രചന : സന്തോഷ് പെല്ലിശ്ശേരി ✍
എന്റെ പൊന്നുമകളെ ,
ഇന്നലെയെന്നോണം ഞാൻ കുറേയേറെ പഴയ കാര്യങ്ങൾ ഓർത്തു പോവുകയാണ്…
ഇവയിൽ പലതും നിനക്കറിയാവുന്നത് തന്നെയെങ്കിലും നിന്റെയീ
അമ്മയുടെ മനസിലൂടെ ഒന്നുകൂടി… തെല്ലുറക്കെ …
ഞാനിതൊക്കെ പറയുകയാണ്…
അമ്മയുടെ ചെറുപ്പക്കാലം…!
അനാഥത്വത്തിന്റെയും
സങ്കടത്തിന്റെയും മറുകരയില്ലാത്ത
ഒരു നദിയിലൂടെ…
എങ്ങോട്ടെന്നില്ലാതെ ഞാൻ ഒഴുകിയൊഴുകിപ്പോകവെയാണ്
നിന്റെയച്ഛൻ എന്റെ രക്ഷകനായത്…
അദ്ദേഹത്തെ എതിർക്കാൻ ആരും ധൈര്യപ്പെട്ടുമില്ല…
സകലരേയും ,
അതുവരെയുള്ള
തറവാട്ടിലെ കീഴ് വഴക്കങ്ങളേയും ധിക്കരിച്ച്..
അനാഥയും അന്യജാതിക്കാരിയുമായ എന്റെ കരങ്ങൾ അദ്ദേഹം ഗ്രഹിച്ചപ്പോൾ ആദ്യമായി ഞാൻ സുരക്ഷിതത്വമറിഞ്ഞു..!
ഓർമ്മ വച്ചനാൾ മുതൽ
മാനസികവും ശാരീരികവുമായ പീഢനത്തിന്റെയും…
കൗമാരം കടന്നതോടെ , കാമാവേശത്തിന്റെയും…
നീണ്ടു വരുന്ന കിരാതഹസ്തങ്ങൾക്ക് പകരം
സാന്ത്വനത്തിന്റെയും തലോടലിന്റെയും മാധുര്യം ഞാൻ നുണഞ്ഞു..!
പൊള്ളുന്ന പാതിരാക്കനവുകൾ മാത്രം പതിവായിരുന്ന എനിക്ക്
ആ കരുത്തുള്ള നെഞ്ചിൻകൂട്ടിൽ
മുഖം ചേർത്ത് കിടന്ന നാൾ മുതൽ
പ്രണയത്തിന്റെ മധുരക്കിനാവുകളും
സ്വന്തമായിത്തുടങ്ങി…
ചേമ്പിലയിൽ വീണു കിടക്കുന്ന മഴത്തുള്ളിയുടെ
അനിശ്ചിതത്വത്തിൽ നിന്ന് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുകയറുകയായിരുന്നു മോളെ …
മൂത്ത രണ്ട് ചേട്ടന്മാർക്ക് ശേഷമാണല്ലോ നീ പിറന്നത്….
പിൽക്കാലത്ത് നീ അറിഞ്ഞതുപോലെ…
നീയെന്റെ വയറ്റിൽ നാമ്പിട്ടതിന് തുടർച്ചയെന്നോണം
തനിക്ക് സംഭവിക്കാൻ പോകുന്ന സ്വന്തം മരണത്തെപ്പറ്റി
കൃഷ്ണൻ കണിയാൻ നിന്റെ
അച്ഛനോട് കൃത്യമായി പ്രവചിച്ചിരുന്നെങ്കിലും..
നിശ്ചയദാർഢ്യവും ഘനഗാംഭീര്യവും സദാ നിഴലിച്ചിരുന്ന ആ മുഖത്ത് ഒരിക്കലുമൊരു ആശങ്കയുടെ ലാഞ്ചന
അമ്മ കണ്ടിട്ടില്ല മോളെ….
നെഞ്ചത്തു കിടത്തി നിന്നെത്തലോടി… താരാട്ടുപാടി ഉറക്കാൻ
ഉമ്മറത്തെ ആ ചാരുകസേരയിൽ അദ്ദേഹം ചാരിക്കിടക്കുന്നയാ കാഴ്ച ഇപ്പോഴും അമ്മയ്ക്ക് നല്ല തെളിച്ചമുള്ളതാണ്…
മറ്റാരേക്കാളും… എന്തിന് ,
എന്നേക്കാളുമൊക്കെ അദ്ദേഹത്തിന് ഇഷ്ടം നിന്നോടായിരുന്നു…
പലപ്പോഴും അമ്മയ്ക്ക്
അസൂയ പോലും തോന്നിയിട്ടുണ്ട് മോളെ…
നിനക്ക് മൂന്ന് വയസ്സ് തികയുംമുമ്പെ യാത്രയ്ക്കൊരുങ്ങേണ്ടി വരുമെന്ന കണിയാരുടെ വാക്കുകളോർത്ത്…
പിന്നീട് നിന്നെ ലാളിക്കാനാവില്ലെന്ന് കരുതിയാവണം , ആ സ്നേഹം നിന്നിലേക്ക്
വഴിഞ്ഞൊഴുകുകയായിരുന്നു…
കൂമ്പാളയിൽക്കിടത്തിയിട്ട് ..
നിന്റെ കവിളും കണ്ണും ഉഴിഞ്ഞെടുക്കുമ്പോഴും
ഉണ്ണിക്കയ്യും കാലുമൊക്കെ വലിച്ചു നീട്ടുമ്പോഴുമെല്ലാം അദ്ദേഹം നമ്മുടെ അടുത്ത് വന്ന് ഇരിക്കും…
വാഴക്കുടപ്പനിൽ നിന്ന് തേനിറ്റിച്ച് തരാനും
പാതിരാവാവോളം ക്ഷമയോടെ
പാട്ടുപാടിയുറക്കാനും
ഒരു കുഞ്ഞേട്ടനെപ്പോലെ നിനക്കൊപ്പമുണ്ടായിരുന്നു അച്ഛൻ…
അങ്ങിനെ…
പാതി ദൂരം നമ്മോടൊപ്പം നടന്നിട്ട്
ഒടുവിൽ… നിന്നെയും നെഞ്ചിൽക്കിടത്തിയൊരു പകലുറക്കത്തിനിടയിലാണ് മേഘജാലകം തള്ളിത്തുറന്ന്
അകലെ ആകാശത്തു നിന്ന്
അച്ഛനെ കൊണ്ടുപോകാൻ
മരണം
തന്റെ തേരുമായി വന്നത്….!
വീണ്ടും
അമ്മയുടെ പഴയ കാലമാവർത്തിക്കുമെന്ന്
അമ്മ ശങ്കിച്ചെങ്കിലും അതുണ്ടായില്ല…
കാരണം അമ്മ അപ്പോൾ
‘ ശേഖരേട്ടന്റെ ‘ ഭാര്യയെന്ന
ബഹുമാന്യപദവിയിൽ ആയിരുന്നല്ലോ..
ആ ഒരു പരിഗണനയിലായിരുന്നു
പിന്നിട് നമ്മൾ….
എങ്കിലും…
കത്താത്ത വിറകിന്റെ പൊറുതിയിൽ ,
ഓർമ്മകളെ ഊതിയൂതി അടുപ്പെരിയിച്ചാണ്.. ഈ അമ്മ
പാതി വേവാത്ത ചോറും
ഒട്ടും ചെറുതല്ലാത്ത സ്വപ്നങ്ങളും
നിങ്ങൾക്ക് സമം സമം
വിളമ്പിക്കൊണ്ടിരുന്നത്…
അങ്ങനെ നിങ്ങൾ സാവധാനം
വളർന്നു…
നിനക്ക് നല്ലൊരു കുടുംബജീവിതം ഉറപ്പാക്കിയ ശേഷമാണ്
നമ്മൾ ഏട്ടന്മാർക്ക് വിവാഹം നോക്കിയത്..
വ്യത്യസ്തവും കുറേക്കൂടി മെച്ചപ്പെട്ടതുമായ സാഹചര്യങ്ങളിൽ വളർന്നവരാകയാലോ എന്തോ ആ പെൺകുട്ടികൾക്ക് ഈ അമ്മയെ ഇഷ്ടപ്പെട്ടില്ല…
എത്രയോ താഴ്ന്നു കൊടുത്തിട്ടും
അവർ അമ്മയിൽ നിന്ന് അകന്നകന്ന് പോവുകയായിരുന്നു..
ഒപ്പം നിന്റെ ഏട്ടന്മാരേയും അവർ എന്നിൽ നിന്ന് അകറ്റി…
പിന്നെയവർ ഓരോരുത്തരായി താമസവും മാറി…
ഇടയ്ക്ക് അമ്മയുടെ ക്ഷേമമന്വേഷിച്ചുള്ള വരവിന്റെ ഇടവേളകൾ ക്രമേണ വലുതായിക്കൊണ്ടിരുന്നു…
നീയും ഓടി വന്ന് ഓടിപ്പോവുകയായിരുന്നു പതിവ്…
മുഖത്ത് ചിരിയെങ്കിലും മനസിൽ
നിറയെ കണ്ണീര് പൊടിഞ്ഞു കൊണ്ടാണ്
അമ്മ നിന്നെ തിരികെ യാത്രയാക്കാറുള്ളത്..
ആയിടയ്ക്ക് നമ്മുടെ പുളിങ്കര പള്ളിക്കമ്മിറ്റിക്കാർ ഒരു മെഡിക്കൽ ക്യാമ്പ് നടത്തിയത് നിനക്കോർമ്മയുണ്ടോ..?
ചിലപ്പോ ഓർമ്മ കാണും..
എനിക്ക് ആകെ ഓർമ്മയിലുള്ള ഫോൺ നമ്പർ നിന്റെതാകയാൽ
അവർ ചോദിച്ചപ്പൊ ഞാൻ അതാണ് കൊടുത്തത്…
അവര് നിന്നെ വിളിച്ചിരുന്നു..
നിനക്ക് അന്നെന്തോ തിരക്കായിരുന്നു…
അപ്പോൾ പറയാൻ വേണ്ടിയും….
പിന്നെ വേണ്ടെന്ന് വച്ചതുമായ …
ഒരു രഹസ്യം അമ്മ മോളോടു പറയുവാണ്..
ചുരുക്കം ചിലർക്കല്ലാതെ ,
നിനക്കോ ഏട്ടന്മാർക്കോ
മറ്റാർക്കും അറിയാത്ത രഹസ്യമാട്ടോ…
ആരോടും പറയരുതെന്ന് അമ്മ പറഞ്ഞതോണ്ടാണ് അവർ പറയാതിരുന്നത്..
ദേ.. ഇനിയിപ്പൊ നീയിത് ആരോടും പറയാൻ നിൽക്കണ്ടാ കെട്ടോ…
ക്യാമ്പിൽ രക്തം പരിശോധിച്ച ശേഷം വേറെ എന്തോ ടെസ്റ്റ് കൂടെ അവർ നടത്തി..
അമ്മയ്ക്ക് കാൻസറാണത്രെ…!
എല്ലുകളെ ബാധിക്കുന്ന ഒരു പ്രത്യേകതരം കാൻസർ…!
വേദനയുണ്ടാകില്ലാത്രെ..
അതെത്ര നന്നായി അല്ലെ …
പിന്നെ , ഇതിന്
പ്രത്യേകിച്ച് ചികിത്സയോ മരുന്നോ ഇല്ലപോലും…!
അതും എത്ര നന്നായി..!!
നിനക്കറിയാമല്ലൊ , അപ്പുറത്തെ വീട്ടീലെ ശ്രീദേവിക്കുട്ടിയെ…
അവളാണല്ലൊ പതിവായി വന്ന് അമ്മയ്ക്ക് രാത്രിക്കൂട്ട് കിടക്കുന്നത്…
അസുഖം അറിഞ്ഞതിൽപ്പിന്നെ അവള് പകലും ഇവിടെണ്ടാവും…
എന്നെയവൾക്ക്
നീ എന്നെ ഇഷ്ടപ്പെടുന്നതിന്നേക്കാളും ഇഷ്ടമാണ്…!
ഒരിക്കൽ നീ വന്നപ്പൊ അവളെനിക്ക് മരുന്നെടുത്ത് തരികയായിരുന്നു.. നിനക്ക് അരിശം വരുന്നുണ്ടായിരുന്നു..
” ഇവളെന്താ ഏത് നേരവും ഇവിടെ..? “
എന്ന് നീ ചോദിക്കയും ചെയ്തു..
പലതവണ നിങ്ങളെയൊക്കെ ഞാൻ കാണാൻ വിളിപ്പിച്ചെങ്കിലും പലപ്പോഴും നിങ്ങളത് അവഗണിച്ചു…
അതിന് നിങ്ങളെ പറഞ്ഞിട്ട് കാര്യവുമില്ലല്ലോ..
കുട്ടികൾ…പ0നം… ജോലി.. മറ്റു തിരക്കുകൾ…. – ഇവിടെയിപ്പൊ എന്താ പ്രത്യേകിച്ച്…
ഒന്നുമില്ല..
വയസ്സായതിന്റെ ഒരു ക്ഷീണം…
പണിയൊന്നുമില്ലാത്തോണ്ട്
പതിവായി കിടപ്പ് തന്നെ… – എന്നൊക്കെയേ നിങ്ങളും കരുതിക്കാണുളളൂ…
അമ്മ മരണക്കിടക്കയിലാണെന്ന് ആരും അറിയണ്ടാന്ന്
അമ്മയും കരുതിയിരുന്നു കെട്ടോ…
ആദ്യമൊക്കെ രാവറുതികളിൽ മാത്രം കണ്ടിരുന്ന അന്തമില്ലാത്ത പേക്കിനാവുകൾ ഇയ്യിടെയായി സദാ എന്നോടൊപ്പമുണ്ട്…
പക്ഷെ..
നിന്നെയും ഏട്ടന്മാരെയും
ഒരു മഴവില്ല് പോലെ
കിനാവു കണ്ടു കൊണ്ട്
ഈ അമ്മ അതിനെയൊക്കെ ചെറുത്തു…
ഈ പൊട്ടിപ്പൊളിഞ്ഞ ജനവാതിലിലൂടെ മനസു തുറന്ന്..
ഹൃദയത്തിന്റെ കാത് കൂർപ്പിച്ച് പിടിച്ച് ഞാൻ നോക്കും..
അപ്പോൾ … ദൂരെ നിന്ന് നമ്മുടെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ കുന്നിറങ്ങി വരുന്ന നിന്നെയും എട്ടന്മാരെയും കുടുംബങ്ങളേയും അമ്മ കാണും..
മുത്തശ്ശീ…. – എന്ന് ഉറക്കെ വിളിച്ച് ഓടിയണയുന്ന കുഞ്ഞു മക്കളെ കാണും…
പക്ഷെ ,
അപ്പോഴേക്കും കാലിന്റെയുള്ളിൽ ചെറിയൊരു വേദന
കൂർത്ത മഞ്ഞുപാളിയായി വന്ന്
ആ കാഴ്‌ചകൾ തടസപ്പെടുത്തും….
ഞാൻ നിലവിളിക്കും…
ശ്രീക്കുട്ടി ഓടി വന്ന് ഒരു ഗുളിക തരും…
പിന്നെ മയക്കമാണ്…
പലപ്പോഴും
നീയെങ്കിലും
ചിലതൊക്കെ അറിയണം ,അറിയിക്കണം എന്ന് ഞാൻ കരുതിയതാണ്..
പറയാതെ തന്നെ പറഞ്ഞ്
ഞാൻ നിന്നെ പലതും അറിയിച്ചു..
പക്ഷെ നീയൊന്നും മനസിലാക്കിയില്ലാ… !
മനസ്സിലാക്കാൻ നിനക്ക് കഴിയുമായിരുന്നില്ലാ..!
അത് നിന്റെ കുറ്റമല്ലാ കാലം അതിന് തടസ്സമായിരുന്നു മോളെ…
ഇനി നിന്റെ ഊഴമാണ്..
നീ പതിയെ എല്ലാം മനസ്സിലാക്കുന്ന
കാലമാണ്..
ഇവിടെ….
ഞാനും നീയും നിന്റെയേട്ടന്മാരും
മൂന്നുവർഷത്തേയ്ക്കെങ്കിലും..
നമ്മുടെ അച്ഛനെന്ന ആ മഹാവൃക്ഷത്തിന്റെ തണലിൽക്കഴിഞ്ഞ ഈ തറവാട്ടുവീട്ടിൽ….
പിന്നെ ……
അല്പം ബുദ്ധിമുട്ടിയാണെങ്കിലും
വിറകിനൊപ്പം ഞാനും
പുകഞ്ഞുനീറി കത്തിയ
ഈ അടുക്കളപ്പുറത്ത്…
കിണ്ണങ്ങളെണ്ണി സ്നേഹം പകർത്തി വാ മക്കളെയെന്ന് ഞാൻ വിളിച്ചയീ അകത്തളത്തിൽ…
വെയിൽ താണ നേരത്ത് നമ്മൾ കൂട്ടം കൂടിയിരുന്ന് വർത്തമാനം പറയാറുള്ള ഈ ഇറയത്ത്…
നിങ്ങളുറങ്ങിക്കഴിഞ്ഞാലും ,
പണി കഴിഞ്ഞെത്തുന്ന അച്ഛനെക്കാത്ത് അമ്മയിരിക്കാറുള്ളയീ ജനവാതിൽക്കൽ …
ഇവിടെയൊന്നും..ഇനിയീ അമ്മയുണ്ടാവില്ലാ…
പകരം കുഞ്ഞുന്നാളിൽ നീയും എട്ടന്മാരും വെയിൽക്കഷണങ്ങൾക്കൊപ്പം ഒളിച്ചുകളിക്കാറുള്ള നമ്മുടെയീ തെക്കേത്തൊടിയിലാണിനി
അമ്മയുണ്ടാവുക…
ആ തൊടിയുടെ തെക്കേയറ്റത്ത്
പൊടി മൂടിക്കിടക്കുന്ന കൽത്തറയിൽ..
അച്ഛനോടൊത്ത്
അമ്മയും ഉണ്ടാവും..
അതും.. നിങ്ങളീ മണ്ണ് കീറും വരെ മാത്രം…!
നീ ഒന്നുകൊണ്ടും വിഷമിക്കരുത് കെട്ടോ…
ധൈര്യമായിരിക്കുക…
നിനക്കായി ഇതാ അമ്മയുടെ ഈ മനസ്സിവിടെ വച്ചിട്ടു പോകുന്നു ഞാൻ..
.
സാവകാശം ഈ അമ്മമനസ്സ് നീ വായിച്ചു കൊൾക…!
ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്…
ഞാൻ മരിച്ചതറിയുമ്പോൾ
അല്പനേരത്തേക്ക് ആർത്തലച്ചേക്കാം നിന്നിൽ അണ പൊട്ടിയ ദുഃഖം…
അത് പിന്നീടൊരു കടലിന്റെ മൗനമായ് മാറും…
ഒരു തിരയുടെ ഖേദമായ് മാറും..
പിന്നീടതൊരു നിശ്വാസമാകും , ആകണം..
ഇനിയുള്ള ഓരോ മഴക്കോളിലും ഈ അമ്മയുണ്ടാകും….
ഇനിയിവിടെ
വീശുന്ന ഓരോ
ചെറു കാറ്റിലും
ഈ അമ്മയുണ്ടാകും…
കാരണം സ്വന്തം അമ്മയില്ലാത്ത ദുഃഖം
ആരേക്കാളും കൂടുതലറിഞ്ഞതാണീ അമ്മ…
പോട്ടേ മോളേ…
ഇനി നിൽക്കാൻ പറ്റില്ല…
നീന്തി നീന്തി കരയടുക്കുമ്പോഴേയ്ക്കും
പിന്നെയുമീ ഒഴുക്കിന്റെ ആഴങ്ങളിലേക്ക്
താണു താണു പോവുകയാണ്..
ഈ
അമ്മയ്ക്ക്
വിട തരൂ….