രചന : ഷറീഫ് കൊടവഞ്ചി✍
പണ്ടു പണ്ടെങ്ങോ….
മലയാളക്കരയിലൊരു
മന്ത്രിക്കൊച്ചമ്മ
പേരില്ലാത്തൊരു
അപ്പം ചുട്ടുപോലും
പുതിയ അപ്പത്തിനെന്തു
പേരുവിളിക്കണമെന്നറിയാതെ
ജനങ്ങളുടെ ദാസനായ
ആടിയുലയാത്ത
കപ്പിത്താന്റെ
കൽപ്പനയറിയാൻ
അരമനയിലേക്കു പോയി
തിരിച്ചു വരുമ്പോഴതാ
ഒരെലി അപ്പവുമെടുത്തു
ഇടിമുറികൾ തേടി
മാഷാ അള്ളാ സ്റ്റിക്കറു പതിച്ച
ഇന്നോവ കാറിൽ
മച്ചിൻപ്പുറത്താകെ
ഓടിക്കളിക്കുകയായിരുന്നത്രേ
മന്ത്രിക്കൊച്ചമ്മയതാ
വോട്ടർമാരോടെന്നപോലെ
കേണപേക്ഷിച്ചുപോലും
കാരുണ്യവാനായ
എന്റെ പ്രിയപ്പെട്ട
എലിയമ്മാവാ
പ്രജകൾക്കായുള്ള
ഞങ്ങളുടെ
പുതിയ അപ്പത്തെ
താഴേക്കൊന്നിടണേ…
‘ഇടൂ….എലി’.. ഇടലീ……
ദയവായി..ഇടലീ..ഇഡലീ….
അങ്ങനെയങ്ങനെ
ഇഡലിയപ്പത്തിനിന്നത്തെ
രുചിയുള്ള പേരുണ്ടായത്രേ!