രചന : ബഷീർ അറക്കൽ ✍
പള്ളിപ്പറമ്പിലെ
ആറടി മണ്ണും
തൂവെള്ള തുണിയാൽ
പൊതിഞ്ഞൊരെന്നെ….!
ജനനം മുതൽക്കേ
കാത്തിരിപ്പാണ്
മൃത്തിൽ ലയിപ്പിച്ചു
മായ്ച്ചിടുവാൻ..
കുഴിമാടം തോണ്ടുന്ന
കൂട്ടരും തീർത്തിടും
കുഴിയൊന്നെനിയ്ക്കാ –
യൊരുനാളതിൽ…
മൈലാഞ്ചി ചെടിയും
വളർന്നിടുന്നെവിടെയോ
മീസാന്റെ ചാരത്തു
തണലേകിടാൻ…!
കാലത്തിൻ വികൃതി
പറിച്ചെടുത്തെന്നേയും
കാലയവനികക്കുള്ളിൽ
മറയുമ്പോൾ….
മരിച്ചാലും മായാത്ത
ജീവിത നാളുകൾ
കുറിച്ചിട്ടു പോകും
ഞാനീ വഴിത്താരയിൽ…
കാലങ്ങൾക്കപ്പുറം
നിന്നിൽ തെളിയുന്ന
ഓർമ്മയിൽ ഞാനന്നു –
മുണ്ടെങ്കിലായ് …!
ഹൃദയത്തിൽ തീർക്കെണം
സ്നേഹത്തിൻ ഗോപുരം
മായ്ച്ചാലും മായാത്ത
വർണങ്ങളാൽ….