അമ്മയുടെ
മരണവുമായി ബന്ധപ്പെട്ട്
എന്നെ
വിചാരണ ചെയ്തുകൊണ്ടിരിക്കയാണ്.
തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾ.
ഞാനാവും വിധം
തെളിവുകൾ നിരത്തുന്നുണ്ട്
മറുപടി തൃപ്തികരമല്ലാത്തിനാൽ
ചോദ്യങ്ങൾ
ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു
ഞാനിപ്പോഴും കോടതിയിലാണ്.
വാദിയും പ്രതിയും ഞാൻ തന്നെയാണെന്ന്
വിശ്വസിക്കാനാവുന്നില്ല
ചിന്തിക്കും തോറും
ഞാനൊരാൾ വേറിട്ടു പോകുന്നു.
അമ്മ മരിക്കുമ്പോൾ
നീയെവിടെയായിരുന്നു
ഒന്നു കാണാൻ അവരാഗ്രഹിച്ചിരുന്നു
അമ്മയുടെ മരണവും
അനുബന്ധ ചടങ്ങുകളും
ജീവിതം മുഴുവൻ
വേട്ടയാടാൻ പാകത്തിലാണ് നിൽക്കുന്നത്.
വീട് വിട്ടിറങ്ങുന്നു
നാട് വേണ്ടെന്ന് വെക്കുമ്പോൾ
മേൽവിലാസം നഷ്ടമാകും.
അതിനപ്പുറമല്ലേ
അവനവനെത്തന്നെ
വിശ്വാസത്തിലെടുക്കാൻ
കഴിയാതെ പോകുന്നത്.

അഹ്‌മദ് മുഈനുദ്ദീൻ.

By ivayana