ടവർക്ക് വേണ്ടി മരണവീട്ടിൽ മൂന്നുദിവസം നടക്കുന്ന പ്രാർത്ഥനാസദസ്സ്. മൂന്നാം ദിവസം ഖബറിൽ വെച്ച് മരണപ്പെട്ടയാളുടെ കണ്ണ് മണ്ണിലേക്ക് വീഴുന്നതിനാലാണത്രേ ഈ സദസ്സിന് “കണ്ണോക്ക്” എന്ന് പേരിട്ടുള്ളത്.) സന്താപച്ചടങ്ങുകളിലുമൊക്കെ നടക്കുന്ന കൊണ്ടുകൊടുക്കലുകൾ അവരെ ബഹുസ്വരതാനന്മകളുടെ വക്താക്കളാകുവാൻകൂടി പ്രാപ്തരാക്കിയിട്ടുമുണ്ട്.
എഹരം വെക്കലുപോലുള്ള ഗതകാലത്തെ ഒരു ചടങ്ങുപോലും പ്രസരണം ചെയ്തിരുന്നത് ഇക്കാലങ്ങളിൽ അന്യം വന്നുപോകുന്ന സ്നേഹപാരസ്പര്യങ്ങളുടെ മഹാനന്മയായിരുന്നു എന്നതുകൊണ്ടുതന്നെ പുതുതലമുറകൾക്ക് പഠിക്കാനും അനുശീലിക്കാനും ആ ഓർമ്മകൾ ഉപകരിക്കും തീർച്ച!✍🏻