നിർത്താതെ കരയുന്ന മക്കളെ എടത്തറക്കാർ ശാസിക്കും ,’നീയെന്താ സോളമൻ്റെ കട്ടിലാ ? ‘ മക്കൾ ഉപേക്ഷിച്ച വൃദ്ധർ ആത്മഗതം ചെയ്യും
‘ങ്ഹാ ..! ഞാനിപ്പോ സോളമൻ്റെ കട്ടിലായി … ‘
എടത്തറയിലെ ഏറ്റവും നല്ല കട്ടിലായിരുന്നു ഒരു കാലത്ത് സോളമൻ്റെ കട്ടിൽ .തേക്ക് അറുത്ത് ഉരുപ്പടിയാക്കി കയറു തലങ്ങും വിലങ്ങും വരിഞ്ഞ് സോളമൻ പണിയിച്ചതാണ് ആ സിംഗിൾ കോട്ട് കട്ടിൽ .രണ്ടു മുറിയുള്ള ചാണകം മെഴുകിയ ആ വീട്ടിൽ കട്ടിൽ ഒരു രാജാവിനെപ്പോലെ തലയുയർത്തിക്കിടന്നു .
രാത്രി സോളമൻ കട്ടിലിൽ കിടക്കുമ്പോൾ താഴെ തറയിൽ തഴപ്പായ വിരിച്ച് ബ്രിജിത്തായും യഥാക്രമം മോളമ്മ ,തങ്കച്ചൻ ,തൊമ്മിച്ചൻ ,മോനായി എന്നീ മക്കളും കിടക്കും .
തലയ്ക്കൽ മണ്ണെണ്ണ വിളക്ക് കത്തിച്ചു വച്ച് മോളമ്മ മംഗളം വാരിക നാലായി ഒടിച്ചു മടക്കി പിടിച്ച് തുടരൻ വായിക്കും ..
‘പെണ്ണേ തലക്കൽ വിളക്കു കത്തിച്ചു കിടക്കാതെ … ദോഷമാ ‘ഈ വാക്കുകൾ കുറഞ്ഞത് മൂന്നു തവണയും അകമ്പടിയായി തുടയിൽ നല്ലൊരു പിച്ചും കിട്ടുമ്പോൾ ആ വിളക്കണയും … പിന്നീട് ഇരുട്ടിൽ പുതപ്പിനായൊരു മത്സരമാണ് .സോളമൻ്റെ മൂളൽ ഒരു താക്കീതാകുമ്പോൾ അതും അവസാനിക്കും .
അതിരാവിലെ തറയോടു ചേർന്ന് താഴ്ന്ന മണ്ണടുപ്പിൽ കട്ടൻ കാപ്പി തിളപ്പിച്ചാണ് ബ്രിജിത്തായുടെ ദിനാരംഭം .സോളമന് കിടക്കപ്പായിൽ കാപ്പി വേണം .പായ തെറുത്ത് കട്ടിലിൻ്റെ കാക്കിയിൽ വച്ച് മൂരി നിവർന്ന് അയാൾ എണീൽക്കും .പിന്നീട് പറമ്പിലേക്ക് …
കാലം കടന്നു പോയി …
ചാണകം മെഴുകിയ തറ സിമൻറിട്ടു ,
അടുപ്പ് ഉയർത്തിപ്പണിതു ,മോളമ്മ പാലത്തിനാൽ വക്കച്ചൻ്റെ മണവാട്ടിയായി പടിയിറങ്ങി ,ആൺമക്കൾ കടലു കടന്നു .
പിന്നീട് വീട് പൊളിച്ച് രണ്ടു നില മാളികയാക്കി .ഇതിനിടയിൽ ബ്രിജിത്താ പെട്ടിയിൽ കയറി നാടുവിട്ടു
സോളമനും അയാളുടെ കട്ടിലും പുതിയ വീട്ടിൽ ഒരു മുറിയിലും ചേർന്നില്ല .അയാളാകട്ടെ, ആ കട്ടിലിൽ നിന്നു മാറിക്കിടക്കാൻ കൂട്ടാക്കിയുമില്ല.
ഇളയവൻ മോനായിയുടെ ഭാര്യ സിസിലി എന്നും മുഖം വീർപ്പിക്കും …
‘നിങ്ങടപ്പനിതെന്തിൻ്റെ കേടാ ? നേരം വെളുക്കുമ്പം മിറ്റത്ത് കാണാം .കൂനിക്കൂടി … പുല്ലു പറിക്കലാണ് .ഇവിടെവിടെയാ പുല്ല് ? നിങ്ങടപ്പനല്ലാതെ ?അത് പറിച്ച് നിങ്ങൾ കളയത്തുമില്ല .’
മോനായി മിണ്ടത്തില്ല .അപ്പോളവൻ്റെ മൂക്കിൽ ഇരുട്ടിൽ മണ്ണെണ്ണ പുകയുടെ ഗന്ധം അടിച്ചു കയറും
സിസിലിയുടെ നിരന്തരമായ നൊവേനകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ കർത്താവ് കനിഞ്ഞു (സിസിലിയോടോ ? സോളമനോടോ ?)
സോളമൻ തൻ്റെ കട്ടിലും ഈ ലോകത്തിലെ എല്ലാമുപേക്ഷിച്ച് യാത്രയായി .
എൻ്റമ്മോ … അലച്ചു കെട്ടിക്കരയുന്ന
മോളമ്മയെ പിടിച്ചു മാറ്റാൻ വക്കച്ചൻ പെട്ട പാട് …!’എൻ്റപ്പച്ചാ ഇന്നലേം കൂടി പറഞ്ഞതേയുള്ളു .ഇന്ന് വന്ന് അപ്പച്ചനെയൊന്നു കാണണമെന്ന് … അതിങ്ങനെയായല്ലോ … ‘ കഴിഞ്ഞ നാലു വർഷമായി പഠിച്ചു വച്ചിരുന്ന വാക്കുകൾ പതം പറഞ്ഞു കൊണ്ട് മോളമ്മ വലിയ വായിലേകരഞ്ഞു … മരുമക്കൾ കരച്ചിലിലും ആഢ്യത്വം കാത്തു .
അടക്കിനു ശേഷം സന്ധ്യക്ക് വീട്ടിൽ നല്ലൊരു അങ്കമുണ്ടായി .എല്ലാവർക്കും വീടും പുരയിടവും അവകാശമായി വേണം .മറ്റു സ്വത്തുക്കൾ സമാസമം .ഇതിനിടയിൽ സോളമൻ്റെ കട്ടിലിൽ നിന്നൊരു തേങ്ങലുയർന്നത് ആരും കേട്ടില്ല …
ശബ്ദമെല്ലാമടങ്ങിയപ്പോൾ അയലോക്കംകാരാണ് ആദ്യം അതു കണ്ടത് .മുറ്റത്ത് കിടന്ന കട്ടിൽ നിലവിളിക്കുന്നു … നിർത്താതെ… നിർത്താതെ. പിന്നീട് ,സഹികെട്ട് മോനായി ആ കട്ടിൽ വെട്ടിപ്പൊളിച്ച് കത്തിക്കുകയാണുണ്ടായത് .അന്നു മുതലാണ് എടത്തറക്കാർക്കിടയിൽ സോളമൻ്റെ കട്ടിൽ പഴഞ്ചൊല്ലായി മാറിയതും …✍️

വൈഗ

By ivayana