സന്തോഷം മാത്രമല്ല വേദനിപ്പിക്കുന്ന നൂറായിരം കാര്യങ്ങളും ഭൂമീൽ ഉണ്ടത്രേ
അവനവനിലായാലും മറ്റുള്ളവരിലായാലും…!
ഇന്നലെ ആലപ്പുഴയിലെ ഒരു ബീച്ചിൽ നിന്നും മടങ്ങി വരാൻ നേരമാണ് ഒരു കയ്യിൽ ഒരു ചായക്കപ്പും മറുകയ്യിൽ ഒരു സഞ്ചി നിറയെ സാധനങ്ങളുമായി ഒരു അമ്മച്ചി എതിരെ വന്നത്.
എന്തേലും ഒന്ന് വാങ്ങുമോ’ ന്ന് ആ അമ്മച്ചി ചോദിച്ചപ്പോൾ ഞങ്ങൾ യാത്രക്കാരാണ്, അത്കൊണ്ട് ഇപ്പോഴൊന്നും വേണ്ട’ന്ന് പറഞ്ഞപ്പോൾ…
ആ കടക്കാരൻ ഫ്രീയായി തന്ന ഈ ചായയെല്ലാതെ ഇന്നൊന്നും കഴിച്ചില്ല മോളെ..
എന്തേലും ഒന്ന് വാങ്ങൂ…ന്ന്
അശ്രുകണങ്ങളോടെ …വീണ്ടുമവർ..
എല്ലാവരും ബസ്സിലേക്ക് കയറാൻ പോകുന്ന തിരക്കിലാണ്
ഇക്കയോട് one മിനിറ്റ് എന്ന്
പറഞ്ഞ് ഞാൻ അവരോടൊപ്പം അവിടെ കണ്ട ചെറുമരച്ചുവട്ടിൽ പാകിയ കൽ’ചുവട്ടിലിരുന്നു.
സഞ്ചിയിൽ എന്തെല്ലാം ഐറ്റങ്ങളാണ് ഉള്ളതെന്ന് ചോദിച്ചപ്പോൾ…
അത് വിവരിച്ച ശേഷം….അവർ വീണ്ടും ചാറി ഒരു കുഞ്ഞു ചാറ്റൽ മഴ പോലെ…
ആ കണ്ണീർ കഥയിൽ ….
പോരാട്ടങ്ങളുടെയും പ്രയാസങ്ങളുടെയും, പ്രായമായ ഒരു ജീവിതത്തിൻ്റെ ചെറു ആശങ്കകളോടൊപ്പം..
വീട്ടിൽ നിന്നും ഇറങ്ങിപ്പോയ രണ്ട് പെൺകുട്ടികള്, സുഖമില്ലാത്ത ഭർത്താവിനെ ശുശ്രൂഷിക്കാൻ ഏറെ സമയം ആവശ്യമായി വരുന്നതിനാൽ കച്ചവടം ചെയ്യാൻ വയ്യാത്ത അവസ്ഥ… !
അവരുടെ കണ്ണീർ എന്റെ മുന്നിൽ ഒരു ജാലകം തുറന്നിട്ട പോലെ…
വഹിച്ച ഭാരങ്ങളെ പ്രതിഫലിപ്പിക്കുന്നു !
ആ കണ്ണുനീർ മഴ വീണ്ടും വീണ്ടും കവിളിലേക്ക് ചാറി വരാതിരിക്കാൻ ഞാനവരെ ചേർത്ത് പിടിച്ചു.
അവരിൽ നിന്നും ഒരു പപ്പടക്കൂട് വാങ്ങി, ശേഷം…
ആ കരങ്ങളിലേക്ക് ആ സമയത്ത് പറ്റാവുന്നത്ര കരുണയും…പകർന്നു..
ദുഃഖത്തിൻ്റെ പ്രതീകമായി, ക്ഷീണിച്ച ആ ഹൃദയ കമലവും, മുഖ കമലവും ചെറുതായി തിളങ്ങി
അവരുടെ കുടുംബത്തിലെ ചിലർ മോളെപോലെയാണെന്നവർ പറഞ്ഞു.
ഉള്ളതിൽ നിന്നും എന്തേലും നുള്ളിത്തരും…
തികയില്ല എന്നാലും നല്ലവരാണ്..!
ഫോണ് ഇല്ലാത്ത അവർക്ക് തരാനൊരു നമ്പറില്ല..
ബാങ്ക് അകൗണ്ട് ഉള്ള അവർക്ക് അത് കാണാതെയും അറിയില്ല.
എന്നും കോണ്ടാക്ട് ചെയ്യാനോ.. മന്തിലി അയച്ചു കൊടുക്കാനോ… ഇറങ്ങിപ്പോയ പെൺ മക്കൾക്ക് പകരമാകാനോ അല്ല..
ജീവിതം ഒരുപാട് വേദനിപ്പിക്കുമ്പോൾ ഒരു കുഞ്ഞു കൈക്കുമ്പിളിൽ കോരിക്കൊടുക്കുന്ന നല്ലൊരു വാക്ക്
ഒരു തുള്ളി ഹിമകണം…!
ഇക്ക എന്നെ വിളിച്ചു തുടങ്ങിയിരിക്കുന്നു….
എന്ത് ചെയ്യണമെന്ന് ഇനിയും ആലോചിക്കാൻ സമയമില്ല.
ഉടൻതന്നെ അവരുടെ കൈ’യ്യും പിടിച്ചു തൊട്ടടുത്തുള്ള കടയിലേക്ക് നടന്നു
കടക്കാരോട്, ഈ ചേച്ചി അറിയാമോ എന്ന് ചോദിച്ചു
ചേച്ചി ഇടയ്ക്കിടെ വരാറുണ്ട് അതിനപ്പുറം ഒന്നും അറിയില്ല
അവർക്ക് അറിയാമെങ്കിൽ അവരുടെ നമ്പർ വാങ്ങി ഇക്കയെ കൊണ്ട് കോണ്ടാക്ട് ചെയ്യിക്കാം എന്ന് വിചാരിച്ചതും പൊളിഞ്ഞു.
കാത്ത് നില്ക്കുകയായിരുന്ന ഇക്ക വീണ്ടും വിളിച്ചു ഇപ്പോൾ ഒരല്പം അക്ഷമനായി
എല്ലാവരും ബസ്സിനരികിൽ…. ഞാനിവിടെയും..
എനിക്ക് കൂട്ടിന് ബാബുസാറിന്റെ വൈഫുണ്ടായിരുന്നു..
ഇപ്പോൾ അവരുടെ മുഖം…
എന്നാൽ മോള് പൊയ്ക്കോളൂ എന്നായി..
ഒരു കുഞ്ഞു പ്രാർത്ഥന പോലെ…
അത് കണ്ടപ്പോൾ….
അമ്മച്ചിയുടെ ഒരു ഫോട്ടോ ഞാൻ പകർത്തുന്നു..ട്ടോ വിഷമിക്കേണ്ട ദൈവം കൂടെയുണ്ടാകും..
ഒരു കുഞ്ഞ് തെളിച്ചത്തോടെ അവർ നോക്കി നിൽക്കുമ്പോൾ ഫോട്ടോ പകർത്തി ബസ്സിനരികിലേക്ക്…
ഇന്നുച്ചയ്ക്ക് അവരുടെ കയ്യിൽ നിന്നും വാങ്ങിയ ആ പപ്പടം കൂട്ടി ചോറ് തിന്നപ്പോൾ ഒരു കുഞ്ഞു ഗദ്ഗദം.!
എഴുതിവരുമ്പോൾ ഒരു കുഞ്ഞു ചാറ്റൽ മഴയും…!
ദൈവമേ….എല്ലാവർക്കും ,എല്ലാത്തിനും നീ തന്നെ തുണ…! !
*ഈ അമ്മയെ അറിയുന്നവരുണ്ടെങ്കിൽ പറയുമല്ലോ..☺️

By ivayana