രചന : ജോയ്സി റാണി റോസ്✍
നാം പ്രണയം പങ്കുവെച്ച ആ നിമിഷം നമ്മളുടേതാണ്
നമ്മളായിരുന്ന ഇടം
നാം പകുത്തെടുത്ത വായു
പുറകോട്ട്പാഞ്ഞ സമയം
തിരിച്ചുവരാത്ത കാലത്തിന്റെ ചുവര്
ഒരിക്കൽ നമ്മളെ കുറിച്ചുവെയ്ക്കുകയും
ശേഷം അടച്ചുവെക്കുകയും
പിന്നീടൊരിക്കൽ ഓർമ്മകളെന്നു
ഓമനപ്പേരിട്ട് വിളിക്കുകയും ചെയ്യുന്ന
പ്രണയനിമിഷങ്ങളുടെ
മനോഹരമായ അദ്ധ്യായം
അവിടെ മാത്രമേ ഇപ്പോൾ നമ്മളുള്ളൂ
നാളെ നമ്മൾ മറ്റൊരിടത്താകും
ചുറ്റും നിറയുന്ന പരിചിതഗന്ധം നിന്നെയോർമിപ്പിക്കും
ഞാൻ നിന്നെ തിരയും
നീയെന്നരികിലില്ല എന്നോർത്ത്
വേദനയോടെ മന്ദഹസിക്കും
നമ്മളുടേത് മാത്രമെന്ന്
നാം നമ്മെ കൊഴിച്ചിട്ട വേറൊരു ഭൂവിലേക്കു
മനസ് നിമിഷങ്ങൾ കൊണ്ടെത്തിനിൽക്കും
നമ്മളുടേത് മാത്രമായിരുന്നയിടത്തേക്ക്
ഇപ്പോൾ ഞാൻ സഞ്ചരിക്കുകയാണ്
നമ്മളുടെയിടത്തിലിരുന്നു
നാമിപ്പോൾ ചുംബിക്കുന്നു
ആലിംഗനം ചെയ്യുന്നു
പിരിഞ്ഞു
പോകണമല്ലോയെന്നോർക്കുമ്പോൾ
കൈകൾ മുറുക്കെ കോർത്തുവെയ്ക്കുന്നു
നോക്കൂ,
അവിടെയിപ്പോൾ പുതിയ പ്രണയികളാണ്
അവരും പരസ്പരം പങ്കുവെയ്ക്കുന്നു
വാഗ്ദാനങ്ങൾ കൊടുക്കുന്നു
പിരിഞ്ഞാലും വിദ്വേഷമില്ലാതെ
ഈ നിമിഷമെന്നുമോർക്കണമെന്ന്
സാന്ത്വനിപ്പിക്കുന്നു
ഞാനിപ്പോൾ ശാന്തതയുടെ ഓളപ്പരപ്പിലാണ്
ഒരിക്കൽ അനുഭവിച്ച സ്നേഹമെന്നും
ജീവിതത്തിന്റെ കഠിനതകളിൽ
ആശ്വസിപ്പിക്കുമെന്ന സ്വച്ഛതയിലാണ്
നമ്മുടേതായിരുന്ന ആ നിമിഷം
ഇപ്പോളും അവിടെയുണ്ട്
ആ അന്തരീക്ഷത്തിൽ
ആ നിമിഷം അലിഞ്ഞു ചേർന്നിട്ടുണ്ട്
നമ്മൾ മാത്രമാണിപ്പോളും
രണ്ടിടങ്ങളിലുള്ളത്
അദൃശ്യമാണെന്നേയുള്ളൂ
ആ അന്തരീക്ഷത്തിലൊരു ചുവരുണ്ട്
എത്രയോ പേര് ഓർമ്മകളിലേക്കിറങ്ങി
സഞ്ചാരികളായെത്തി
കുറച്ചു സമയം വിശ്രമിക്കുന്ന ചുവര്